by Midhun HP News | Aug 17, 2026 | Latest News, കേരളം
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ പ്രാഥമികാന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ വസതിയിലെത്തി കോഴിക്കോട് ടൗൺ പൊലീസ് സംഘം മൊഴി രേഖപ്പെടുത്തി.

കോർപ്പറേഷൻ ഓഫീസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. മേയർ ഒ. സദാശിവനും മറ്റ് കൗൺസിലർമാരും ചേർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കാൻ തുടങ്ങിയ അതേ നിമിഷം തന്നെ ബിജെപിയുടെ 13 കൗൺസിലർമാർ ചേർന്ന് ‘വന്ദേമാതരം’ ആലപിക്കുകയായിരുന്നു. ഒരേസമയം രണ്ട് ഗാനങ്ങളും ഒരുമിച്ച് ആലപിച്ചത് വേദിയിൽ വലിയ ആശയക്കുഴപ്പത്തിനും ബഹളത്തിനും വഴിവെച്ചു. ദേശീയഗാനം പൂർത്തിയാക്കിയ ശേഷം മേയറും ഭരണസമിതി അംഗങ്ങളും വേദിയിൽ നിന്ന് മടങ്ങിയപ്പോൾ, ബിജെപി കൗൺസിലർമാർ അവിടെത്തന്നെ നിന്ന് വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമാണ് പിരിഞ്ഞുപോയത്.
സംഭവത്തിൽ ബിജെപി കൗൺസിലർമാർ മനഃപൂർവ്വം തടസ്സമുണ്ടാക്കുകയും ദേശീയഗാനത്തെ അനാദരിക്കുകയും ചെയ്തതായി കാണിച്ച് ഡിവൈഎഫ്ഐയും യുഡിഎഫ് കൗൺസിലർമാരും പൊലീസിൽ പരാതി നൽകി. അതേസമയം, വന്ദേമാതരം ആലപിക്കുന്നതിനിടെ മേയറും ഭരണസമിതിയും അനാദരവ് കാട്ടി വേദി വിട്ടുപോയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികൾ മറ്റൊരുപരാതിയും സമർപ്പിച്ചു. ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


by Midhun HP News | Aug 17, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 78,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300ലേക്കാണ് താഴ്ന്നത്.
കഴിഞ്ഞയാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇത് തുടരുന്ന കാഴ്ചയാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്. എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്.

അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള സാധ്യത മങ്ങുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്തോടെ 95.59ലേക്കാണ് രൂപ ഇടിഞ്ഞത്. പ്രധാനമായി ഭാരതി എയര്‍ടെല്‍, റിലയന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.


by Midhun HP News | Aug 17, 2026 | Latest News, കേരളം
മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി വനിതാ നേതൃത്വം. ചരിത്രത്തിലാദ്യമായി മൂന്നാർ പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതലയിലേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ നിയമിതയായി. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ കൃഷ്ണപ്രിയ ഉണ്ണിയാണ് (28) മൂന്നാറിന്റെ പുതിയ എസ്എച്ച്ഒ ആയി ചുമതലയേറ്റത്.

2024 ബാച്ച് സബ് ഇൻസ്പെക്ടറായ കൃഷ്ണപ്രിയയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണിത്. പരിശീലനത്തിന് ശേഷം കണ്ണൂരിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് എത്തുന്നത്. തുടർന്ന് നിലവിലെ പ്രിൻസിപ്പൽ എസ്ഐ സ്ഥലം മാറിപ്പോയതോടെ സ്റ്റേഷന്റെ പൂർണ്ണ ചുമതല കൃഷ്ണപ്രിയക്ക് കൈവരുകയായിരുന്നു.
ദിവസേന പതിനായിരക്കണക്കിന് വിദേശ-സ്വദേശി സഞ്ചാരികൾ എത്തുന്ന മൂന്നാറിലെ ക്രമസമാധാന പരിപാലനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കൽ, കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങി നിരവധി സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങളാണ് പുതിയ എസ്.എച്ച്.ഒയെ കാത്തിരിക്കുന്നത്. സ്വന്തം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയുടെ സുരക്ഷാ ചുമതല കൃത്യമായി നിർവ്വഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടുക്കിയുടെ ഈ പെൺകരുത്ത്. നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി-സുമ ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.


by Midhun HP News | Aug 17, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,14,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 14,270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിക്കുന്ന ഷുവര്‍ ക്വസ്റ്റ്യന്‍ (Sure Question) പ്രചാരണങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ‘ചോദ്യപ്പേപ്പര്‍ ലഭ്യമാണ്’, ‘ഞങ്ങള്‍ പറയുന്ന ചോദ്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതി’, ‘ഇത് മാത്രം പഠിച്ചാല്‍ പരീക്ഷ ജയിക്കാം’ തുടങ്ങിയ വ്യാജ അവകാശവാദങ്ങളാണ് ഇത്തരം വിഡിയോകളിലൂടെ പ്രചരിക്കുന്നത്. ഇത് വിദ്യാര്‍ഥികളില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നു. ചില യൂട്യൂബ് ചാനലുകള്‍ മന്ത്രിയുടെ ചിത്രം കൂടി വെച്ചാണ് ഇത്തരം വിഡിയോകള്‍ക്ക് തമ്പ്‌നെയില്‍ നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുന്നു.

പരീക്ഷാ സമയത്ത് അവസാന നിമിഷം പഠിച്ചാല്‍ മതിയെന്ന തെറ്റായ സന്ദേശം ഇത്തരം ചാനലുകള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ വകുപ്പിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കണമെന്നും പരാതിയില്‍ പറയുന്നു.


Recent Comments