by Midhun HP News | Dec 5, 2024 | Latest News, കായികം
മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.
ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ഗോളുകളുമായി അരയ്ജിത് സിങ് ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.
കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.
നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.
കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
by Midhun HP News | Dec 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.
കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പ്രത്യേക ജാഗ്രതാ നിർദേശം
തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോടുചേർന്ന ലക്ഷദ്വീപ് പ്രദേശം, അതിനോടു ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 5, 2024 | Latest News, കേരളം
തിരുവനന്തപുരം: രാജ്യത്തെ ഈ വര്ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര് പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില് എത്തിയ 76 പോലീസ് സ്റ്റേഷനുകളില് നിന്നാണ് ആലത്തൂര് സ്റ്റേഷന് ഈ നേട്ടം കൈവരിച്ചത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്ഡ് റൂമും ഉള്പ്പെടെയുള്ള സൗകര്യങ്ങള് എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ അതിക്രമങ്ങളില് സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള് തടയാനുള്ള നടപടികള് എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര് സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള് മുന്വര്ഷങ്ങളില് രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്
by Midhun HP News | Dec 5, 2024 | Latest News, കേരളം
കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സംഭവങ്ങളിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്നു കോടതി നിരീക്ഷിച്ചു.
17കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവിട്ടത്. തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്. വയറു വേദനയെ തുടർന്നു മകളെ 2021 മെയ് 31നു ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നു അറിഞ്ഞത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3ന് ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കുട്ടിയെ പീഡനത്തിനു ഇരയാക്കിയ ആളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവം വിവരം പൊലീസിനെ അറിയിച്ചില്ല എന്ന പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണ് എന്നറിയുമ്പോഴുള്ള അമ്മയുടെ ഞെട്ടലും മാനസിക വ്യഥയും കണക്കിലെടുക്കണമെന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി കണക്കിലെടുത്തു.
by Midhun HP News | Dec 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.
നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിനു ശേഷം വിജ്ഞാപനം ഇറക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി, റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ താരിഫ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
വൈദ്യുതി നിരക്ക് കൂടുന്നത് സാധാരണക്കാരനു ഇരുട്ടടിയാകും. നിരക്ക് വർധനയ്ക്ക് നിരവധി കാരണങ്ങളാണ് ബോർഡ് പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വർധന, പ്രവർത്തന, പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർധനവിലെ കാരണങ്ങളായി പറയുന്നത്.
Recent Comments