ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ ( ശനിയാഴ്ച) പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.

മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരന്റെ തലയിലേക്ക് കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നുവീണു; സാരമായി പരിക്ക്

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരന്റെ തലയിലേക്ക് കെട്ടിടത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നുവീണു; സാരമായി പരിക്ക്

തൃശൂര്‍: വഴിയാത്രക്കാരന്റെ തലയില്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്ന് വീണ് സാരമായി പരിക്കേറ്റു. തൃശൂര്‍ മണികണ്ഠന്‍ ആലിലാണ് സംഭവം. സാരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.

രാവിലെ ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ച്ചില്ലുകള്‍ തലയില്‍ വീണത്. പരിക്കേറ്റ വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.

യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ഉദ്ധരിച്ചും യുവതിയുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

യുവ ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിന്ന് ഗണ്യമായ അളവില്‍ സ്രവം ലഭിച്ചിരുന്നു. ഇത് ബീജമാകാനാണ് സാധ്യത. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് 150 മില്ലിഗ്രാം സ്രവം കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘ ജനനേന്ദ്രിയത്തില്‍ നിന്ന് കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒരു വ്യക്തിയുടേതാകാന്‍ കഴിയില്ല. ഒന്നിലധികം ആളുകളുടെ പങ്കാളിത്തം ഇത് സൂചിപ്പിക്കുന്നു, ”ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറി ഡോ സുബര്‍ണ ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരയുടെ ശരീരത്തില്‍ നിന്ന് 150 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി മാതാപിതാക്കളുടെ ഹര്‍ജി ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബീജത്തിന്റെ അളവ് കൂട്ടബലാത്സംഗം എന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകളുടെ നഗ്‌നശരീരത്തില്‍ കാലുകള്‍ ബലംപ്രയോഗിച്ച് നീട്ടിയതിന്റെ അടയാളങ്ങള്‍ കുറ്റകൃത്യത്തിന്റെ ഭയാനകത വ്യക്തമാക്കുന്നതാണെന്ന് യുവ ഡോക്ടറിന്റെ മാതാപിതാക്കള്‍ പറയുന്നു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ യുവതിയുടെ കണ്ണടയില്‍ നിന്ന് ഗ്ലാസ് കഷ്ണങ്ങള്‍ പൊട്ടി കണ്ണുകളിലേക്ക് തുളച്ചു കയറിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കല്‍ക്കട്ട ഹൈക്കോടതി കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയിരിക്കുകയാണ്.

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാഹര്യമാണ് ഉള്ളത്. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓ​ഗസ്റ്റ് 18 വരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ അവാർഡിനായി കടുത്ത മത്സരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ്. ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.

മികച്ച നടനായി കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് സൂചന. അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം നേടുമോയെന്നതും ആകാംക്ഷയുണർത്തുന്നു. കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടൻ.

മികച്ച നടിക്കായും കടുത്ത പോരാട്ടമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ മുന്നിട്ടു നിർത്തുന്നത്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.