പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു; ആളൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു; ആളൊഴിഞ്ഞ സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം പഴശ്ശി കനാലിന്റെ ഓവർഹെഡ് ഇടിഞ്ഞുവീണു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായിരുന്ന കനാൽ ഓവർഹെഡ് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തകർന്നുവീണത്. അമ്പത് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപൊത്തിയത്.

ഓവർഹെഡിന്റെ അടിഭാഗത്തുകൂടി പ്രധാന റോഡ് കടന്നുപോകുന്നുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കനാൽ അപകടഭീഷണി ഉയർത്തുന്ന വിവരം ഒന്നിലധികം തവണ ജലസേചന വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.സംഭവസ്ഥലം സന്ദർശിച്ച അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ, ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അപകടാവസ്ഥയിലുള്ള ബാക്കി ഭാഗം ഉടൻ പൊളിച്ചുനീക്കണമെന്നും പഴശ്ശി പദ്ധതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ കളക്ടർ പി. വിഷ്ണു രാജ്, പള്ളിപ്രം ഡിവിഷൻ കൗൺസിലർ അർഷാദ് എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി

വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

നേരത്തെ ഓണാഘോഷ ദിനത്തില്‍ നിശ്ചയിച്ച എട്ടാം ക്ലാസുകാരുടെ പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം, മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും. 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ തീരുമാനം.

അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.

25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റും വില്‍പ്പനയ്‌ക്കെത്തും.

ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഓണച്ചന്ത ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് സപ്ലൈകോ സ്‌റ്റോറുകള്‍ കിറ്റ് വിതരണത്തിന് തയ്യാറെടുക്കുന്നത്.

പൊന്നിന്‍ ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? അറിയാം സമ്പൂര്‍ണ മാസ ഫലം

പൊന്നിന്‍ ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? അറിയാം സമ്പൂര്‍ണ മാസ ഫലം

ചിങ്ങം 1 ന് (ഓഗസ്റ്റ് 17-ന് ) പകല്‍ 07:59 നാണ് മകം ഞാറ്റുവേല ആരംഭിക്കുക. ചിങ്ങം 15 ന് (ഓഗസ്റ്റ് 31 ന് ) പകല്‍ 03:58 ന് പൂരം ഞാറ്റുവേലയും തുടങ്ങും. ചിങ്ങം 28 ന് (സെപ്റ്റംബര്‍ 13 ന് ) രാത്രി 9:48 ന് ഉത്രം ഞാറ്റുവേലയും തുടങ്ങും.

ബുധന്‍ ഓഗസ്റ്റ് 22 ന് ചിങ്ങത്തിലേയ്ക്കും ശുക്രന്‍ സെപ്റ്റംബര്‍ 2 ന് തുലാത്തിലേയ്ക്കും ബുധന്‍ സെപ്റ്റംബര്‍ 7 ന് കന്നിയിലേയ്ക്കും മാറും.

പഴയ വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍ ശരാശരി 7 ാാ നടുത്ത് മഴ പെയ്ത ദിവസങ്ങളുള്ള പാറ്റേണ്‍ ആണീ സമയത്ത്. ചൂട് കൂടുന്നതിനുള്ള സാധ്യതയും നിലവിലുണ്ട്.

ഉലര 9 വരെ ശനിയ്ക്ക് വക്രാ വസ്ഥ കാണുന്നത് ഭൂകമ്പ ലക്ഷണമാണ് കാണിക്കുന്നത്.

ഓഗസ്റ്റ് 23 ന് ശ്രാവണമാസം കഴിഞ്ഞ് ഭാദ്രപദമാസവും തുടങ്ങും. ഓഗസ്റ്റ് 24നാണ് വാമന ജയന്തി. ഓഗസ്റ്റ് 25 ന് ഉത്രാടവും ഓഗസ്റ്റ് 26ന് തിരുവോണവും ആഘോഷിക്കും. ഓഗസ്റ്റ് 30നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. സെപ്തംബര്‍ 4 നാണ് ശ്രീകൃഷ്ണ ജയന്തി. വിനായക ചതുര്‍ത്ഥി വരുന്നത് സെപ്തംബര്‍ 14 നാണ്.

വിദ്യാര്‍ത്ഥികള്‍, ശാസ്ത്ര ഗവേഷകര്‍, അദ്ധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഭരണരംഗത്തുള്ളവര്‍, സിനിമാമേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ട സമയമാണിത്.

സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും എല്ലാം സൂചന നല്‍കുന്നതുമാണീ ഗ്രഹ ഘടന.

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട് ഉയർന്ന വിവാദങ്ങളെ തനിക്ക് അനുകൂലമായ രാഷ്ട്രീയ നേട്ടമാക്കി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. കോൺഗ്രസ് ദേശീയ നേതൃത്വവും പാർട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാന സർക്കാരുകളും വന്ദേമാതരം ആലപിച്ചുകൊണ്ട് മുന്നോട്ടുപോയപ്പോഴും, സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് ഗാനം ഒഴിവാക്കാനാണ് കേരളം തീരുമാനിച്ചത്. ദേശീയതയിലും മതേതരത്വത്തിലും യുഡിഎഫ് സർക്കാർ ബിജെപിയോട് അടുക്കുകയാണെന്ന പ്രതിപക്ഷമായ എൽഡിഎഫിന്റെ നിരന്തര ആരോപണങ്ങൾക്കിടയിൽ, തന്റെ മതേതര പ്രതിച്ഛായ കൂടുതൽ ശക്തമാക്കാൻ ഈ തീരുമാനം സതീശനെ സഹായിക്കും.

വിവാദ ഭാഗങ്ങൾ ഒഴിവാക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ മുൻ നിലപാട് നിലനിൽക്കെത്തന്നെ, ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിച്ചിരുന്നു. കൂടാതെ, കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കുകയും ചെയ്തു. എന്നാൽ കേരളം ഔദ്യോഗിക ചടങ്ങിൽ ഇത് പൂർണ്ണമായും ഒഴിവാക്കുകയാണുണ്ടായത്. അതേസമയം, തിരുവനന്തപുരത്തെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്ത് പാർട്ടിയുടെ ഔദ്യോഗിക നയത്തിന് അനുസൃതമായി ആദ്യത്തെ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചു.

ഔദ്യോഗിക പരിപാടിയിൽ വരികൾ മുഴുവൻ ആലപിക്കുമോ എന്ന് മാധ്യമപ്രവർത്തകർ നേരത്തെ ചോദിച്ചപ്പോൾ വ്യക്തമായ നിലപാട് വെളിപ്പെടുത്താതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. “സ്വാതന്ത്ര്യദിനത്തിൽ എന്ത് സംഭവിക്കുന്നു എന്ന് കണ്ടുനോക്കൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ ഹ്രസ്വമായ മറുപടി. സ്വാതന്ത്ര്യദിനത്തിലും ‘ഹർ ഘർ തിരംഗ’ പരിപാടികളിലും വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാൻ ചീഫ് സെക്രട്ടറി സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

നേരത്തെ, 2026 മെയ് 18-ന് വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി കേൾപ്പിച്ചതും സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ലോക് ഭവന്റെ തീരുമാനത്തെക്കുറിച്ച് തനിക്കോ സഹപ്രവർത്തകർക്കോ അറിവില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചത്.

ചീഫ് സെക്രട്ടറിയുടെ സർക്കുലറും പിഎംശ്രീ പദ്ധതിയിലെ അനുകൂല നിലപാടും ഉയർത്തിക്കാട്ടി യുഡിഎഫ് സർക്കാർ ബിജെപിയുടെ രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങുകയാണെന്ന് സ്ഥാപിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ആ വാദം നിലനിർത്താൻ എൽഡിഎഫിന് പ്രയാസമായി. പാർട്ടിയുടെ നേതൃത്വവും മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളും ആ നിലപാട് ഒരേപോലെ പിന്തുടർന്നില്ലെങ്കിൽ പോലും, കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത് തന്നെയാണ് ഒടുവിൽ സതീശൻ സർക്കാർ ചെയ്തതെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

എന്നാൽ ഈ സംഭവവികാസങ്ങൾ കോൺഗ്രസിനുള്ളിലെ ആശയപരമായ അന്തരം തുറന്നുകാട്ടുന്നതിനൊപ്പം കേരളത്തിൽ ബിജെപി-സംഘപരിവാറിന് ഒരു രാഷ്ട്രീയ അവസരം തുറന്നുനൽകിയതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് സതീശന് വലിയ രാഷ്ട്രീയ മൈലേജാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. എങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് ഇത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, കേരളത്തിൽ കോൺഗ്രസാണ് സർക്കാരിനെ നയിക്കുന്നതെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന രീതിയിൽ ആർ.എസ്.എസും ബിജെപിയും ഇതിനകം തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.