ഇരുട്ടടിയാകുമോ?; വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും

ഇരുട്ടടിയാകുമോ?; വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.

കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വൈദ്യുതി നിരക്കിൽ സൗജന്യം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് മൂന്നുവര്‍ഷത്തെ നിരക്ക് വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണമെന്നാണ് നിര്‍ദ്ദേശം. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന ആവശ്യവും കെഎസ്ഇബി മുന്നോട്ടു വെച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; യാത്രക്കാരിക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്. കല്ലറ മരുതമണ്‍ ജങ്ഷന് സമീപം ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്.

പരിക്കേറ്റ ഷൈജലയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. ഒഴിഞ്ഞ സീറ്റ് കണ്ട് അതില്‍ ഇരിക്കാന്‍ പോകുമ്പോഴായിരുന്നു തെറിച്ച് റോഡിലേക്ക് വീണത്. ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണവില കുറഞ്ഞു; 57,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 57,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയായി.

രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കൂടിയിരുന്നു. 80 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റ്: 57 കോടി അടിച്ച ടിക്കറ്റ് അരവിന്ദിന് സൗജന്യമായി ലഭിച്ചത്

അബുദാബി ബിഗ് ടിക്കറ്റ്: 57 കോടി അടിച്ച ടിക്കറ്റ് അരവിന്ദിന് സൗജന്യമായി ലഭിച്ചത്

അബുദാബി: 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് സൗജന്യമായി ലഭിച്ചത്. രണ്ട് ടിക്കറ്റ് വാങ്ങിയാല്‍ നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്ന ഓഫറില്‍ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഷാര്‍ജയില്‍ താമസിക്കുന്ന അരവിന്ദന് ഭാഗ്യം കൊണ്ടുവന്നത്.

സെയില്‍സ്മാനായിരുന്ന അരവിന്ദിന് നിലവില്‍ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജോലി അന്വേഷണം തുടരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിന് സമ്മാനം അടിച്ചത്. ഈ മാസം 3ന് നടന്ന നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പില്‍ ഇവര്‍ക്ക് ആകെ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നു.

സമ്മാനം നേടിയ വിവരം സുഹൃത്താണ് ഫോണിലൂടെ വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബിഗ് ടിക്കറ്റ് ടീം അരവിന്ദിനെ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണെന്ന് പറഞ്ഞു. ഇനി താങ്കള്‍ക്ക് ഒരു ഷോപ്പ് സ്വന്തമാക്കാം എന്നായിരുന്നു അധികൃതര്‍ തമാശരൂപേണയുള്ള വാക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ഇതുപോലൊരു വലിയ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അരവിന്ദ് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്താണ് ദൈവം അനുഗ്രഹം ചൊരിഞ്ഞത്. ഞാന്‍ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ജോലി ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഭാര്യക്ക് ജോലിയുള്ളതുകൊണ്ടാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. കുറച്ച് ബാങ്ക് വായ്പകളുണ്ട്. സമ്മാനത്തുക കൊണ്ട് അത് അടച്ച് ബാക്കിയുള്ളത് ഭാവിയിലേക്ക് നീക്കിവയ്ക്കുമെന്നും അരവിന്ദ് പറഞ്ഞു.

ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം നടന്നു

ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം നടന്നു

ആറ്റിങ്ങൽ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുൽദാസ്.

കഴിഞ്ഞ കാലങ്ങളിൽ ഈഴവ മഹാ ഭൂരിപക്ഷ പ്രദേശങ്ങളിലും സമുദായ അംഗങ്ങളെ ഒഴിവാക്കി സീറ്റുകൾ വീതം വെയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായ എതിർക്കുമെന്നും, ഇതിൻ്റെ മുന്നോടിയായി സംഘടന തലത്തിൽ കുടുംബ സംഗമങ്ങൾ നടത്തി ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ദീപു പാണാച്ചേരി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളി മുക്ക് സംഘടനാ സന്ദേശം നൽകി. കൗൺസിലർമാരായ സുധീർ . കെ, എസ് സുജാതൻ, റോയൽ അജി, അജു കൊച്ചാലുംമൂട്, ഷാജി .സി, ബി കെ സുരേഷ് ബാബു, യൂത്ത്മൂവ്മെൻ്റ് ജോയിൻ്റ് സെക്രട്ടറിമാരായ ജയപ്രസാദ്, റോയ് പാൽ, അഭിലാഷ് ദിനേശ്, സൂരജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഊരു പൊയ്ക നന്ദിയും പറഞ്ഞു.