by Midhun HP News | Apr 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതി വിഷ്ണു ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ്. കൊലപാതകശേഷം വിഷ്ണു സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷ്ണുവും അല്‍മയുമാണ് താമസിച്ചിരുന്നത്. മക്കളില്ല. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വര്‍ഷമായി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

by Midhun HP News | Apr 26, 2026 | Latest News, കേരളം
കണ്ണൂര്‍: പൊയിലൂരില്‍ ബോംബ് ശേഖരം കണ്ടെത്തി. ഐസ്‌ക്രീം കണ്ടെയ്‌നറുകളിലാക്കിയ അഞ്ചു ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍തോപ്പില്‍ ബക്കറ്റില്‍ മണലുകള്‍ നിറച്ച് കുഴിച്ചിട്ട് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊയിലൂരില്‍ തെങ്ങിന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ബോബുകള്‍ പിടികൂടുന്നത്. കെട്ടു ബോംബ് എന്നറിയപ്പെടുന്ന നാടന്‍ ബോംബും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.തൊട്ടടുത്ത പാനൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകള്‍ അടക്കം പിടികൂടിയിരുന്നു. കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. വോട്ടെണ്ണല്‍ അടുത്തുവരവെ, പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.

by Midhun HP News | Apr 26, 2026 | Latest News, കേരളം
കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ 22കാരന്‍ പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഉച്ചയ്ക്ക് 1.30ന് മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ പ്രതി നഗ്‌നത പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു.
സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.

by Midhun HP News | Apr 26, 2026 | Latest News, സിനിമ
മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ റിലീസിനൊരുങ്ങുകയാണ്. മെയ് ഒന്നിന് ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. പേട്രിയറ്റിനെക്കുറിച്ച് മമ്മൂട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
താനും മോഹൻലാലും ചിത്രത്തിലെത്തുന്നത് പസ്പരം തല്ലു കൂടാനോ പഞ്ച് ഡയലോഗ് പറയാനോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു. “മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് അത്രത്തോളം സ്വീകരിക്കില്ല.
കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടു പേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്.
ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്‌സ്യൽ വാല്യൂവും ഉള്ളവരാണ്. ഈ സ്റ്റാർഡം ഒക്കെ നിങ്ങൾ ഉണ്ടാക്കി തന്നതാണ്. സിനിമയിൽ ഇത്തരത്തിൽ അഭിനയിക്കാനും വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നത് പ്രേക്ഷകരാണ്.
ഞങ്ങൾ നിങ്ങളെ വളർത്തിയെടുത്തു എന്നൊക്കെ പറയുന്ന കാലം പോയി; നിങ്ങൾ വളർന്നതുകൊണ്ടാണ് ഞങ്ങൾ വളർന്നത്. ഇത്തരത്തിലുള്ള സിനിമകൾ കാണാൻ മാത്രം പ്രേക്ഷകർ വളർന്നിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നത്. അല്ലാതെ നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം, ലാലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ് ഇതിലേത്. മലയാള സിനിമാ പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത കഥാപാത്രങ്ങളായാണ് ഞങ്ങൾ വരുന്നത്. പരിചയമില്ലാത്ത കഥാപശ്ചാത്തലമാണ് ഈ സിനിമയുടേത്. ദേശീയ- അന്തർദേശീയതലത്തിലേക്ക് നമ്മുടെ കഥാ പരിസരം മാറുകയാണ്.
നമ്മൾ അത്രത്തോളം വളരുന്നു എന്നതിന്റെ തെളിവാണിത്. ഈ സിനിമ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇത്തരമൊന്ന് സംഭവിക്കാൻ ഇനിയും മലയാള സിനിമയിൽ പത്തോ പതിനഞ്ചോ വർഷം കഴിയണം. നമ്മൾ പതിനഞ്ച് കൊല്ലം മുൻപിലാണ്, പുറകിലല്ല. അതുകൊണ്ട് ധൈര്യമായിട്ട് ഇങ്ങനെയൊരു സിനിമയെടുക്കാൻ സാധിച്ചു. അതിന് പ്രൊഡക്ഷൻ സൈഡിൽ നിന്നും മറ്റ് ടെക്നീഷ്യൻമാരിൽ നിന്നും വലിയ പിന്തുണ ലഭിച്ചു.
ഇനി വേണ്ടത് പ്രേക്ഷകരുടെ സഹകരണമാണ്. ഈ സിനിമയുടെ ഫോട്ടോഗ്രാഫിയും മേക്കിങ്ങും ഒരു പുതിയ കാഴ്ചയായിരിക്കും. നമ്മൾ കണ്ടുശീലിച്ച രീതികളിൽ നിന്ന് വലിയൊരു മാറ്റം ഇത് കൊണ്ടുവരും. ഈ ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടാൽ അത് മലയാള സിനിമയുടെ വലിയൊരു മുതൽക്കൂട്ടും നാഴികക്കല്ലുമായി മാറും.
വലിയ സിനിമകൾ നിർമ്മിക്കാനും വിജയിപ്പിക്കാനും മലയാളി പ്രേക്ഷകർക്ക് സാധിക്കുമെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ഇതൊരു പാൻ ഇന്ത്യൻ സിനിമയല്ല, മറിച്ച് മലയാളികൾക്ക് വേണ്ടിയുള്ള സിനിമയാണ്. മലയാളം സംസാരിക്കുന്ന സിനിമയാണിത്. ഇതിൽ സായിപ്പുമാരാരും മലയാളം പറയുന്ന സിനിമയല്ല ഇത്.
സായിപ്പുമാരൊക്കെ ഇംഗ്ലീഷ് തന്നെയാണ് സംസാരിക്കുന്നത്. ഇവിടുത്തെ പ്രേക്ഷകർക്ക് വേണ്ടി എടുത്ത സിനിമയാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ആ ധൈര്യത്തിൽ നമുക്ക് വേണമെങ്കിൽ മറ്റുള്ളവരെ കാണിക്കാം. ഈ സിനിമ പാൻ ഇന്ത്യൻ ആയിട്ട് എടുത്തിട്ടില്ല, പാൻ ഇന്ത്യൻ ആക്കേണ്ടത് പ്രേക്ഷകരാണ്”. – മമ്മൂട്ടി പറഞ്ഞു.

by Midhun HP News | Apr 26, 2026 | Latest News, കേരളം
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ഡയറക്ടറായിരുന്ന വിഇ ബാലകൃഷ്ണനാണ് ( 68) അറസ്റ്റിലായത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകയായ യുവതി യാത്ര ചെയ്ത അതേ ട്രെയിനില്‍ തന്നെയായിരുന്നു ബാലകൃഷ്ണനും ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 75(2) (ലൈംഗികാതിക്രമം) പ്രകാരം കേസെടുക്കുകയും ചെയ്തു. ബാലകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അറസ്റ്റിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. മുന്‍പ് കേരള കൗമുദി ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Recent Comments