by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
പാലോട്: അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനത്തിൻ്റെ ഭാഗമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂളിൽ അറബിക് ഭാഷാ സെമിനാർ സംഘടിപ്പിച്ചു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ദ് അക്കാദമി അധ്യപകൻ ജസീൽ അൻസാരി കലയപുരം സെമിനാർ ഉദ്ഘാടനം ചെയ്തു.
റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജമനിസാ ബീഗം, എസ്.എം.സി. വൈസ് പ്രസിഡന്റ് സഫീർഖാൻ, രാഗേഷ് തമ്പി, ജാരിയാ മോൾ, ആൻസി പി.സി, അൻസാറുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കോഴിക്കോട്: വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രാസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
കേസില്‍ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.
വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി ഷെജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തി.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു.
രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബര്‍ വരെ കുടിശികയുണ്ടെന്ന് മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സര്‍ഗ നല്‍കുന്ന കാനം രാജേന്ദ്രന്‍ സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വാ അര്‍ഹമായി. 11111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍, എസ് ബിനുരാജ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വേണാടിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകള്‍, ആരും അറിയാത്ത കഥകള്‍ എന്നിവ അത്യപൂര്‍വമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയില്‍ നോവല്‍ അവതരിപ്പിച്ചതായി സമിതി വിലയിരുത്തി.
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. പേരാള്‍, പത യു/എ, എന്നീ കഥാ സമാഹാരങ്ങളും ‘എതിര്‍വാ’യ്ക്ക് പുറമേ ആനന്ദ ലീല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
by Midhun HP News | Dec 19, 2024 | Latest News, ജില്ലാ വാർത്ത
ഗവ:സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ എട്ടാമത് സിദ്ധ ദിനം ആചരിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭയിൽ മികച്ച ആരോഗ്യ സേവനം കാഴ്ചവച്ചതിന് ഗവ.സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി വിജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് “പൊതുജനാരോഗ്യം സിദ്ധയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വി. ബി വിജയകുമാർ ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, എച്ച്.എം.സി സീനിയർ അംഗം മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സിദ്ധ വർമ്മ മെഡിക്കൽ ഓഫീസർ ഡോ. ദേവിക.പി.എസ് നന്ദി പ്രകാശനം നടത്തി.
Recent Comments