എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.

എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.

വിജിലന്‍സ് അന്വേഷണം നേരിടുന്നത് പ്രമോഷന്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. സര്‍വീസ് ചട്ടപ്രകാരം ഒരാള്‍ സസ്‌പെന്‍ഷനിലാകുകയോ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലോ മാത്രമാണ് തുടര്‍ സ്ഥാനക്കയറ്റത്തില്‍ നിന്നും പരിഗണിക്കാതിരിക്കൂ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്‌റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോ ഡ്രൈവറായ അഷ്‌റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്‌റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഇതിനു കാരണം ഭാര്യാപിതാവായ അഷ്‌റഫ് ആണെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിനോട് പറഞ്ഞത്. സജീര്‍ മുമ്പും വധഭീഷണി മുഴക്കുകയും അഷ്‌റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.

ത്രില്ലര്‍ ‘തുടങ്ങും മുന്‍പേ’ മഴയെത്തി; ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍

ത്രില്ലര്‍ ‘തുടങ്ങും മുന്‍പേ’ മഴയെത്തി; ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍

ബ്രിസ്‌ബെയ്ന്‍: മഴ രസംകൊല്ലിയായ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് ഒടുവില്‍ സമനിലയില്‍ അവസാനിച്ചു. 275 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങി അധികം വൈകാതെ തന്നെ മഴ കളി മുടക്കി. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മഴ എത്തി. ഇതോടെ ഫല പ്രതീക്ഷയില്ലാത്ത മത്സരം അവസാനിപ്പിച്ചു.

യശസ്വി ജയ്സ്വാള്‍ (4), കെഎല്‍ രാഹുല്‍ (4) എന്നിവര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മോശം വെളിച്ചവും മഴയും കാരണം ടീ ബ്രേക്ക് എടുത്തു. എന്നാല്‍ മഴ മാറാതെ നിന്നതോടെ മത്സരം തുടരേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇന്നിങ്സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച മത്സരത്തില്‍ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്‌ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇന്നിങ്‌സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ ഹെഡ്(17), അലക്‌സ് കറെ(20),കമ്മിന്‍സ്(22) എന്നിവരാണ് ഓസീസിനായി ഭേദപ്പെട്ട റണ്‍സ് നേടിയത്.

ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സിന് അവസാനിച്ചിരുന്നു. രാഹുലിന്റെയും(84) ജഡേജയും(77), 31 റണ്‍സെടുത്ത ആകാശ് ദീപിന്റെയും ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.