വിനീതിന്റെ ആത്മഹത്യക്ക് പിന്നില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സഹോദരന്‍

വിനീതിന്റെ ആത്മഹത്യക്ക് പിന്നില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സഹോദരന്‍

മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് അജിത്തിനെതിരെ വിനീതിന്റ കുടുംബം. എസിയുടെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപില്‍ നിന്ന് സഹപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണപ്പോള്‍ അയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ എസി സമ്മതിച്ചില്ല. അതിന് പിന്നാലെ അജിത് കുമാറിനെതിരെ വിനീത് കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം വൈരനിര്യാതനബുദ്ധിയോടെയാണ് എസി പെരുമാറിയതെന്നും നിരന്തരമായി ബുദ്ധിമുട്ടിച്ചെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉറങ്ങാന്‍ പോലും അവനെ അനുവദിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലെ ബാത്ത് റൂമിന്റെ ഡോറിന് മുന്നിലാണ് കിടത്തിയതെന്നും സഹോദരന്‍ പറഞ്ഞു. 13വര്‍ഷമായി എസ്ഒജിയായി വിനീത് ജോലി ചെയ്തിരുന്നു. അവിടെയൊന്നും വിനിതിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അരീക്കോടെ ക്യാംപില്‍ എത്തിയപ്പോഴാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും സഹോദരന്‍ പറഞ്ഞു. അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അജിത്തിനെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തില്‍ താത്പര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.

വിനീതിന്റെ ആത്മഹത്യക്ക് പിന്നാലെ എസി അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍ രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

സുനീഷിന്റെ മരണത്തില്‍ വിനീത് എസി അജിത്തിനെതിരെ ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വിനീതിന്റെ മരണം അന്വേഷിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞത്.

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: നഗരസഭ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി.എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.

നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡല്‍ഹി: കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍.

പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടിയുടെ ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന്

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടിയുടെ ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-121 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരൂരിൽ വിറ്റ FC 728408 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ FG 390551 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. 50 രൂപയാണ് ടിക്കറ്റ് വില.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്ന് വന്ന യുവാവിന്

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബായില്‍ നിന്ന് വന്ന യുവാവിന്

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇരുവരും ഇതുവരെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.