by Midhun HP News | Nov 21, 2024 | Latest News
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും.
by Midhun HP News | Nov 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Nov 21, 2024 | Latest News, ദേശീയ വാർത്ത
മംഗലൂരു: ഉഡുപ്പിയില്‍ വെച്ച് ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.
അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.
മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോകാനായി മലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു. മംഗലൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തിൽ ഇടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

by Midhun HP News | Nov 21, 2024 | Latest News, കേരളം
കൊച്ചി: കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. വാതക ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് പൊലീസ് അറിയിച്ചു. നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറു മണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു. വാഹനം ഉയർത്തുന്നതിനിടയിലാണ് ഇന്ധനം ചോർന്നത്. ഇന്ന് പുലർച്ചെയോടെയാണ് ടാങ്കറിന്‍റെ ചോർച്ച അടക്കാനായത്.
ബുധനാഴ്ച രാത്രി ഇരുമ്പനത്തു നിന്നു വരുകയായിരുന്ന ബുള്ളറ്റ് ടാങ്കർ കളമശേരി ടിവിഎസ് ജംഗ്ഷനിൽ വച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.അപായ സാധ്യത കണക്കിലെടുത്ത് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു. 18 ടൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്. ബിപിസിഎല്ലിൽ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.

by Midhun HP News | Nov 21, 2024 | Latest News, സിനിമ
കോഴിക്കോട്: മലയാള സിനിമ അഭിനേതാവ് മേഘനാഥൻ(60) അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Recent Comments