‘പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ‘: നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

‘പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം ‘: നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണം നൽകാൻ സ്‌ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും വാങ്ങാനാകില്ല. കണ്ടക്ടർക്ക് അധിനുള്ള അധികാരമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണ്ണമായി അനുഭവിക്കട്ടെ. കെഎസ്ആർടിസി ബസിൽ കയറുമ്പോൾ ഒരു സ്ത്രീക്ക് പോലും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. ‘ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്’ എന്ന വിപ്ലവകരമായ നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്. മാധ്യമങ്ങൾ ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകിയത്. കഴിഞ്ഞ ദിവസം മാത്രം ഓർഡിനറി ബസുകളിൽ 11.84 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ഈ ഇനത്തിൽ ഒരു ദിവസത്തെ യാത്രാ സബ്‌സിഡിയായി 2.46 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടത്. കോർപ്പറേഷന്റെ തിരിച്ചടവുകളിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും അതിനായി കൃത്യമായ ധനസമാഹരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ബസുകൾ സിറ്റി ഫാസ്റ്റാക്കിയെന്ന ആക്ഷേപം തള്ളി

ലാഭമുണ്ടാക്കാനായി ഓർഡിനറി ബസുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവയെ ഉയർന്ന നിരക്കുള്ള സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നുവെന്ന പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം മന്ത്രി തള്ളി. നിലവിൽ തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസുപോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. മറിച്ച് പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ എന്നീ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന സിറ്റി ഫാസ്റ്റ് ബസുകളെ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാർത്ഥം ഓർഡിനറി ബസുകളാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.

വനിതകൾക്ക് സൗജന്യമില്ലാത്ത സിറ്റി ഫാസ്റ്റ് ബസുകൾ ഏതൊക്കെയെന്ന് സാധാരണക്കാരായ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് അവയിൽ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചത്. ബസ് മാറി കയറിയിട്ട് ആളുക ടിക്കറ്റിന്റെ പേരിൽ ജീവനക്കാരുമായി തർക്കമുണ്ടാകാനും കണ്ടക്ടർമാർക്ക് അത് വലിയ ബുദ്ധിമുട്ടാകാനും പാടില്ലാത്തതുകൊണ്ടാണ് ഈ മുൻകരുതൽ. സ്വകാര്യ ബസ് വ്യവസായവുമായി യാതൊരുവിധ യുദ്ധ പ്രഖ്യാപനത്തിനും സംസ്ഥാന സർക്കാർ തയ്യാറല്ലെന്നും കെഎസ്ആർടിസിയെ ജനകീയമാക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ ‘കുരുക്ക്’

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ ‘കുരുക്ക്’

ഷാര്‍ജ: ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സുപ്രധാന ഗതാഗത പദ്ധതി പ്രഖ്യാപിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികളിലൊന്നായ അല്‍ താവൂന്‍ റോഡിന് താഴെയായി ഇരട്ടവരി ഭൂഗര്‍ഭ തുരങ്കമാണ് ലക്ഷ്യം. ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാന്‍ 750 മില്യണ്‍ ദിര്‍ഹം ചെലവാണ് കണക്കാക്കുന്നത്.

ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി അല്‍ താവൂണ്‍ റോഡ് മാറിയ സാഹചര്യത്തിലാണ് പുതിയ ഗതാഗത പദ്ധതിക്ക് രൂപംനല്‍കിയത്. തുരങ്കനിര്‍മാണത്തിനായി അല്‍ താവൂണ്‍ റൗണ്ട് എബൗട്ടിലെ പ്രശസ്തമായ സ്മാരകം താത്കാലികമായി നീക്കംചെയ്യേണ്ടിവരുമെന്ന് ഷാര്‍ജ ഭരണാധികാരി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്മാരകം അതേരൂപത്തില്‍ പഴയസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജയ്ക്കും ദുബൈയിക്കും ഇടയില്‍ തടസ്സമില്ലാത്ത ഗതാഗത മാര്‍ഗം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഷാര്‍ജയെ കൂടുതല്‍ ജനസൗഹൃദ നഗരമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി. ദിവസവും ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

തിരുവനന്തപുരം: പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എനിക്കെതിരായിട്ടാണ് ഫ്‌ലൈറ്റില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍, മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്? എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു. ഭയങ്കര അക്രമാസക്തനല്ലെങ്കില്‍ എന്താണ് പ്രശ്‌നം?, എന്താണ് കാര്യം എന്നു ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അതിന് പൊലീസ് കേസെടുത്തില്ല. ഇപ്പോള്‍ കോടതിയാണ് കേസെടുക്കണമെന്ന് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ ചെയ്തതല്ല. കോടതി ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആവേശവുമായി ഇറങ്ങിയ ജോർദാന് പരിചയസമ്പന്നരായ ഓസ്ട്രിയൻ പടയ്ക്ക് മുന്നിൽ പിഴയ്ക്കുകയായിരുന്നു.
​മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50′) ഒൽവാനിലൂടെ മനോഹരമായ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.

സമനിലയ്ക്കായി ജോർദാൻ പൊരുതിയെങ്കിലും 76-ാം മിനിറ്റിൽ ഡിഫെൻഡർ അൽ-അറബിന്റെ കാൽപ്പാകിൽ നിന്നും പിറന്ന ഒരു നിർഭാഗ്യകരമായ ഓൺ ഗോൾ ജോർദാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. തുടർന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സേവർ ഷ്ലാഗറുടെ നേതൃത്വത്തിൽ ഓസ്ട്രിയ കളം നിറഞ്ഞു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+12′) ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ തകർപ്പൻ വിജയം പൂർത്തിയാക്കി.