മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ

മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ

ആലപ്പുഴ: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.

താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പിവി സന്തോഷ്‌കുമാര്‍ ഹാജരായി.

‘സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ 1930 ലേക്ക് വിളിക്കാം’

‘സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ 1930 ലേക്ക് വിളിക്കാം’

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് കേരള പൊലീസ് സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെയ്ക്കുന്നത്. വീഡിയോകളായും സന്ദേശങ്ങളായും ജനങ്ങൾക്ക് ആവശ്യമായ സൈബർ തട്ടിപ്പ് മുന്നറിയിപ്പുകളാണ് കേരള പൊലീസ് തങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പങ്കുവെയ്ക്കാറുള്ളത്. മികച്ച പ്രതികരണങ്ങളും ഇതിനു ലഭിക്കാറുണ്ട്.

ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം സെലിബ്രിറ്റികൾ ഉൾപ്പടെ വ്യക്തമാക്കുന്ന വീഡിയോകളും റീലുകളും കേരള പൊലീസ് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഷോർട് ഫിലിമുകളും കേരള പൊലീസിന്റെ പേജുകളിൽ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ അവതാരകയും നടിയുമായ പേർളി മാണി ചെയ്ത ഒരു വീഡിയോ ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനും അത്തരത്തിൽ എന്തെങ്കിലും തട്ടിപ്പിന് ഇരയായാൽ സൈബർ പോലീസിനെ അറിയിക്കാനുമായി ബന്ധപെട്ട ഒരു വീഡിയോ ആണ് മുന്നറിയിപ്പ് പോലെ പേർളി മാണി ചെയ്തിരിക്കുന്നത്.’ സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലേക്ക് വിളിച്ച് സൈബർ പൊലീസിനെ അറിയിക്കുക’ എന്നാണ് പേർളിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേരള പൊലീസ് കുറിച്ചത്.

29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

തിരക്കാഴ്ചയ്ക്ക് കണ്ണുതുറക്കാൻ ദിവസങ്ങൾ മാത്രം. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 13ന് തുടക്കമാകും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഉൾപ്പെടുന്നതാണ് 29ാമത് അന്താരാഷ്ട്ര ചലചിത്ര മേള.ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയുടെ മുഖ്യ വേദി ടാഗോർ തീയ്യേറ്ററാണ്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയുടെ ഭാഗമാകും. ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും.

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും കോടതിയുടെ ഇടക്കാല ഉത്തരവ്.

സോപാനത്തിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ, പ്രായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഇന്ന് തന്നെ നൽകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല

ജസ്റ്റിസ് ഹേമ കമ്മിറ്റി കൈമാറിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനാൽ ഇന്ന് ഉത്തരവ് പുറത്തിറക്കില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്

നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാ​ഗങ്ങൾ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.