വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്.

അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (UNECE) ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷൻ കോഡ് ടിആർവി എന്നതാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം പോർട്ട് അതിനായി അപേക്ഷ നൽകുകയായിരുന്നു. കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. പുതിയ കോഡിനു യുഎൻഇസിഇ ഇന്ന് അംഗീകാരം നൽകിയെന്നും നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ഇനി IN TRV 01 ലോക്കേഷൻ കോഡാണ് ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് കൂടുതല്‍ ശക്തമായത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി; അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒറ്റയാന്‍

തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി; അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒറ്റയാന്‍

അതിരപ്പിള്ളി: അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തി തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി കാട്ടാന. ഇന്ന് രാവിലെ 7.30നാണ് ഏഴാറ്റുമുഖം ഗണപതി എന്ന ആന ഇവിടെ എത്തിയത്.

എണ്ണപ്പനകള്‍ മറിച്ച് തിന്നുന്നത് അടക്കമുള്ള വ്യാപകമായ പരാതികള്‍ ആനയ്‌ക്കെതിരെയുണ്ടെങ്കിലും ആരേയും ആക്രമിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഈ ഒറ്റയാനോട് പ്രിയമാണ്. പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ആന എത്തുന്നതും റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌റ്റേഷന്‍ വളപ്പിലെത്തിയ ആനയുടെ ദൃശ്യങ്ങള്‍ പൊലീസുകാരും ഫോണില്‍ പകര്‍ത്തി. സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പിന്നീട് തുരത്തി. ഇന്നുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും കൃഷിത്തോട്ടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നതിനാല്‍ ആന നാട്ടുകാര്‍ക്ക് ശല്യമാണ്.

കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി, 120 കോടി ഇളവ് പരിഗണിക്കാന്‍ നിര്‍ദേശം

കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി, 120 കോടി ഇളവ് പരിഗണിക്കാന്‍ നിര്‍ദേശം

കൊച്ചി: മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഈ ബില്ലുകള്‍ പെട്ടെന്ന് എങ്ങനെ വന്നുവെന്ന് കോടതി ചോദിച്ചു. ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ലാണ്. ഇതില്‍ ഇളവ് നല്‍കാനും, ആ തുക വയനാട് പുനരധിവാസത്തിന് ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൂടേയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ആകെയുള്ള 782.99 കോടി രൂപയില്‍ 2006, 2016, 2017 വര്‍ഷങ്ങളില്‍ എയര്‍ലിഫ്റ്റിങ് സേവനങ്ങളുടെ കുടിശ്ശിക ഇനത്തില്‍ ഏകദേശം 120 കോടി രൂപയും, മറ്റ് ബില്ലുകളിലായി 60 കോടി രൂപയും കേന്ദ്രത്തിന് നല്‍കാനുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതടക്കം നേരത്തെ അനുവദിച്ചതു കഴിച്ച് സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ കഴിയുന്നത് 61.03 കോടി മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അപ്പോഴാണ് 120 കോടിയുടെ കുടിശ്ശിക ഇളവ് ചെയ്തുകൂടേയെന്ന് കോടതി ആരാഞ്ഞത്.

എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി, 120 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതും, ഈ തുക പുനരധിവാസ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് നീതിയുക്തമായ കാര്യത്തിനു വേണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒക്ടോബറിലാണ് എയര്‍ലിഫ്റ്റ് ചാര്‍ജായി 132 കോടി രൂപയുടെ ബില്‍ അയച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം ആവശ്യപ്പെട്ട് ബില്‍ കുടിശ്ശികയില്‍ 100 കോടിയിലേറെ 2018 ലെ പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിലെ എയര്‍ലിഫ്റ്റിങ് ചാര്‍ജാണ്. ഈ വര്‍ഷം ജൂലൈ 30 ന് ഉണ്ടായ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 13 കോടി രൂപയുടെ ബില്‍ മാത്രമാണുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ ഇപ്പോള്‍ 60 കോടി രൂപയുണ്ടെന്നും, 120 കോടി രൂപ കുടിശ്ശിക ഇളവ് കേന്ദ്രം അനുവദിച്ചാല്‍, വയനാട് പുനരധിവാസത്തിന് അടിയന്തരമായി വിനിയോഗിക്കാന്‍ 180 കോടി രൂപയുണ്ടാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. 120 കോടി രൂപ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും, പുനരധിവാസത്തിനായി 180 കോടി രൂപ വിനിയോഗിക്കാന്‍ എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.

മേല്‍പ്പറഞ്ഞ തുക വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നതിനായി ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് ജനുവരി 10 ലേക്ക് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. അതിനു മുമ്പ് ബില്ലുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങളില്‍ വരുത്താവുന്ന വരുത്താവുന്ന ഇളവുകള്‍ സംബന്ധിച്ച് നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ എയര്‍ലിഫ്റ്റിങ് ചാര്‍ജ് ഈടാക്കാനുള്ള നടപടിയെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റേത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

സൗജന്യമായി നല്‍കും; സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

സൗജന്യമായി നല്‍കും; സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

മോസ്‌കോ: സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.

നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നും 2025ന്റെ ആദ്യം വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. വാക്സിന്‍ ട്യൂമര്‍ വളര്‍ച്ചയെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.

കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. ‘നമ്മള്‍ ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്‌സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു’ എന്നും പുടിന്‍ അറിയിച്ചിരുന്നു.