by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ കലാസാംസ്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷൻ ‘വർണ്ണ ജ്വാല’ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി അങ്കണത്തിൽ ഇന്നു ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 12 വരെ സംഘടിപ്പിക്കുന്നു.
ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അധ്യക്ഷയാകും. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ, കവിതാ റാണി രഞ്ജിത്ത്, തസ്നിബീഗം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
by Midhun HP News | Dec 16, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് മാറ്റമില്ല. 57,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 7140 രൂപ നല്കണം.
ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില് എത്തി. തുടര്ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്ന്ന് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തിലേക്കും സ്വര്ണവില എത്തി. പിന്നീട് ആയിരം രൂപയില്പ്പരമാണ് കുറഞ്ഞത്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
ബ്രിസ്ബെയ്ന്: ഗാബ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ഒന്നാമിന്നിങ്സില് 445 റണ്സിന് പുറത്ത്. ഓസീസ് വിക്കറ്റ് കീപ്പര് അലക്സ് കാരി അര്ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര് റെഡ്ഡി എന്നിവര് ഓരോ വിക്കറ്റ് വീതവും നേടി.
മൂന്നാം ദിനം 7 വിക്കറ്റിന് 405 റണ്സെന്ന നിലയില് കളിയാരംഭിച്ച ഓസീസിന് മിച്ചല് സ്റ്റാര്ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 18 റണ്സെടുത്ത സ്റ്റാര്ക്കിനെ ബുംറയുടെ പന്തില് ഋഷഭ് പന്ത് പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ നതാന് ലിയോണ് രണ്ടു റണ്സെടുത്ത് മടങ്ങി. സിറാജിനാണ് വിക്കറ്റ്. ഒരറ്റത്ത് പിടിച്ചു നിന്ന അലക്സ് കാരിയെ ആകാശ് ദീപാണ് പുറത്താക്കിയത്. അലക്സ് കാരി 70 റണ്സെടുത്തു.
നേരത്തെ സ്റ്റീവന് സ്മിത്തിന്റെയും ട്രാവിഡ് ഹെഡിന്റെയും തകര്പ്പന് സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്കോര് നേടിക്കൊടുത്തത്. സ്മിത്ത് 101 റണ്സെടുത്തപ്പോള്, ഹെഡ് 152 റണ്സെടുത്തു. ഹെഡിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ്. ടെസ്റ്റില് തുടര്ച്ചയായ രണ്ടാം സെഞ്ച്വറിയും ഇന്ത്യയ്ക്കെതിരായ മൂന്നാം സെഞ്ച്വറിയുമാണ്. കരിയറിലെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. സ്മിത്ത്-ഹെഡ് സഖ്യം നാലാംവിക്കറ്റില് 241 റണ്സാണ് നേടിയത്.
ഇന്ത്യയ്ക്കായി യശസ്വി ജെയ്സ്വാളും കെ എല് രാഹുലും ചേര്ന്നാണ് ഇന്നിങ്സ് ഓപ്പണ് ചെയ്തത്. എന്നാല് തുടക്കത്തിലേ തന്നെ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആറു രണ്സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള് നഷ്ടമായി. നാലു റണ്സെടുത്ത യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തില് ബൗണ്ടറി നേടിയായിരുന്നു ജെയ്സ്വാളിന്റെ തുടക്കം. രണ്ടാം പന്തില് മിച്ചല് സ്റ്റാര്ക്ക് ജെയ്സ്വാളിനെ പുറത്താക്കി. പിന്നാലെയെത്തിയ ശുഭ്മാന് ഗില് ഒരു റണ്സെടുത്ത് പുറത്തായി. സ്റ്റാര്ക്കിന് തന്നെയാണ് വിക്കറ്റ്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള് കുറയ്ക്കാനുള്ള കര്മ്മ പരിപാടികള് തയ്യാറാക്കാന് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്ലൈന് ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്, റെയ്ഞ്ച് ഡിഐജിമാര്, ഐജിമാര് തുടങ്ങിയവര് യോഗത്തില് സംബന്ധിക്കും. റോഡ് അപകടങ്ങള് കുറയ്ക്കാന് ഗതാഗതവകുപ്പുമായി ചേര്ന്ന് രാത്രിയും പകലും പരിശോധന കര്ശനമാക്കാന് തീരുമാനിച്ചിട്ടുണ്ട്.
വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിക്കുന്നതും തടയാന് പ്രത്യേക കോമ്പിംഗ് ഓപ്പറേഷന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും നാളെ ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില് പൊലീസ്, മോട്ടോര്വാഹന, പൊതുമരാമത്ത് വകുപ്പുകള്, ദേശീയപാത അതോറിട്ടി, കെഎസ്ഇബി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര് സംബന്ധിക്കും.
അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന് ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തില് സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്ട്ട് ഇന്ന് ജില്ലാ കലക്ടര്ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയന്, ചുവന്ന സിഗ്നല് ഫ്ളാഷ് ലൈറ്റുകള്, വേഗത കുറയ്ക്കാന് ബാരിയര് റിമ്പിള് സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റോഡില് മിനുസം മാറ്റി പരുക്കനാക്കുക തുടങ്ങിയവയാണ് പ്രധാന നിര്ദേശം. ഗതാഗത മന്ത്രി സ്ഥലം സന്ദര്ശിച്ചശേഷം നല്കിയ നിര്ദേശങ്ങളും റിപ്പോര്ട്ടില് ഉള്പ്പെടുത്തും.
by Midhun HP News | Dec 16, 2024 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്: ലോക പ്രശസ്ത തബല വാദകന് സാക്കീര് ഹുസൈന് അന്തരിച്ചു. സാന്ഫ്രാന്സിസ്കോയിലെ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്ന്ന് ഐസിയുവില് പ്രവേശിപ്പിക്കുകയായിരുന്നു.
1951ല് മുംബൈയിലാണ് സാക്കിര് ഹുസൈന്റെ ജനനം. 12-ാം വയസ് മുതല് കച്ചേരികള് അവതരിപ്പിക്കാന് തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്ഡ് ‘ദി ബീറ്റില്സ്’ ഉള്പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല് യുണൈറ്റഡ് നാഷണല് എന്ഡോവ്മെന്റ് ഫോര് ആര്ട്സ് നാഷണല് ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്മാര്ക്കും സംഗീതജ്ഞര്ക്കും നല്കുന്ന ഏറ്റവുമുയര്ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്, പത്മവിഭൂഷണ് പുരസ്കാരങ്ങള് നല്കി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിര് ഹുസൈന് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല് മ്യൂസിക്ക് പെര്ഫോമന്സ്, മികച്ച കണ്ടംപററി ഇന്സ്ട്രുമെന്റല് ആല്ബം, മികച്ച ഗ്ലോബല് മ്യൂസിക് ആല്ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര് ആന്റ് മിസിസ് അയ്യര്, വാനപ്രസ്ഥം എന്നിവയുള്പ്പെടെ ഏതാനും സിനിമകള്ക്ക് സംഗീതം നല്കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്ഫക്റ്റ് മര്ഡര്, മിസ് ബ്യൂട്ടിസ് ചില്ഡ്രന്, സാസ് എന്നീ ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. കഥക് നര്ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്.
ജനിച്ചപ്പോള് മുതല് സാക്കിര് ഹുസൈന്റെ കാതുകളില് നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്. അച്ഛന്റെ കൈപിടിച്ച് സംഗീത ലോകത്തേക്ക് ചുവടുവച്ചു. വിരലുകള് കൊണ്ട് തബലയില് തീര്ത്ത മാന്ത്രികത അദ്ദേഹത്തെ ലോകത്തിന്റെ ഉസ്താദാക്കി. അഞ്ച് ഗ്രാമി അവാര്ഡുകള് സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുന്നില് ഇന്ത്യന് സംഗീതത്തിന് അഭിമാനമായി മാറി.
സാന്ഫ്രാന്സിസ്കോ ആശുപത്രിയില് വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര് ഹുസൈന്റെ അന്ത്യം. ഗുരുതരാവസ്ഥയില് ആശുപത്രിയിലായ സാക്കിര് ഹുസൈന് മരിച്ചതായി വാര്ത്തകള് പ്രചരിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. തുടര്ന്ന് രാവിലെയോടെ കുടുംബം തന്നെയാണ് മരണവാര്ത്ത സ്ഥിരീകരിച്ചത്.
Recent Comments