ആദ്യമായി ‘കിരീട മധുരം നുണഞ്ഞ്’ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

ആദ്യമായി ‘കിരീട മധുരം നുണഞ്ഞ്’ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!

ലണ്ടൻ: ഇം​ഗ്ലണ്ടിൽ അരങ്ങേറിയ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാ​ഗത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സും വനിതാ വിഭാ​ഗത്തിൽ ട്രെന്റ് റോക്കറ്റ്സും കിരീടം നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീട നേട്ടം കൂടിയാണ് ആഘോഷിച്ചത്. പുരുഷ പോരിൽ സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനേയും വനിതാ വിഭാ​ഗത്തിൽ ട്രെന്റ് റോക്കറ്റ്സ് സൺറൈസേഴ്സ് ലീഡ്സിനെയും വീഴ്ത്തി. ലോർഡ്സിൽ അരങ്ങേറിയ രണ്ട് ഫൈനലുകളിൽ മിന്നും ജയങ്ങളാണ് ഇരു ടീമുകളും സ്വന്തമാക്കിയത്. പുരുഷ, വനിതാ വിഭാ​ഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിന് ഇത്തവണ മുതൽ സംയോജിത പുരസ്കാരവും നൽകുന്നുണ്ട്. ഹെലിക്സ് ട്രോഫിയാണ് ടീമിനു സമ്മാനിക്കുന്നത്. പ്രഥമ പുരസ്കാരം ട്രെന്റ് റോക്കറ്റ്സ് വനിതകൾക്കാണ്.

സീഫെർട്ട് വെടിക്കെട്ട്

ട്രെന്റ് റോക്കറ്റ്സിനെ 5 വിക്കറ്റിനു വീഴ്ത്തിയാണ് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ ആദ്യ ദി ഹണ്ട്രഡ് ട്രോഫി ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് (19 പന്തിൽ 38 റൺസ്), ക്യാപ്റ്റൻ ലൂയിസ് ​ഗ്രി​ഗറി (19 പന്തിൽ 32 റൺസ്) എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബെൻ ഡക്കറ്റ് ടീമിനു മികച്ച തുടക്കം നൽകിയെങ്കിലും മാഞ്ചസ്റ്റർ സ്പിന്നർ നൂർ അഹമദ് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം നിയന്ത്രിച്ചു.

159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ (14 പന്തിൽ 22 റൺസ്) മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി. ഇരുവരും ചേർന്ന് 31 പന്തിൽ 66 റൺസ് ചേർത്തു.

അവസാന നിമിഷത്തിൽ മത്സരം നാടകീയമായി. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വിജയമുറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽ മുൻ പാക് പേസർ മുഹമ്മദ് ആമിർ (29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്) മികച്ച ബൗളിങ് പുറത്തെടുത്ത് ഒരുവേള ഞെട്ടിച്ചു. അവസാന രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലിയാം ഡോസൻ സിക്സർ തൂക്കി മാഞ്ചസ്റ്ററിനെ 98 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലെത്തിച്ച് ജയവും കിരീടവും സമ്മാനിച്ചു.

അനായാസം റോക്കറ്റ്സ്

പുരുഷ ഫൈനൽ അവസാന നിമിഷം വരെ നീണ്ടെങ്കിൽ വനിതാ പോരാട്ടം ട്രെന്റ് റോക്കറ്റ്സിന്റെ അനായാസ വിജയത്തോടെ അതിവേ​ഗം അവസാനിച്ചു. സൺറൈസേഴ്സ് ലീ‍ഡ്സിനെ 8 വിക്കറ്റിനു തക‍ർത്താണ് വനിതകൾ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലീഡ്സിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ 26 റൺസ് മാത്രമാണ് അവർക്ക് ചേർക്കാനായത്. 3 വിക്കറ്റും നഷ്ടമായി. പിന്നീടൊരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനും അവർക്കായില്ല.

അന്നബെൽ സതർലാൻഡ‍് (23 പന്തിൽ 25 റൺസ്), ഡാനി ​ഗിബ്സൻ (16 പന്തിൽ 22 റൺസ്), എന്നിവർ മാത്രമാണ് ചെറുത്തു നിന്നത്. ട്രെന്റ് റോക്കറ്റ്സിനായി ജോർജിയ ആദംസ് (9 റൺസിന് 2 വിക്കറ്റ്), ചാർലി ഫിലിപ്സ് (12 റൺസിന് 2 വിക്കറ്റ്) എന്നിവർ മികച്ച ബൗളിങ് പുറത്തെടുത്തു. ലീഡ്സിന്റെ പോരാട്ടം ഒടുവിൽ 91 പന്തിൽ 91 റൺസിൽ അവസാനിച്ചു.

അനായാസ ലക്ഷ്യമായ 92 റൺസിലേക്ക് ബാറ്റെടുത്ത ട്രെന്റ് റോക്കറ്റ്സ് ഒരിക്കൽ പോലും മികവ് കൈവിട്ടില്ല. സോഫി ഡ​ങ്ക്ലി (23 പന്തിൽ 41 റൺസ്), ബെത് മൂണി (21 പന്തിൽ പുറത്താകാതെ 31 റൺസ്) എന്നിവർ ചേർന്ന് ടീം ജയം ഉറപ്പിച്ചു. വെറും 54 പന്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ട്രെന്റ് റോക്കറ്റ്സ് 92 റൺസ് അടിച്ചെടുത്തു. 46 പന്തുകൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്

ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച് യുവാവ്

കരിവെള്ളൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവതിയെയും ഭാര്യാമാതാവിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചു. കരിവെള്ളൂർ കൂക്കാനത്താണ് സംഭവം. കൂക്കാനം സ്വദേശി പ്രജിഷക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രജിഷയെ തീക്കൊളുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മ പത്മിനിക്കും പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ പ്രജിഷയെയും അമ്മ പത്മിനിയെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രജിഷയെ ആക്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

ഡല്‍ഹി: നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷ. യുപിയിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വാദവും വീണ്ടും ചര്‍ച്ചയാകുകയാണ്.

മുസാഫര്‍ നഗറില്‍ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാര്‍ ദിവാകര്‍ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ റെക്കോര്‍ഡാണ് ജഡ്ജി രവികുമാര്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയില്‍ ജോലി ചെയ്യവെ 13 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി ജഡ്ജി രവികുമാര്‍ ദിവാകര്‍ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.

അഡ്വക്കേറ്റ് സമീര്‍ സൈഫിയുടെ കൊലപാതകത്തില്‍ ഏപ്രില്‍ ആറിന് മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫര്‍നഗര്‍ സെഷന്‍സ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസില്‍ ഏപ്രില്‍ 28 ന്, സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവര്‍ച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.

‘വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകള്‍ക്കു ശേഷവും ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന തത്വത്തിന്റെ പവിത്രത മനസ്സില്‍ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, BNSS-ന്റെ സെക്ഷന്‍ 407(1) പ്രകാരം, സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

95

രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് സാഹചര്യം ഒത്തുവരുമ്പോൾ ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല സംഘം കവർന്നിരുന്നു. കൂടാതെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും ഈ സംഘം കവർന്നു.

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). അച്ഛൻ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ തനിക്ക് ഒരു കാര്യം പോലും ചെയ്യാൻ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.

മച്ചാൻസ് വ്ലോ​ഗ് എന്ന പോഡ്കാസ്റ്റിൽ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. “അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.

പക്ഷേ ഞാൻ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസിൽ കിടപ്പുണ്ട്. അച്ഛൻ മദ്യപിച്ച് വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാൻ. ഞാൻ ഭയങ്കരമായി കൺട്രോൾ ചെയ്ത് നിർത്തും.

കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാൻ. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മൾ ഒറ്റയ്ക്ക് ആയിരിക്കും.

എപ്പോഴും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാൻ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കിൽ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോൾ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാൻ പറ്റത്തില്ല”.- കിച്ചു സുധി പറഞ്ഞു.