by Midhun HP News | Jun 18, 2026 | Latest News, കേരളം
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കാന്‍ പോകുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവല്‍ക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് കാര്യങ്ങള്‍ക്കായാകും ഈ നയം പ്രവര്‍ത്തിക്കുക. ലഹരിവിരുദ്ധ നയത്തില്‍ പുനരധിവാസം കൂടി ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ടുകളും ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. ‘പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക പരിശീലനം നല്‍കും. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഒരു യുവാവിന് ക്രിക്കറ്റിനോടാണ് താല്പര്യമെങ്കില്‍ ഒരു അക്കാദമിയില്‍ ചേരാനുള്ള അവസരം നല്‍കും. കലാരംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള സമീപനമായിരിക്കും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ സാമൂഹിക സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും’ -മന്ത്രി പറഞ്ഞു.
അതേസമയം, ഓരോ എക്‌സൈസ് മേഖലയിലും കുറഞ്ഞത് ഒരു പുനരധിവാസ കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് എക്‌സൈസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്ന് എക്‌സൈസ് സോണുകളാണ് സംസ്ഥാനത്തുള്ളത്. ലഹരിവിമുക്ത ചികിത്സ പൂര്‍ത്തിയാക്കിയവരെ ഈ പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. അവിടെ അവര്‍ക്ക് ജോലി കണ്ടെത്തുന്നതിനോ സ്വന്തമായി തൊഴില്‍ ചെയ്യുന്നതിനോ ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സമൂഹത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായിക്കും.
by Midhun HP News | Jun 18, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്് 13,850 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും.
ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 18, 2026 | Latest News, കായികം
ഹൂസ്റ്റണ്‍: ‘പുള്ളിപ്പുലികള്‍’ എന്നൊരു പേരുണ്ട് കോംഗോ ഫുട്‌ബോള്‍ ടീമിന്. അക്ഷരാർഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചുഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ അവര്‍ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തില്‍ ആരാധകര്‍ ഇത്തവണ എഴുതി ചേര്‍ത്ത പേരാണ് പോര്‍ച്ചുഗലിന്റേത്. എന്നാല്‍ അതൊന്നും ചരിത്രത്തില്‍ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോര്‍ച്ചുഗലിനെ അവര്‍ 1-1നു സമനിലയില്‍ തളച്ചു. കളിയുടെ ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവര്‍ പോര്‍ച്ചുഗലിനെ അടിമുടി വിറപ്പിച്ചു.
നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയ പോരില്‍ ആദ്യ പകുതിയില്‍ താരം ഒരു തവണ മാത്രമാണ് എതിര്‍ ബോക്‌സില്‍ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാന്‍ താരത്തിനു സാധിച്ചതുമില്ല.
മികച്ച ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ കളി തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ അവര്‍ ആക്രമണവും തുടങ്ങി. ആറാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ഇടതു വിങ്ങില്‍ നിന്നു പെഡ്രോ നെറ്റോ ക്രോസ് ചെയ്തു നല്‍കിയ പന്തിനെ ക്ലിനിക്കല്‍ ഹെഡ്ഡിലൂടെ ജാവോ നെവസ് വലയിലാക്കി.
ഈ ഗോള്‍ വഴങ്ങിയത് കോംഗോയ്ക്ക് ഉപകാരമായെന്നു പിന്നീട് അവരുടെ കളി കണ്ടവര്‍ പറഞ്ഞിട്ടുണ്ടാകും. ആറാം മിനിറ്റിലെ ഗോളിനു പിന്നാലെയാണ് അവര്‍ കളിയില്‍ താളം കണ്ടെത്തിയത്. പതിയെ പ്രത്യാക്രമണ തന്ത്രത്തിലേക്ക് അവരും കടന്നതോടെ കളി ചൂടുപിടിച്ചു.
പലപ്പോഴും അവര്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് അതിവേഗം കയറിയെങ്കിലും ഫിനിഷിങ് പോരായ്മകള്‍ വഴി തടഞ്ഞു. യൊവാന്‍ വിസ്സ, സെഡ്രിക്ക് ബെക്കാംബു എന്നിവര്‍ ലോങ് റേഞ്ചുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.
കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീങ്ങിയപ്പോള്‍ ലോകകപ്പിലെ അവരുടെ ചരിത്ര ഗോളും പിറന്നു. ഒന്നാം പകുതിയുടെ അവസാന ഘട്ടത്തില്‍ കോംഗോയ്ക്ക് അനുകൂലമായി ഒരു കോര്‍ണര്‍. ആര്‍തുര്‍ മസ്വാക്കു കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ യൊവാന്‍ വിസ്സ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങി ഉജ്ജ്വലമായ ഹെഡ്ഡറില്‍ വലയിലേക്കിട്ട് അവരെ ഞെട്ടിച്ചു. ഒപ്പം ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളെന്ന നേട്ടവും അവര്‍ സ്വന്തം രാജ്യത്തിന്റെ പേര്‍ക്കെഴുതി. യൊവാന്‍ വിസ്സ ഒറ്റ ഹെഡ്ഡറിലൂടെ ലോകകപ്പില്‍ കോംഗോയ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന കോംഗോളീസ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് മായ്ക്കാന്‍ കഴിയാത്ത വിധം എഴുതി ചേര്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വയ്ക്കു പകരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ തുടങ്ങിയത്. ആദ്യ പകുതിയില്‍ സില്‍വ മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്നു. കോണ്‍സെയ്‌സാവോയുടെ വരവ് വലത് വിങ്ങില്‍ കാര്യമായ മാറ്റം കൊണ്ടു വന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കൂടുതല്‍ ആക്രമണം പുറത്തെടുത്തു. കോണ്‍സെയ്താവോയുടെ മുന്നേറ്റങ്ങള്‍ കോംഗോയ്ക്ക് തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും അവര്‍ പ്രതിരോധക്കോട്ടയില്‍ വിള്ളന്‍ വീഴ്ത്താന്‍ അനുവദിച്ചതുമില്ല.
സമനില പിടിച്ചതിന്റെ വര്‍ധിത വീര്യം കോംഗോയും പുറത്തെടുത്തതോടെ ആദ്യ പകുതിയേക്കാള്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ രണ്ടാം പകുതിയില്‍ കണ്ടു. എഡോ കായെംബയും സാമുവല്‍ മൗറ്റോസ്മ്മിയും നോവ സദിക്കിയും മുന്നേറ്റ നിരയിലേക്ക് തുടരെ തുടരെ പന്തുകള്‍ എത്തിച്ചു.
അതിനിടെ 54ാം മിനിറ്റില്‍ ജാവോ കാന്‍സലോയുടെ ഒരു അക്രോബാറ്റിക് കിക്ക് കോംഗോ വലയില്‍ കയറിയെങ്കിലും അത് ഓഫ് സൈഡായി മാറി. പിന്നാലെ കോംഗോ ഗോളിനടുത്തെത്തി. പോര്‍ച്ചുഗല്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ സെഡ്രിക്ക് ബെക്കാംബു അത് വലയിലേക്ക് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി.
മത്സരം വമ്പന്‍ ആക്രമണങ്ങളാല്‍ സജീവമായതോടെ പല പോര്‍ച്ചുഗല്‍ താരങ്ങളും അസ്വസ്ഥതരായിരുന്നു. പലപ്പോഴും കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന പ്രതീതിയുമുണ്ടായി. 68, 73 മിനിറ്റുകളില്‍ കിട്ടിയ സുവര്‍ണാവസരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തേക്ക് വലിച്ചടിച്ച് കളയുകയും ചെയ്തതോടെ അവര്‍ അടിമുടി നിരാശയിലായി.
അവസാന ഘട്ടം വരെ കോംഗോ ഉജ്ജ്വലമായി തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. തഞ്ചം കിട്ടിയപ്പോഴൊക്കെ അവര്‍ എതിര്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പതിവ് ആഫ്രിക്കന്‍ ടീമുകളുടെ കളിയില്‍ നിന്നു വ്യത്യസ്തമായി കളം മുഴുവന്‍ സാധ്യമായ എല്ലാ രീതിയിലും എതിരാളികളെ കുരുക്കിയിടാന്‍ അവര്‍ക്കായി.
ഒടുവില്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചു വരവില്‍ പോര്‍ച്ചുഗലെന്ന കരുത്തരെ വിജയത്തോളം പോന്ന സമനിലയില്‍ കുരുക്കി അവര്‍ കളം വിട്ടു. 1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.

by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം വിളയിൽകുളം എഫ്സിഐ റോഡിൽ ഷൈജ ഭവനിൽ ബി രമണൻ (59) നിര്യാതനായി.
ഭാര്യ: ഷൈജ
മക്കൾ: രജീഷ്, രഞ്ജീഷ് (മലയാള മനോരമ പോത്തൻകോട് ലേഖകൻ)
മരുമക്കൾ: സുനിത, ശ്രീദേവി
സംസ്‌കാരം ഉച്ചയ്ക്ക് 2 മണിയ്ക്ക് കഴക്കൂട്ടം ശാന്തിതീരത്തിൽ
by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: മണമ്പൂർ കണ്ണങ്കര ശ്രീ മണ്ണറക്കാവ് മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ഗേറ്റ് കുത്തിത്തുറന്ന് മോക്ഷണം നടത്തിയ പ്രതിയെ കടക്കാവൂർ പോലീസ് പിടികൂടി. മണമ്പൂർ കണ്ണങ്കര ചരുവിള പുത്തൻവീട്ടിൽ 35 വയസ്സുള്ള സുൽഫിക്കറാണ് മോഷണം നടത്തിയത്. ഈ മാസം 10ആം തീയതി പകൽ സമയത്ത് ആണ് ക്ഷേത്രത്തിൽ കയറി നിലവിളക്കും തൂക്കുവിളക്കും മോഷ്ടിച്ചത്.
പ്രതിയായ സുൽഫിക്കർ മറ്റൊരു ബൈക്ക് മോഷണക്കേസിൽ ജയിലിലാണ്. ജയിലിൽ കഴിഞ്ഞുവരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തു എത്തിച്ച് അന്വേഷണം നടത്തിയതിൽ പ്രതി നിലവിളക്കുകളും തൂക്കുവിളക്കുകളും ആറ്റിങ്ങലിന് അടുത്തുള്ള ഒരു ആക്രിക്കടയിൽ കൊടുത്തതായി പറഞ്ഞു. പ്രതിയുമായി ആക്രി കടയിലെത്തി നിലവിളക്കുകളും തൂക്കുവിളക്കുകളും റിക്കവറി ചെയ്തു.
കടയ്ക്കാവൂർ എസ് എച്ച് ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, എ എസ് ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, അനന്തു, മെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് കല്ലമ്പലം കടയ്ക്കാവൂർ തുടങ്ങി പല സ്റ്റേഷനുകളിലും അടിപിടി കേസുകളും മോഷണം കേസുകളും നിലവിലുണ്ട്.

Recent Comments