ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും

ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ഒരു രണ്ടാം വരവ് വരും.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ
മഴ ശക്തമായിരുന്നില്ല.

എന്നാൽ ഡിസംബർ മാസം തുടങ്ങുമ്പോൾ തുലാവർഷം അതിശക്തമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ഡബിൾ എഞ്ചിനാക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം – പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുന്നതിന് ശബരിമല തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

സിപിഎം വിഭാഗീയത: മധു മുല്ലശേരിയെ പുറത്താക്കും

സിപിഎം വിഭാഗീയത: മധു മുല്ലശേരിയെ പുറത്താക്കും

തിരുവനന്തപുരം: മംഗലപുരത്തെ പാര്‍ട്ടി വിഭാഗീയതയില്‍ നടപടിയുമായി സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.

ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി ജോയി നടത്തിവരുന്നതെന്നും മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഇതേതുടര്‍ന്ന് ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വി ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് അതിന്റെതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണ്. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും വി ജോയ് പറഞ്ഞു.

അതേസമയം, എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. ഈ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വി ജോയ് ജില്ലാ സെക്രട്ടറി ആയതുമുതല്‍ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേര്‍ത്തു. വി ജോയ് പറയുന്നത് മുഴുവന്‍ കള്ളമാണ്. സ്ഥാനം കിട്ടാത്തതല്ല തന്റെ പ്രശ്‌നമെന്നും നേതൃത്വത്തോട് എതിര്‍പ്പുള്ളവരുടെ പിന്തുണയുണ്ടെന്നും മധു പറഞ്ഞു.

‘ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം’; ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

30.11.2024.ൽ ആറ്റിങ്ങലിൽ മിന്നൽ പണിമുടക്ക് നടത്തിയ പ്രൈവറ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒ തയ്യാറാകണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പ്രൈവറ്റ് ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. ചിറയിൻകീഴ്, കടക്കാവൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ കച്ചേരി ജംഗ്ഷൻ വഴിയാണ് പ്രൈവറ്റ് സ്റ്റാൻഡിൽ എത്താൻ പെർമിറ്റ് നൽകിയിട്ടുള്ളത്.

വീതി കുറഞ്ഞ പാലസ് റോഡ് ടു വേ ആക്കിയപ്പോൾ അപകടങ്ങൾ പതിവായി മാത്രമല്ല ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഗേൾസ് ഹൈസ്കൂൾ, ടൗൺ യുപിഎസ് സ്കൂൾ, നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡിലൂടെ ബസ്സുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് വൻ ദുരന്തത്തിന് കാരണമാകും മാത്രമല്ല കച്ചേരി ജംഗ്ഷനിലും, സിവിൽ സ്റ്റേഷനിലും, കോടതികളിലും, ട്രഷറിയിലും ഉൾപ്പെടെ വരുന്ന ആളുകളുടെ യാത്ര ദുരിതമാണ്.

അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം മൂലം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെയും, മാർക്കറ്റ് റോഡിലെയും നിരവധി വ്യാപാര സ്ഥാപനങ്ങൾ പൂട്ടുകയും പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലുമാണ്. ആരെ സഹായിക്കാനാണ് പെർമിറ്റ് ലംഘിച്ചു കൊണ്ടുള്ള അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം നടത്തിയതെന്ന് എംഎൽഎയും, ചെയർപേഴ്സണും ഡിവൈഎസ്പിയും മറുപടി പറയണമെന്നും, അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷും മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറും, യൂത്ത് കോൺഗ്രസ് നേതാവ് കിരൺ കൊല്ലമ്പുഴയും, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രനും അറിയിച്ചു.

മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു

മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു

കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയും സംയുകതമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കായി മെഡിക്കോലീഗൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരത്തുള്ള കെ ജി എം ഒ എ ഹെഡ് ക്വാർട്ടേഴ്സിൽ ആണ്

കെജിഎംഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഡോ.പദ്മപ്രസാദ് അധ്യക്ഷനായിരുന്ന സെമിനാർ കെജിഎംഒഎ സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. അരുൺ. എ. ജോൺ ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ ജഡ്ജും തിരുവനന്തപുരം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഷംനാദ് മുഖ്യപ്രഭാഷാണവും ക്ലാസും നയിച്ചു.

കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സുനിത. എൻ. സ്വാഗതവും താലൂക്ക് കൺവീനർ ഡോ. ആദർശ് നന്ദിയും രേഖപെടുത്തി. മുതിർന്ന സംസ്ഥാന സമിതി അംഗമായ ഡോ. ജോസഫ് ഗോമസ് ആശംസകൾ രേഖപ്പെടുത്തി. സർവീസ് സംബന്ധമായ കാര്യങ്ങൾ അനായാസം നിർവ്വഹിക്കാൻ വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുവാൻ ഉതകുന്ന കൂടുതൽ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ നേതൃത്വം അറിയിച്ചു.