by Midhun HP News | Jun 15, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സീതശന്‍. ഇത് കെഎസ്ആര്‍ടിയിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില്‍ സര്‍ക്കാര്‍ തുകവേണ്ടെന്ന് കെഎസ്ആര്‍ടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രിയദര്‍ശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
സര്‍ക്കാരിനെ സംബന്ധിച്ച് ഇത് അഭിമാനനിമിഷമാണ്. അധികാരത്തിലെത്തിയിട്ട് ഒരു മാസമാകുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പറ്റിയ ചാരിതാര്‍ഥ്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാകും. സര്‍ക്കാരിന്റെ വണ്ടിയില്‍ യാത്ര ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യം നല്‍കിയാല്‍ അത് സമ്പാദ്യമാകും. ആ പണം സര്‍ക്കാരിന് കിട്ടുമെന്നും എന്നാല്‍ പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ ആപണം വീട്ടിലെത്തില്ലെന്നും അത് എവിടെ പോകുമെന്ന് ഏവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യയാത്രമൂലം ഇത്രയും രൂപ മാറ്റിവയ്ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. അതുപോലും എന്ത് ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ 800 കോടിയാണ് ഈ പദ്ധതിക്കായി മുടക്കുന്നത്. കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ഇത് നിങ്ങള്‍ ചെയ്‌തോ എന്ന് പറഞ്ഞിട്ടില്ല. കുറച്ചുനാള്‍ കഴിഞ്ഞ് ഗതാഗതവകുപ്പ് തന്നെ പറയും ഇതിനാവശ്യമായ പണം കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തുമെന്ന്. ഗതാഗതമന്ത്രിയിലും അദ്ദേഹത്തിന്റെ ടീമിലും വിശ്വാസമുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും സതീശന്‍ പറഞ്ഞു.
പരിപാടിയില്‍ മന്ത്രി സി.പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസില്‍ യാത്ര ചെയ്തു തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.
by Midhun HP News | Jun 14, 2026 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരത്തില്‍ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.ഒരു വര്‍ഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതേത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Jun 14, 2026 | Latest News, കേരളം
വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ട ബന്ധ കലശം ജൂൺ, 15, 16,17 തീയതികളിലായി നടക്കും. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
by Midhun HP News | Jun 14, 2026 | Latest News, കേരളം
കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ വർക്കല താലൂക്ക് സമ്മേളനം കെ എസ് എൽ യു സംസ്ഥാന കമ്മിറ്റി അംഗം എം. മാധവൻകുട്ടി ഉത്ഘാടനം ചെയ്തു. കെ എസ് എൽ യു താലൂക്ക് പ്രസിഡൻ്റ് പ്രസീത പ്രസന്നൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ താലൂക്കിലെ മുതിർന്ന ലൈബ്രേറിയന്മാരെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ലൈബ്രേറിയന്മാരുടെ മക്കളെയും ആദരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി വാൽസല്യം അനാഥാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും സംഭാവന ചെയ്തു. ഒപ്പം പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്: ഷബീന
സെക്രട്ടറി: രജ്ഞിനി
വൈസ് പ്രസിഡൻ്റ്: ലതിക
ജോ.സെക്രട്ടറി: ലിൻ്റ
by Midhun HP News | Jun 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീൽ മൊറോക്കോയ്ക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ നിർണായകമായത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ മാജിക്ക് ഗോളായിരുന്നു. മത്സരത്തിൽ അടിമുടി നിറം മങ്ങി കളിച്ച ബ്രസീൽ ടീമിൽ അൽപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം വിനീഷ്യസാണ്. ഗോളടിച്ചും സഹ താരങ്ങൾക്ക് ഗോളവസരം ഒരുക്കിക്കൊടുത്തും വിനി കളം വാണെങ്കിലും ടീമെന്ന നിലയിൽ ബ്രസീൽ ഈ കളി കളിച്ചാൽ മതിയാകില്ലെന്നു കടുത്ത എതിരാളികൾ പോലും സമ്മതിക്കുന്ന മങ്ങിയ പ്രകടനമാണ് സെലക്കാവോകൾ പുറത്തെടുത്തത്.
ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ 50ാം മത്സരമായിരുന്നു ഇത്. ടീമിനെ രക്ഷപ്പെടുത്തിയ ഗോൾ നേടി താരം പോരാട്ടം അവിസ്മരണീയമാക്കി.
ബ്രസീലിന്റെ വിരസമായ കളിക്ക് ജീവൻ നൽകിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്. മത്സരം പതുക്കെ ആരംഭിച്ച ബ്രസീൽ ആദ്യം ഒരു ഗോൾ വഴങ്ങിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അവരുടെ പ്രധാന താരത്തിന്റെ മാന്ത്രിക നീക്കം സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്രസീലിന് സാധിച്ചില്ല, അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മൊറോക്കോയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച അവർ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 6 ഗോൾ ശ്രമങ്ങളാണ് നടത്തിയത്. പിന്നീടാണ് ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
മൊറോക്കോയുടെ ഗോൾ അതിമനോഹരമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രഹിം ഡിയാസ് ബ്രസീലിന്റെ സെന്റർ ബാക്കുകൾക്കിടയിലൂടെ പന്ത് നൽകി. ഈ സീസണിൽ പിഎസ്‍വി ഐന്തോവനു വേണ്ടി 15 ഗോളുകൾ നേടിയ ഇസ്മായിൽ സൈബാരി ഡിയാസ് നൽകിയ പന്തുമായി മുന്നേറി. മുന്നോട്ടു കയറി വന്ന് പന്ത് തടയാൻ നിന്ന ബ്രസീൽ ഗോൾ കീപ്പർ അലിസന് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് തന്നെ സൈബാരി അലിസന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.
പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരുപാട് ചിന്തിക്കാനുള്ള വക നൽകുന്ന ഗോളായിരുന്നു 21ാം മിനിറ്റിൽ മൊറോക്കോ നേടിയത്. ഈ ഗോൾ ബ്രസീലിനെ സ്തബ്ധരാക്കി. എന്നാൽ പെട്ടെന്നാണ് ബ്രസീൽ തിരിച്ചടിച്ചത്. 32ാം മിനിറ്റിൽ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വിനീഷ്യസ് ജൂനിയർ മുതലാക്കി. മൊറോക്കോ താരങ്ങൾ വിനീഷ്യസിന് കുറച്ചധികം സ്ഥലം നൽകി. ഇത് മുതലെടുത്ത് റയൽ മാഡ്രിഡ് വിങ്ങർ തന്റെ വലതു കാലിലേക്ക് പന്ത് ഒതുക്കി വെട്ടിത്തിരിഞ്ഞ് മൊറോക്കോ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തൊടുത്തുവിട്ടു. അതുവരെ നിശബ്ദരായി സ്റ്റേഡിയത്തിൽ കളി കണ്ട ബ്രസീൽ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന സുന്ദര ഗോളായിരുന്നു ഇത്.
വിനീഷ്യസിന്റെ ഈ ഗോൾ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ആശ്വാസം നൽകുന്നതായിരുന്നു- ‘വിനീഷ്യസ് നന്നായി കളിച്ചു. എതിർ ടീമിൽ അപകടം വിതക്കാൻ അവനു സാധിച്ചു. ഒരു ലോകകപ്പ് സ്വന്തമാക്കാനുള്ള എല്ലാ കഴിവും ഉണ്ടെന്നു വിനീഷ്യസ് ബോധ്യപ്പെടുത്തുകയും ചെയ്തു’- ആഞ്ചലോട്ടി മത്സര ശേഷം വ്യക്തമാക്കി.
രണ്ടാം പകുതി ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും കളിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ പതറിയ കാസമിറോയെ മാറ്റി പകരം മാത്യൂസ് കുന്യയെ ഇറക്കി ബ്രസീൽ കളിക്ക് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചു. എന്നാൽ കുന്യയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിനീഷ്യസ് നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നിട്ടും രണ്ടാമതൊരു ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് മികച്ച പന്തടക്കവും പാസിങുമായി മൊറോക്കോ നിരന്തരം ബ്രസീൽ ബോക്സിലേക്ക് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നെങ്കിലും ഗോൾ മാത്രം വന്നില്ല.
തങ്ങളുടെ ആദ്യ കളിയിലെ പ്രകടനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷം ബ്രസീൽ പരിശീലകനു സമ്മതിക്കേണ്ടി വരുന്ന തരത്തിലുള്ള മങ്ങിയ പോരാട്ടമാണ് ബ്രസീൽ പുറത്തെടുത്തത്. ആഞ്ചലോട്ടിയെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയോ വലിയ സന്തോഷമോ നൽകുന്ന ഒന്നല്ല. ബ്രസീലിന് ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
‘ടീം അവസാന നിമിഷം വരെ കഠിനമായി പോരാടി. ഞങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് വളരെ വ്യക്തമാണ്. ആദ്യത്തെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങൾ ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ ശരിയായി വന്നില്ല. ഞാൻ നിരാശനുമല്ല, പൂർണ തൃപ്തനുമല്ല. ടീം ഇനിയും കഠിനാധ്വാനം ചെയ്യണം. മൊറോക്കോ നന്നായി കളിച്ചു. ഇത് കടുപ്പമേറിയ മത്സരം തന്നെയായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല’- ആഞ്ചലോട്ടി വ്യക്തമാക്കി.
Recent Comments