‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും’; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും’; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ.ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.

കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

യുഎസ്-ഇറാന്‍ കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം

യുഎസ്-ഇറാന്‍ കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം

ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവില താഴുന്നു. 100 ദിവസത്തിലേറെ നീണ്ട ഊര്‍ജവിതരണ പ്രതിസന്ധിക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണികളില്‍ പ്രകടമാകുന്നത്. വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ബാരലിന് 76.10 ഡോളറായും ബ്രെന്റ് ക്രൂഡിന് 78.86 ഡോളറായും ഇടിഞ്ഞു. ഇരുവിഭാഗം എണ്ണവിലകളിലും ഒരു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

യുഎസും ഇറാനും തമ്മില്‍ ഒപ്പുവച്ച 14 ഇന ധാരണാപത്രത്തിന് 60 ദിവസത്തെ ചര്‍ച്ചാ കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ ടോള്‍ ഈടാക്കാതെ കപ്പല്‍ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസിലെ ഗതാഗതം അടുത്ത 30 ദിവസത്തിനുള്ളില്‍ പൂര്‍ണ ശേഷിയിലേക്ക് പുനഃസ്ഥാപിക്കാനുള്ള പദ്ധതിയും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല.

ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി 30,000 കോടി ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതി തയ്യാറാക്കണമെന്നും കരാര്‍ വ്യവസ്ഥകളില്‍ പറയുന്നു. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ വീഴ്ച വരുത്തിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നാല്‍ നിലവിലെ വിതരണ പ്രതിസന്ധി, 2027ഓടെ എണ്ണയുടെ അധിക ലഭ്യതയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. യുഎസ്, ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ആഗോള ഊര്‍ജവിതരണം തകരാറിലായിരുന്നു. ഇതോടെ എണ്ണവില ഒരു ഘട്ടത്തില്‍ ബാരലിന് 126 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സമാധാന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ വിപണികളില്‍ ആശ്വാസ സൂചനകള്‍ പ്രകടമാകുകയാണ്.

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാര്‍’, വ്യാജരേഖ ചമച്ച് നിരവധി പേരെ കബളിപ്പിച്ചു; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാര്‍’, വ്യാജരേഖ ചമച്ച് നിരവധി പേരെ കബളിപ്പിച്ചു; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ നേടിയെന്ന് കാണിച്ച് നിരവധി പേരെ കബളിപ്പിച്ച പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി സല്‍മാനുല്‍ ഫാരിസ് പി ടി (45) ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ (വിഐഎസ്എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഐഎസ്എല്‍ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചതായി അവകാശപ്പെടുന്ന വ്യാജ രേഖ പ്രതി നിര്‍മ്മിച്ചതായി പൊലീസ് പറഞ്ഞു. വിഐഎസ്എല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും ഈ രേഖയില്‍ വ്യാജമായി പതിച്ചിരുന്നു.

പ്രതി ഈ രേഖ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കാനും അവരില്‍ നിന്ന് നിക്ഷേപം നേടാനും ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം സല്‍മാനുല്‍ ഫാരിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താന്‍ നീക്കം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസില്‍ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ദൃശ്യം വൈറലായിരുന്നു. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.

വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബിയേറി ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് കുട്ടികൾക്കാണ് ഏറെ നേരെ റോഡിൽ കാത്തു നിൽക്കേണ്ടി വന്നതും യാചിക്കേണ്ട അവസ്ഥയുണ്ടായതും. വടക്കാഞ്ചേരി – കുന്നംകുളം റൂട്ടിലെ മെജോമോന്‍ ബസിലെ കണ്ടക്ടര്‍ മംഗലം സ്വദേശി ദാസന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി വടക്കാഞ്ചേരി സബ് ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥികളുടെ വൈറല്‍ ദൃശ്യത്തിന് അടിസ്ഥാനമായ സംഭവം വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥി കൈകൂപ്പി അപേക്ഷിക്കുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സംഭവം വലിയ ചർച്ചയായതോടെ കണ്ടക്ടറെ സബ് ആര്‍ടി ഓഫീസിലേക്ക് ഇന്നലെ വിളിച്ചു വരുത്തി ലൈസന്‍സ് കണ്ടുകെട്ടി, രേഖാമൂലം വിശദീകരണം തേടി.

സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ശിക്ഷാ നടപടികളുടെ ഭാഗമായി ദാസനെ എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ ട്രെയിനിങിന് അയക്കുമെന്നും സെന്തില്‍ അറിയിച്ചു.

എകെജി സെന്ററിലെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി വ്യാജം, നടന്നത് വാക്കുതര്‍ക്കം മാത്രം; എസ്പിയുടെ റിപ്പോര്‍ട്ട്

എകെജി സെന്ററിലെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി വ്യാജം, നടന്നത് വാക്കുതര്‍ക്കം മാത്രം; എസ്പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : എകെജി സെന്ററിലെ ഡ്രൈവറെ പൊലീസ് മര്‍ദിച്ചെന്ന പരാതി വ്യാജമെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. എകെജി സെന്ററിലെ ഡ്രൈവര്‍ പി കെ അനൂപിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് റെയില്‍വേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പൊലീസും ഡ്രൈവറും തമ്മില്‍ ഉണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ പൊലീസുകാര്‍ ആക്രമിച്ചെന്നാണ് പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനില്‍ കയറ്റി വിടാന്‍ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയന്‍ എന്നീ പൊലീസുകാര്‍ക്കെതിരെയാണ് അനൂപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചു കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ശരത് എന്ന പൊലീസുകാരന്‍ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തു എന്നാണ് അനൂപിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നത്.