by Midhun HP News | Nov 30, 2024 | Latest News, കേരളം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയത്. ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്തും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തി.
അതേസമയം കേരളത്തില് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഡിസംബര് 1, 2 തീയതികളില് അതിശക്തമായ മഴയ്ക്കും 30 നവംബര്-3 ഡിസംബര് തീയതികളില് ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 30, 2024 | Latest News, കേരളം
തിരുവനന്തപുരം: മീറ്റര് റീഡിങ് എടുക്കുമ്പോള്ത്തന്നെ ബില് തുക ഓണ്ലൈനായി അടയ്ക്കാന് സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി. മീറ്റര് റീഡര് റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്ക്ക് അനായാസം ബില് തുക അടയ്ക്കാന് സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡ് മുഖേനയോ, ഭീം, ഗൂഗിള് പേ, ഫോണ് പേ, പേടിഎം തുടങ്ങിയ ഭാരത് ബില് പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര് കോഡ് സ്കാന് ചെയ്തോ ബില് തുക അടയ്ക്കാന് കഴിയും.
യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന് കഴിയാത്തവര്ക്കും ഓണ് ലൈന് പണമടയ്ക്കാന് സാങ്കേതിക ബുദ്ധിമുട്ടുള്ളവര്ക്കും വലിയ തോതില് സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന് മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന് വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള് ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോട്ട് ബില് പേയ്മെന്റ് സേവനത്തിന് സര്വീസ് ചാര്ജോ, അധിക തുകയോ നല്കേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില് തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.
നവംബര് 15 മുതല് തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര് ഇലക്ട്രിക്കല് സെക്ഷന് ഓഫീസുകളില് പരീക്ഷണാടിസ്ഥാനത്തില് ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്റെ അടിസ്ഥാനത്തില് സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
by Midhun HP News | Nov 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐഎഎസ് ഓഫീസർ കെ ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നൽകിയത്. ഗുരുതര ആരോപണങ്ങളാണ് മെമ്മോയിലുള്ളത്.
സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകൾ പാകി. ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ മെമ്മോയിലുണ്ട്.
ഗോപാലകൃഷ്ണന്റെ പ്രവൃത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നു മെമ്മോയിൽ വിമർശനമുണ്ട്. ഫോൺ ഹാക്ക് ചെയ്തു ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മില്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രുപ്പുകൾ ഉണ്ടാക്കി. ഫോറൻസിക് പരിശോധനയ്ക്കു മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്തു തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ വിമർശനമുണ്ട്.
30 ദിവസത്തിനുള്ളിൽ കെ ഗോപാലകൃഷ്ണൻ മറുപടി നൽകണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും മെമ്മോയിൽ പറയുന്നു.
by Midhun HP News | Nov 29, 2024 | Latest News, കേരളം
കൊച്ചി: വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് മദ്രസ അധ്യാപകന് 70 വര്ഷം കഠിനതടവും 1,15,000 രൂപ പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യില് വീട്ടില് ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില് വെച്ചും അധ്യാപകന് നിരന്തരമായി പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്കുട്ടിയുടെ മൊഴി.
2021 നവംബര് മുതല് 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. പെണ്കുട്ടി പഠിക്കുന്ന സ്കൂളില് കൗമാരക്കാര് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് പെണ്കുട്ടി നടന്ന സംഭവം പറയുന്നത്. പിന്നീട് അധ്യാപിക പൊലീസില് വിവരമറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 24ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തു.
അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില് 20 വര്ഷം വീതവും രണ്ടുവകുപ്പുകളില് അഞ്ചുവര്ഷം വീതവുമാണ് ശിക്ഷ. പ്രതിയെ വിയ്യൂര് സെന്ട്രല് ജയിലിലേക്ക് മാറ്റി.
by Midhun HP News | Nov 29, 2024 | Latest News, കേരളം
കണ്ണൂർ: നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. കണ്ണൂർ കേളകത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ ബേബി എന്നിവർക്കെതിരെയാണ് കേസ്.
ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജങ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
Recent Comments