റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.

ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കഴുത്തു കുരുങ്ങി ആലപ്പുഴ തകഴി സ്വദേശി സെയ്ദ് മരിക്കുന്നത്. ബൈക്കിൽ കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ കോൺട്രാക്ടർ, കയർ കെട്ടിയവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.

സെയ്ദിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു.

റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കാല്‍നടയാത്രയില്‍ ഏറെ ജാഗ്രത ആവശ്യമാണ്. റോഡ് മുറിച്ച് കടക്കുമ്പോള്‍ സീബ്ര ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അതിനെ മാത്രം ആശ്രയിക്കുക. രാത്രി കാലങ്ങളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെടുന്ന രീതിയില്‍ തെളിച്ചമുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.

‘മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഹെഡ് ഫോണ്‍ ഉപയോഗിച്ച് കൊണ്ടോ റോഡ് മുറിച്ചു കടക്കാതെ ഇരിക്കുക. കഴിയുമെങ്കില്‍ റോഡില്‍ വരുന്ന ഡ്രൈവര്‍മാരുമായി നോട്ടം കൊണ്ടോ ആംഗ്യത്തിലൂടെയോ ആശയ വിനിമയം നടത്തി അവര്‍ നിങ്ങളെ കണ്ടു എന്നുറപ്പിക്കുക. വളവുകളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ വരുന്നില്ല എന്നുറപ്പു വരുത്തുക.’- മോട്ടോര്‍ വാഹനവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുറിപ്പ്:

1.റോഡ് മുറിച്ചു കടക്കുമ്പോള്‍ സീബ്ര ക്രോസിങ്ങുകള്‍ തെരഞ്ഞെടുക്കുക.

2.രാത്രി കാലങ്ങളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ പെടുന്ന രീതിയില്‍ തെളിച്ചമുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക.

3.റോഡിനു ഇരു പുറവും നോക്കി വാഹനങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക.

4.ശ്രദ്ധ വേണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഹെഡ് ഫോണ്‍ ഉപയോഗിച്ച് കൊണ്ടോ റോഡ് മുറിച്ചു കടക്കാതെ ഇരിക്കുക.

5.ട്രാഫിക് സിഗ്‌നലുകളും കാല്‍നടയാത്രക്കാര്‍ക്കായി സ്ഥാപിച്ച ബോര്‍ഡുകളും എല്ലായ്പോഴും ശ്രദ്ധിക്കുക.

6.നടക്കുമ്പോള്‍ റോഡിന്റെ വശത്തു കൂടിയോ അനുവദിക്കപ്പെട്ട സ്ഥലത്തു കൂടിയോ മാത്രം നടക്കുക.

7.കഴിയുമെങ്കില്‍ റോഡില്‍ വരുന്ന ഡ്രൈവര്‍മാരുമായി നോട്ടം കൊണ്ടോ ആംഗ്യത്തിലൂടെയോ ആശയ വിനിമയം നടത്തി അവര്‍ നിങ്ങളെ കണ്ടു എന്നുറപ്പിക്കുക.

8.വളവുകളില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങള്‍ വരുന്നില്ല എന്നുറപ്പു വരുത്തുക.

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എടി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് സംഭവം. വൈകീട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് പിതാവ് രതീഷ് പറയുന്നു. കുട്ടി കസേരയില്‍ നിന്നാണ് വീണത്. കുട്ടിക്ക് തലച്ചോറിലും സുഷുമ്നാ നാഡിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.

‘കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്നു. ഉടന്‍ തന്നെ ഭക്ഷണം നല്‍കി. രണ്ടു പ്രാവശ്യം ഭക്ഷണം കഴിച്ചു. ഉടന്‍ തന്നെ ചര്‍ദിച്ചു. ഉറങ്ങണമെന്ന് പറഞ്ഞു. പാലു കൊടുത്ത് ഉറക്കാമെന്ന് കരുതി പാലു നല്‍കി. എന്നാല്‍ വീണ്ടും ചര്‍ദിക്കുകയും നിര്‍ത്താതെ കരയാനും തുടങ്ങി.മോനാണ് വീണ കാര്യം പറഞ്ഞത്. തല നോക്കിയപ്പോള്‍ മുഴച്ചിരിക്കുന്നത് കണ്ടു. സിടി എടുക്കാന്‍ വിട്ടു. അതിനിടെ ടീച്ചറെ വിളിച്ചു. പന്ത്രണ്ടരയോടെയാണ് കുഞ്ഞ് വീഴുന്നത്. ടീച്ചര്‍ പറയാന്‍ മറന്നുപോയി. അതാണ് ടീച്ചറില്‍ നിന്ന്് വന്ന വീഴ്ച. മോന്‍ പറഞ്ഞത് അനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് ടീച്ചറെ വിളിക്കുന്നത്. രാത്രി 9 മണിയോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. വീഴ്ചയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചു. തലയുടെ പിന്നില്‍ മുഴ ഉണ്ട്’- രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നുമുതൽ അപേക്ഷിക്കാം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ഇന്നുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11 മുതൽ നൽകാവുന്നതാണ്.ഡിസംബർ 10 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in

വീട്ടിലെ തീന്‍മേശയുടെ കാലില്‍ ചുറ്റി രാജവെമ്പാല, ഭീതിയില്‍ വീട്ടുകാര്‍

വീട്ടിലെ തീന്‍മേശയുടെ കാലില്‍ ചുറ്റി രാജവെമ്പാല, ഭീതിയില്‍ വീട്ടുകാര്‍

പത്തനംതിട്ട: കോന്നിയില്‍ വീട്ടിനുള്ളില്‍ രാജവെമ്പാല കയറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. തീന്‍മേശയുടെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലില്‍ ചുറ്റിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്.

ഞായറാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് തോമസ് എബ്രഹാമിന്റെ വീട്. മുമ്പും ഇവിടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാന്‍ സഹായമായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നു വിട്ടു. കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് രാജേഷ്‌കുമാര്‍, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാര്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിച്ചത്.