തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ രാവിലെ 11 മണി വരെ 37.56 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തിയവരില്‍പ്പെടുന്നു. സിനിമാതാരങ്ങളായ കമല്‍ഹാസന്‍ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

വോട്ടെടുപ്പില്‍ ജനങ്ങള്‍ കാണിക്കുന്ന ആവേശം, ദ്രവീഡിയന്‍ മാതൃകയിലുള്ള ഭരണത്തിനും ക്ഷേമ പദ്ധതികള്‍ക്കുമുള്ള പൊതുജന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് ഡിഎംകെ നേതാവ് എ രാജ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 200-ലധികം സീറ്റുകള്‍ നേടുമെന്നും, സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പില്‍ ജനം ശരിയായ വിധിയെഴുത്ത് നടത്തുമെന്നും, എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

അതേസമയം, ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ബോംബേറുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം ആം ജനത ഉന്നായന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീര്‍ സന്ദര്‍ശിച്ചു. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. നൗഡയിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.

വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് ഏതാനും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയും ചെയ്തു. മൂര്‍ഷിദാബാദിലെ രത്‌നാഗഞ്ച് സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ മൂലം പോളിങ് വൈകിയത് പ്രതിഷേധത്തിന് കാരണമായി. ചിലയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആകെയുള്ള 294 സീറ്റില്‍ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29 നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ

ഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം റൗണ്ട് ബോര്‍ഡ് എക്‌സാം തീയതികളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയത്.

പത്താം ക്ലാസ് പരീക്ഷകള്‍ ഗണിത പരീക്ഷയോടെ ആരംഭിച്ച് സോഷ്യല്‍ സയന്‍സ് പരീക്ഷയോടെ അവസാനിക്കും. പരീക്ഷകള്‍ സാധാരണയായി രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ ഒരൊറ്റ ഷിഫ്റ്റിലായിരിക്കും നടക്കുക.

പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ രണ്ടാം പരീക്ഷ നടത്തുന്നത്. രണ്ട് പരീക്ഷകളിലും വെച്ച് ഏറ്റവും മികച്ച സ്‌കോര്‍ ഏതാണോ അത് അന്തിമ ഫലത്തിനായി പരിഗണിക്കും. സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ പരമാവധി മൂന്ന് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും. ഒന്നാം ഘട്ട പരീക്ഷ എഴുതിയവരും, എന്നാല്‍ മാര്‍ക്കില്‍ സംതൃപ്തരല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് രണ്ടാം ഘട്ട പരീക്ഷ.

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ കുടകളുടെ എണ്ണം കുറയ്ക്കാനും തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.

കുടമാറ്റം ഉണ്ടാവുമെങ്കിലും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമേ ഉണ്ടാവൂ. പൂരം ചടങ്ങുകളുടെ ഭാഗമായുള്ള ഇലിഞ്ഞറ മേളം, മഠത്തില്‍ വരവ് ഉള്‍പ്പെടെയുള്ള മേളങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

സ്വര്‍ണവില റിവേഴ്‌സില്‍; ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു, 1,13,000ല്‍ താഴെ

സ്വര്‍ണവില റിവേഴ്‌സില്‍; ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു, 1,13,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 880 രൂപയാണ് കുറഞ്ഞത്. 1,12,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഇടിഞ്ഞത്. 14,075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്. എന്നാല്‍, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കണം. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകം, യൂണിഫോം എന്നിവ പൂര്‍ണമായും സൗജന്യമാണ്. സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍ മെയ് 30നകം പൂര്‍ത്തിയാക്കി തദ്ദേശസ്ഥാപനത്തില്‍നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. പഠനപിന്തുണ പരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രമോഷന്‍ ലിസ്റ്റ് മെയ് രണ്ടിന് പ്രസിദ്ധീകരിക്കണമെന്നും