കെ റെയില്‍ ഭാവി കേരളത്തിനുള്ള ഈടുവെയ്പ്; മുഖ്യമന്ത്രി

കെ റെയില്‍ ഭാവി കേരളത്തിനുള്ള ഈടുവെയ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനും സ്മാര്‍ട്ട് സിറ്റി പദ്ധതിയും വ്യവസായ ഇടനാഴികളും ദേശീയപാത വികസനവുമൊക്കെ ഭാവി കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനകാലഘട്ടത്തിന് അനുസൃതമായ പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്ക്കാര്‍. കിഫ്ബി വഴി 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുമായി കൂട്ടിചേര്‍ക്കപ്പെടുന്ന ഐടി കോറിഡോര്‍, കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള സില്‍വര്‍ ലൈന്‍ ഇത്തരം കാര്യങ്ങളെല്ലാം ഭാവി കേരളത്തിനായുള്ള ഈടുവെയ്പുകളാണ്. ഈയൊരു ഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം പോരാ, അവ സുസ്ഥിരമാകുക കൂടി വേണം എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ എംഡി അജിത് കുമാര്‍, റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പോസ്റ്റീവ് ആയിരുന്നെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കെ റെയില്‍ എംഡി അജിത് കുമാര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയിലൂടെ ലക്ഷ്യമിട്ടിരുന്നത്.

‘ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല; ഭാഗ്യം വന്നത് വീട്ടുകാരെ പോലും അറിയിച്ചില്ല’; 12 കോടി ദിനേശ് കുമാറിന്

‘ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല; ഭാഗ്യം വന്നത് വീട്ടുകാരെ പോലും അറിയിച്ചില്ല’; 12 കോടി ദിനേശ് കുമാറിന്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടിയുടെ ഒന്നാം സമ്മാനമാണു ദിനേശിനു കിട്ടിയത്. നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. കൊല്ലം ജയകുമാര്‍ ലോട്ടറീസ് എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

കൊല്ലം ജയകുമാര്‍ ലോട്ടറീസ് വിറ്റ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകള്‍ക്ക്. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

അഞ്ച് പരമ്പരകള്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം പത്ത് ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

സ്മാര്‍ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

സ്മാര്‍ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്. നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി ഒരു കമ്മിറ്റിയെയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആ കമ്മിറ്റിയില്‍ ടീകോമിന്റെ അന്നത്തെ സിഇഒ ആയിരുന്ന ബാജു ജോര്‍ജിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു 2011 ല്‍ ഒപ്പിട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തിയിട്ടുണ്ട്.

മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശൂര്‍: തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ദൗത്യം വിഫലമായി.

ഇന്നു രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണത്. കണ്ടെത്തിയ നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ജെസിബി ഉപയോഗിച്ച് കുഴിയുടെ വീതീ കൂട്ടാന്‍ ശ്രമിച്ചും ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചും രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.

ഭാര്യവീട്ടിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മകളുടെ മൊഴി

ഭാര്യവീട്ടിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മകളുടെ മൊഴി

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകളുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കായംകുളം പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍-ബീന ദമ്പതികളുടെ ഏക മകനായിരുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോെടെയാണ് ഭാര്യ ആതിരയെ പൊലീസ് ഒന്നാം പ്രതിയാക്കിയത്. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (50) എന്നിവരും പ്രതിപട്ടികയിലുണ്ട്. തൃക്കുന്നപ്പുഴ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

മകളുടെ കണ്മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഒന്നര വര്‍ഷക്കാലമായി പിണങ്ങി താമസിക്കുകയായിരുന്നു വിഷ്ണുവും ഭാര്യ ആതിരയും. കുട്ടിയെ ധാരണപ്രകാരം പരസ്പരം മാറിമാറിയാണ് നോക്കിയിരുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പ്പിക്കാന്‍ ഭാര്യവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ മകള്‍ അച്ഛനൊപ്പം പോകണമെന്ന് വാശിപിടിച്ച മകളെ ആതിര അടിച്ചു.

ഇതേച്ചൊല്ലി ആതിരയും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പിതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമുള്ള വിവരമാണ് നേരത്തെ പുറത്ത് വന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരിക്കുകയുമായിരുന്നു.