by Midhun HP News | Oct 28, 2026 | Latest News, കേരളം
കൊച്ചി: കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി.
എം എസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ ആരോപിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വച്ച് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂറിനെ തടഞ്ഞുവച്ച് വിചാരണ ചെയ്‌ത് കൊലപ്പെടുത്തി എന്നാണ് കേസ്. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ കാലയളവിനിടെ രണ്ട് പ്രതികൾ മരണപ്പെട്ടു.
33 പ്രതികളുള്ള കേസില്‍ പി ജയരാജൻ 32-ാം പ്രതിയും, ടി വി രാജേഷ് 33-ാം പ്രതിയുമാണ്. സഹകരണ ആശുപത്രിയിൽ വെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
by Midhun HP News | Oct 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. പി എസ് സി മുന്‍ ഉദ്യോഗസ്ഥന്‍ പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സി ചെയര്‍മാന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കേയാണ്, കേസുമായി ബന്ധപ്പെട്ട് മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.
പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് സതീഷ്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളാണ് സതീഷ്. അഡീഷണല്‍ സെക്രട്ടറി ഹരിയാണ് കേസിലെ രണ്ടാമത്തെ പ്രതി. സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരീക്ഷയില്‍ 54 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ, ഒരാള്‍ക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സതീഷിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് മുന്‍പ് രണ്ടു തവണ സതീഷിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
by Midhun HP News | Oct 28, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് സ്വദേശി എഴുതിയ നോവൽ നവംബർ 1ന് രാജീവ് അഞ്ചൽ കായിക്കരയിൽ പ്രകാശനം ചെയ്യും. കായിക്കര കിഴക്കു വിളാകത്തു വീട്ടിൽ വേണുവിന്റെയും മിനിയുടേയും മകൻ വി. എം. വൈശാഖാണ് മഹാബലവാനായ ഭീമസേനന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ഭീമായനം’ എന്ന പുസ്തകം എഴുതിയത്.
പുസ്തകത്തിന്റെ പ്രകാശനം കേരള പിറവി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് രാവിലെ 10:00 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ നിർവ്വഹിക്കും. പാൻഡോറ ബുക്‌സ്.ഇൻ (Pandora Books.in) ആണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ സാംസ്കാരിക – സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
by Midhun HP News | Oct 28, 2026 | Latest News, കേരളം
കൊച്ചി: പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് താരത്തിനും സംവിധായകനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.
ഇരുവിഭാഗവും തമ്മിലുള്ള തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പിലെത്തിയതിനാലും, പരസ്പരം മറ്റ് പരാതികളോ തർക്കങ്ങളോ ഇല്ലാത്തതിനാലും കേസുകളുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കേസിലെ വസ്തുതകളും കോടതിയിൽ സമർപ്പിച്ച രേഖകളും പരിശോധിച്ചതിൽനിന്ന് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ല. മാത്രമല്ല, കേസ് തുടർന്നു കൊണ്ടുപോയാലും പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീർത്തും വിരളമാണെന്നിരിക്കെ വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയുടെ സമയം പാഴാക്കലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
‘ഇന്ത്യൻ മൂവി മേക്കേഴ്സ്’ ഉടമയായ പി.എസ്. ഷംനാസ് കോട്ടയം തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരുന്നത്. 3.5 കോടി മുതൽ 4 കോടി രൂപ വരെ മുടക്കി നിർമ്മിച്ച ‘മഹാവീര്യർ’ എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന്, ഇരുവരും ചേർന്ന് ഷംനാസിന് ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന പുതിയ ചിത്രത്തിൽ സഹനിർമ്മാതാവ് പദവിയും വിദേശ വിതരണാവകാശത്തിൽ നിന്നുള്ള ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു പരാതി.
എന്നാൽ പിന്നീട് ചിത്രത്തിന്റെ ടൈറ്റിൽ കൈമാറ്റം രഹസ്യമാക്കി വെക്കുകയും, കാലാവധി കഴിഞ്ഞ പഴയ കരാർ ഉപയോഗിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് ചിത്രത്തിന്റെ വിദേശ വിതരണാവകാശങ്ങൾ അഞ്ച് കോടി രൂപയ്ക്ക് വിറ്റ് തനിക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നുമാണ് ഷംനാസ് ആരോപിച്ചിരുന്നത്.
by Midhun HP News | Oct 28, 2026 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്. പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.
റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നല്‍കിയത്. അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണ്. അപകടം നടന്ന സമയത്ത് വാഹനം 163 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മുഖ്യപ്രതിയായ 19 കാരന്‍ സുഹൈല്‍ സജീവിനെ വെട്ടിലാക്കി, കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം ലഭിച്ചതും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.
‘ബാറില്‍ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയര്‍. തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു. നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാന്‍ പറഞ്ഞത്. മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു. ഓ.. ആ വിറയല്‍ മാറിയിട്ടില്ല. ആ സുഹൈല്‍ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാര്‍ അതു കേട്ടിട്ട് ഇടി കൊടുത്തു. നിനവിനും കിട്ടി ഇടി’ എന്നാണ് ജോയല്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത്.
ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.
Recent Comments