കേന്ദ്രസായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സിആര്‍പിഎഫില്‍ 31,782

കേന്ദ്രസായുധ സേനയില്‍ ഒരുലക്ഷം ഒഴിവുകള്‍; സിആര്‍പിഎഫില്‍ 31,782

ന്യൂഡല്‍ഹി: കേന്ദ്രസായുധ സേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകളെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇത് സംബന്ധിച്ച കണക്ക് രാജ്യസഭയെ അറിയിച്ചത്. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 30 വരെ സിഎപിഎഫിലും അസം റൈഫിള്‍സിലുമായി മൊത്തം 9,48,204 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ രണ്ട് വിഭാഗത്തിലായി 71,231 പുതിയ തസ്തികകള്‍ ഒഴിവ് വന്നതായി മന്ത്രി പറഞ്ഞു. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞു.

വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ തസ്തികകള്‍ തുടങ്ങിയ കാരണങ്ങളാലാണ് പുതിയ ഒഴിവുകള്‍ ഉണ്ടായിട്ടുള്ളത്. ആകെ 1,00,204 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സിഎപിഎഫിലും അസം റൈഫിള്‍സിലുമായി 33,730 ഒഴിവുകളും സിആര്‍പിഎഫില്‍ 31,782, ബിഎസ്എഫില്‍ 12,808, ഐടിബിപി 9,861, എസ്എസ്ബിയില്‍ 8,646, എആറില്‍ 3,377 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കാര്‍ നല്‍കിയത് വാടകയ്ക്ക്, പൈസ ഗൂഗിള്‍ പേ ചെയ്തു; വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കും

കാര്‍ നല്‍കിയത് വാടകയ്ക്ക്, പൈസ ഗൂഗിള്‍ പേ ചെയ്തു; വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കും

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമായി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലീസ് ശേഖരിച്ചു.

വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകയ്ക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഇല്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ഷാമില്‍ ഖാന്റെ മൊഴി നേരത്തെ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മൊഴിരേഖപ്പെടുത്തുകയായിരുന്നു.

‘മരിച്ച മുഹമ്മദ് ജബ്ബാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കാവശ്യപ്പെട്ട് വിളിക്കുമായിരുന്നു. ആ പരിചയത്തിന്റെ പേരിലാണ് കാര്‍ ചോദിച്ചത്. ഒഴിവുദിവസം കിട്ടിയെന്നും സിനിമയ്ക്ക് പോകാനാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം കാര്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി സംസാരിച്ച ശേഷം കാര്‍ നല്‍കുകയായിരുന്നു. ആറുപേര്‍ ഉണ്ടാകുമെന്നാണ് തന്നോട് പറഞ്ഞത്. പതിനൊന്ന് പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു’, എന്നാണ് അപകടത്തിന് പിന്നാലെ ഷാമില്‍ ഖാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

അതേസമയം സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മന്ത്രവാദിനിയായ യുവതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തി സ്വര്‍ണം തട്ടിയെടുത്തിരുന്നു. 596 പവന്‍ സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. മന്ത്രവാദത്തിനു ശേഷം പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാണ് ആയിഷയെന്ന് പൊലീസ് സൂചിപ്പിച്ചു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിരുന്നത്.

സ്വാഭാവിക മരണമാണെന്നാണ് ആദ്യം പൊലീസും വീട്ടുകാരും കരുതിയത്. ഇതേത്തുടര്‍ന്ന് സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്നും 600 പവനോളം സ്വര്‍ണം കാണാതായത് മനസ്സിലായതോടെ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. എന്നാല്‍ അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകമാണെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മിറ്റി സമരം നടത്തിയിരുന്നു. തങ്ങളുടെ ആരോപണം സത്യമാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.

ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍

ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്നും ടീ കോം (ദുബായ് ഹോള്‍ഡിങ്സ്) കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് ടീകോമിനെ ഒഴിവാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.

ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയില്‍ നിന്നും പിന്മാറാല്‍ ടീകോം കമ്പനി സര്‍ക്കാരിനെ താല്‍പ്പര്യം അറിയിച്ചിരുന്നു. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ടീ കോം ഒഴിയുന്ന സാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചു.

യുഎഇക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള ധാരണ.

നഷ്ട പരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു 2011 ല്‍ ഒപ്പിട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തത് കണക്കിലെടുത്ത് പിന്മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ പലവട്ടം ടീകോമുമായി ചര്‍ച്ച നടത്തിയിരുന്നു.

‘നിങ്ങള്‍ അറസ്റ്റിലായെന്ന് അറിഞ്ഞു, ചീത്തപ്പേരുണ്ടാക്കിതന്നതിനു നന്ദി’

‘നിങ്ങള്‍ അറസ്റ്റിലായെന്ന് അറിഞ്ഞു, ചീത്തപ്പേരുണ്ടാക്കിതന്നതിനു നന്ദി’

കൊച്ചി: വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തെന്ന തരത്തില്‍ തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയതില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം തെറ്റായി നല്‍കിയത്. വാര്‍ത്തക്കെതിരെ വിഡിയോ സന്ദേശവുമായി സാമൂഹ്യമാധ്യമത്തില്‍ മണികണ്ഠന്‍ രംഗത്തെത്തി.

‘വാര്‍ത്തയില്‍ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.’

വാര്‍ത്തയ്ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും നടന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നു. വാര്‍ത്തക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠന്‍ ആചാരി വിഡിയോയില്‍ പറഞ്ഞു.