by Midhun HP News | Aug 2, 2024 | Latest News, ജില്ലാ വാർത്ത
കർക്കടകവാവ് ബലിക്ക് പാപനാശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കും ഗതാഗത സൗകര്യത്തിനുമായി വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മുതൽ ശനിയാഴ്ച ഉച്ചവരെയാണ് നിയന്ത്രണം.
പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്നും പാപനാശത്തേക്ക് വരുന്ന ബസുകൾ വർക്കല,പുന്നമൂട്,കൈരളിനഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെ പോകണം.
കാപ്പിൽ ഭാഗത്തു നിന്ന് വരുന്ന ബസ്ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ്മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
അയിരൂർ, നടയറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ നടയറയിൽ നിന്ന് ഇടത്തേക്ക്തിരിഞ്ഞ് എസ്.എൻ കോളേജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട്,കൈരളിനഗർ വഴി ക്ഷേത്രംഭാഗത്തേക്ക് പോകണം. കിളിത്തട്ട് മുക്കിൽ നിന്ന് ആൽത്തറമൂട്, കൈരളി നഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ശിവഗിരി എസ്.എൻ കോളേജ്, എസ്.എൻ സീനിയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപ്പാട്, പെരുങ്കുളം, നടയ്ക്കാവ് മുക്ക്, റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം. പുന്നമൂട് ഗവ.ഐ.ടി.ഐ, വാച്ചർ മുക്ക് (പ്രത്യേക ഗ്രൗണ്ട്), നന്ദാവനം, മൈതാനം കൃഷിഭവനു സമീപം, ആയുർവേദാശുപത്രിക്ക് സമീപം എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് വർക്കല പൊലീസ് അറിയിച്ചു.
മറ്റുസ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത കച്ചവട പണപ്പിരിവും നിരോധിച്ചിട്ടുണ്ട്.
by Midhun HP News | Aug 2, 2024 | Latest News, ദേശീയ വാർത്ത
‘ഗോയിങ് ഔട്ട്’ ബിസിനസുകളെ ഏകോപിപ്പിച്ച് പുതിയ ആപ്പ്’ഡിസ്ട്രിക്ട്’ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡൈനിങ്, സിനിമകളും പരിപാടികളും കാണാന്‍ സഹായിക്കുന്ന ടിക്കറ്റിങ് സേവനം അടക്കമാണ് ഗോയിങ് ഔട്ട് ബിസിനസില്‍ വരുന്നത്.
സിംഗില്‍ പ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ ലൈഫ്‌സ്റ്റൈല്‍ സേവനങ്ങളും അണിനിരത്താന്‍ ലക്ഷ്യമിട്ടാണ് ഡിസ്ട്രിക്ട് എന്ന പേരില്‍ പുതിയ ആപ്പിന് കമ്പനി തുടക്കമിടുന്നത്. ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ സേവനം നല്‍കുന്ന നിലവിലെ രീതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് എന്ന് കമ്പനിയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ‘ഭക്ഷണത്തിനായി റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ‘ഗോയിങ് ഔട്ട്’ ബിസിനസുകളിലൊന്ന് ഞങ്ങളുടേതാണ്. ഞങ്ങളുടെ ഡൈനിംഗ് ഔട്ട് ബിസിനസിന് അപ്പുറം ഗോയിങ് ഔട്ട് ബിസിനസിനെ വളര്‍ത്താന്‍ അവസരമുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ഡൈനിംഗ് ഔട്ടിന് പുറമേ സിനിമ, സ്പോര്‍ട്സ് ടിക്കറ്റിംഗ്, ലൈവ് ഷോകള്‍, ഷോപ്പിംഗ്, താമസസ്ഥലങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി പുറത്തുപോകുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സേവനം വിപുലീകരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Aug 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പാവൂർക്കോണം 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു സമ്മേളന ഉദ്ഘാടവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തുന്നു. ഒപ്പം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ശാന്തി നഗറിലാണ് പരിപാടി നടക്കുന്നത്. പൊതു സമ്മേളന ഉദ്ഘാടനവും, അവാർഡ് വിതരണവും അഡ്വ. അടൂർ പ്രകാശ് എംപി നിർവഹിക്കും. മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ് പാർട്ടി ഓഫീസ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും.
by Midhun HP News | Aug 2, 2024 | Uncategorized
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്
.
by Midhun HP News | Aug 2, 2024 | Latest News, കേരളം
മുണ്ടക്കൈ,ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.മുണ്ടക്കൈ രണ്ടാമത്തെ,സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും,വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും,ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും,പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.ഇതിന് പുറമെ ഇന്ന് മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 6 നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പങ്കെടുത്തു.
Recent Comments