പത്തുമാസത്തിനുശേഷം ട്വിസ്റ്റ്; വടകരയില്‍ ഒന്‍പതുകാരിയെ ഇടിച്ചിട്ട കാര്‍ കണ്ടത്തെി

പത്തുമാസത്തിനുശേഷം ട്വിസ്റ്റ്; വടകരയില്‍ ഒന്‍പതുകാരിയെ ഇടിച്ചിട്ട കാര്‍ കണ്ടത്തെി

കോഴിക്കോട്: കോമാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഒന്‍പതുകാരി ദൃഷ്യാനയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിനുശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായി എസ്പി പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ് പി പറഞ്ഞു.

ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണസംഘമാണ് അന്വേഷണം നടത്തിയത്. 40കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു. കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക ക്ലൂ. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011-2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്‌ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തിയെന്ന് എസ്പി പറഞ്ഞു.

2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തി. അപകടസമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടത്തെി. അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും എസ്പി പറഞ്ഞു. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഫെബ്രുവരി 17 ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു

ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു

ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ തുടങ്ങിയ ദിവസം ജീവനൊടുക്കി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2021ല്‍ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടില്‍ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച കേസിന്റെ വിചാരണ വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല.ഇയാളെ തേടി ഇന്നലെ അര്‍ധരാത്രി പൊലിസ് എത്തിയപ്പോഴാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.

കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂർ പാനൂരിൽ സ്ഫോടനം; റോഡിൽ കുഴി രൂപപ്പെട്ടു; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായി. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തുംചാലിൽ സ്ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന് പിന്നിലാരാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണം, നിയമോപദേശം തേടി അല്ലു അർജുൻ

പുഷ്പ 2 റിലീസ് തിരക്കിലെ മരണത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി അല്ലു അർജുൻ. സംഭവത്തില്‍ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്ന് സിനിമയുടെ നിർമാതാക്കള്‍ അറിയിച്ചു.

മരിച്ച രേവതിയുടെ കുടുംബത്തിന് സാധ്യമായ എന്ത് പിന്തുണയും നൽകുമെന്നും അവര്‍ വ്യക്തമാക്കി.മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

പുഷ്പ ദ റൈസ് എന്ന ചിത്രം കണ്ടത് മുതല്‍ അഞ്ച് വയസുകാരനായിരുന്ന ശ്രീ തേജും അമ്മ രേവതിയും അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ കടുത്ത ആരാധകരായി. പക്ഷെ പ്രിയ താരത്തിന്‍റെ ഇഷ്ടചിത്രം കാണാനുള്ള തീരുമാനം തന്‍റെ ജീവനാണ് കവരാന്‍ പോകുന്നത് എന്ന് രേവതിക്ക് അറിയില്ലായിരുന്നു.

പുഷ്പ എന്ന ചിത്രത്തിനോടുള്ള ഇഷ്ടം കൊണ്ട് ഒന്‍പത് വയസുള്ള മകന്‍ ശ്രീ തേജിനെ രേവതി 32 കാരിയായ രേവതി വിളിക്കുന്നത് പുഷ്പ എന്നാണ്. ഭര്‍ത്താവ് മൊഗഡാന്‍പ്പള്ളി ഭാസ്കറിനും ശ്രീതേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനിയായ രേവതി തീയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തീയറ്ററിന് അടുത്തുള്ള ബന്ധുക്കളുടെ വീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി.

ആ സമയത്താണ് പ്രീമിയര്‍ കാണുവാന്‍ അല്ലു അര്‍ജുന്‍ തീയറ്ററിലേക്ക് എത്തിയത് 9.30-യ്ക്ക് ആർടിസി ക്രോസ് റോഡിലേക്ക് അല്ലു അർജുന്റെ വാഹനം എത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സാഹചര്യം വഷളാക്കി തിക്കും തിരക്കും ഉണ്ടാക്കി.

ഇതോടെയാണ് അതിനിടയില്‍ ശ്രീ തേജും രേവതിയും പെട്ടത്. ശ്രീതേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത് പിന്നാലെ ഇവരെ ചതച്ചരയ്ക്കുന്ന നിലയില്‍ ജനക്കൂട്ടം അവര്‍ക്ക മുകളിലൂടെ കടന്നുപോയി.

സിദ്ധാർഥന്റെ ആത്മഹത്യ; 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

സിദ്ധാർഥന്റെ ആത്മഹത്യ; 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്.

പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാ​ഗിങ് സ്ക്വാഡിനു ഹൈക്കോടതി നിർദ്ദേശം നൽകി. വിദ്യാർഥികൾക്കു മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കി. വിദ്യാർഥികൾക്കു മണ്ണുത്തിൽ പഠനം തുടരാൻ അവസരം നൽകണമെന്നും എന്നാൽ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം.

കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹർജിക്കാരിൽ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാൽ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.

യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാർഥികൾ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വിദ്യാർഥികളിൽ ഓരോരുത്തർക്കുമെതിരെയുള്ള കുറ്റങ്ങൾ വ്യക്തമാക്കി വേണം നോട്ടീസ് നൽകാൻ. കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ധാർഥനെ തൂങ്ങി മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്സിന്റേയും പീഡനവു റാ​ഗിങും മൂലം സിദ്ധാർഥൻ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്.

സ്വാഭീവിക നീതി ഉറപ്പാക്കിക്കൊണ്ടുള്ള സുതാര്യമായ അന്വേഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഹർജിക്കാർക്ക് എതിരേയുള്ള ആരോപണങ്ങളിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും മറിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാൻ സാധ്യമായ അവസരം അവർക്കു നൽകുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ 97 സാക്ഷി മൊഴികളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ച ആന്റി റാ​ഗിങ് സംഘത്തിന്റെ നടപടി അഭിനന്ദനം അർഹിക്കുന്നു. അവരുടെ തെറ്റുകൾ കണ്ടുപിടിക്കലല്ല മറിച്ച് 7 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദ്ദത്തിലായിരുന്നു അവർ. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ സമ്മർദ്ദങ്ങളും അവർക്കുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയപ്പോൾ സ്വാഭാവിക നീതയുടെ നിഷേധം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താൻ ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.