ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്‌ തല തൈ വിതരണോദ്ഘാടനം നടന്നു

വർക്കല: വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27 ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. വനിതാ കാർഷിക കൂട്ടായ്മ അംഗങ്ങൾ പുഷ്പകൃഷിക്കുവേണ്ടി തൈകൾ ഏറ്റുവാങ്ങി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.

ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. സംഭവ ദിവസത്തെ യഥാര്‍ത്ഥ ദൃശ്യങ്ങളുടെയും കൃത്രിമമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. യുപി സ്വദേശിയായ 22കാരന്‍ സൗരവ് ആണ് പിടിയിലായത്. ഡല്‍ഹിയില്‍ വച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തേ പിടിയിലായത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്. ഏപ്രില്‍ പത്തിനാണു നിതിന്‍രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നുചാടി മരിച്ചത്.നിതിന്‍ രാജിന്റെ മരണത്തില്‍ ‘ഇന്‍സ്റ്റ പേ ലോണ്‍’ ആപ്പിനെതിരെ കേസെടുത്തിരുന്നു. ബിഎന്‍എസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാര്‍ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറിലുണ്ട്. ജീവനൊടുക്കിയത് തലേന്ന് ഇന്‍സ്റ്റ പേ എന്ന ലോണ്‍ ആപ്പില്‍നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്‌സാപ് മെസേജുകളും വന്നതായി കണ്ടെത്തിയിരുന്നു.

‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

മേജർ രവിയും മോഹൻലാലും ഒന്നിച്ച് വീണ്ടുമെത്തുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മേജർ രവി. മോഹൻലാൽ ചിത്രം ഉണ്ടാകുമെന്ന് മേജർ രവി ഉറപ്പിച്ചു പറയുന്നു. സിനിമയ്ക്ക് പുതിയ നിർമാതാവിനെ ലഭിച്ചുവെന്നും കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല, മോഹൻലാൽ ചിത്രം വന്നിരിക്കുമെന്നും മേജർ രവി പറഞ്ഞു.

മേക്ക് സെന്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പഹൽഗാം ബേസ്ഡ് സിനിമയാണ്. ഇനിയിപ്പോള്‍ അത് തുറന്നങ്ങ് പറയാം. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ, വൃഷഭ പോലെയുള്ള എന്‍റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ട് പോലുമില്ല. പക്ഷേ ഞാന്‍ എന്‍റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്‍റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കി.

ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ വന്നിട്ടുണ്ട്. കന്നഡയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഈ പ്രൊജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതു പോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്‍റെ ഒരു കഥ അതില്‍ ഉണ്ടാകും. ഒപ്പം പ്രതികാരത്തിന്‍റെ ഒരു പീക്കും.

ഒരു കഥ എങ്ങനെ വരും എന്നുള്ളത് നിങ്ങൾ പടം കാണുമ്പോഴേ അറിയാൻ പറ്റുകയുള്ളൂ. ഞാൻ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് കഥ പറയുന്നത്”.- മേജര്‍ രവി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് തുടങ്ങിയ സെെനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന് ‘പഹൽഗാം ഒപി സിന്ദൂർ’ എന്നാണ് പേരിട്ടിരിക്കുന്നത്. ‌ഈ സിനിമയിൽ, മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

NEET UG പരീക്ഷാ സമയം കൂട്ടി, ബുക്ക്‌ലെറ്റിലും മാറ്റം; പരിഷ്‌കാരങ്ങളുമായി NTA

NEET UG പരീക്ഷാ സമയം കൂട്ടി, ബുക്ക്‌ലെറ്റിലും മാറ്റം; പരിഷ്‌കാരങ്ങളുമായി NTA

ഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് പേജുകളുടെ എണ്ണം കൂട്ടുകയും ചെയ്തതുള്‍പ്പെടെയാണ് പുതിയ മാറ്റങ്ങള്‍. വിദ്യാര്‍ഥികളുടെ സൗകര്യം മാനിച്ചാണ് പരിഷ്‌കാരങ്ങളെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ എന്‍ടിഎ വ്യക്തമാക്കി.

നേരത്തെ ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5 വരെയായിരുന്നു പരീക്ഷാസമയം. പുതിയ പരിഷ്‌കരണമനുസരിച്ച് 5.15 വരെയായി ഇത് ദീര്‍ഘിപ്പിച്ചു. അതായത് 180 മിനിറ്റുണ്ടായിരുന്ന പരീക്ഷ ഇനി 195 മിനിറ്റാകും. 15 മിനിറ്റ് അധികം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് മുമ്പുള്ള അറ്റന്‍ഡന്‍സ് മാര്‍ക്കിങ്, ഇന്‍വിജിലേഷന്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ ഈ സമയത്തില്‍ വരും. 15 മിനിറ്റ് അധികം ലഭിക്കുന്നതോടെ പരീക്ഷക്കിടയില്‍ ഒപ്പിടുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ ഒഴിവായിക്കിട്ടും.

ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് വര്‍ക്കിനായി ഇനി മുതല്‍ നാല് പേജുകളുണ്ടാകും. ഇതുവരെ ഇത് രണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ നടത്താനും ഡയഗ്രങ്ങള്‍ വരച്ചുനോക്കാനും ഉള്‍പ്പെടെ ഇത് ഉപയോഗപ്പെടുത്താം. രണ്ട് റഫ് പേജുകള്‍ മുമ്പത്തേതു പോലെ ബുക്ക്‌ലെറ്റിന്റെ പിന്നിലും രണ്ടെണ്ണം നിര്‍ദേശങ്ങളെഴുതിയ പേജിന് തൊട്ടരികിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകള്‍ നല്‍കിയതെന്ന് എന്‍ടിഎ വ്യക്തമാക്കി.

ചെറിയ മാറ്റങ്ങള്‍ പോലും നീറ്റ് പോലുള്ള പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് എന്‍ടിഎ പറയുന്നു. പരീക്ഷ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃതമാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. അതേസമയം പരീക്ഷാ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. പരീക്ഷക്കെത്തുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണമെന്നും എന്‍ടിഎ ആവശ്യപ്പെടുന്നു.

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.