സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും; നഴ്‌സുമാരുടെ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുക. അത്യാഹിത വിഭാഗങ്ങളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കൂ. വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാര്‍ വിട്ടു നില്‍ക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും.

ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഴ്‌സുമാര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.

വി. ശിവപ്രസാദ് (92) അന്തരിച്ചു

വി. ശിവപ്രസാദ് (92) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം ക്ഷേത്രത്തിന് പുറകു വശം രാഗത്തിൽ (വി.വി.എം.ആർ.എ:3) വി. ശിവപ്രസാദ് (92)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ:എച്ച്.എസ്.എസ്, വക്കം,മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) അന്തരിച്ചു.

ഭാര്യ: എൻ ഇന്ദിര (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്).
മക്കൾ: എസ് സജിത്ത് (ശ്രീരാഗം പേപ്പർമാർട്ട്, ആറ്റിങ്ങൽ), എസ് പ്രേംജിത്ത് (യു.എസ്.എ), എസ് മഞ്ജിത്ത്
(ടെക്നിക്കൽ യൂണിവേഴ്സിറ്റി, തിരുവന്തപുരം).
മരുമക്കൾ: ദീപ ആർ വിജയൻ, ഡി അനുപമ, ഡോ:എസ് ജിഷ (പ്രിൻസിപ്പൽ സയിന്റിഫിക്ക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ്,തിരുവനന്തപുരം)

സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു. ഇതിനു മണഇക്കൂറുകൾക്ക് ശേഷമാണ് ദുബായിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈത്ത് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു.

ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണങ്ങളും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ, ശനിയാഴ്ച മുതൽ ദുബായിയും മറ്റ് ഗൾഫ് നഗരങ്ങളും ആക്രമണ ഭീഷണിയിലാണ്. സംഘർഷം കണക്കിലെടുത്ത് സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്നും യുഎസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു.

അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യുഎസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഫ്രാന്‍സിന്റെ സിഎസി 40 2.2 ശതമാനമാണ് താഴ്ന്നത്. ജര്‍മ്മന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ ഡിഎഎക്‌സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.

വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരനായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനമാണ് ഇടിഞ്ഞത്. 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു.

ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ എസ് & പി / എഎസ്എക്‌സ് 200 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള്‍ സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് നിയോഗിച്ചിട്ടുളളത്.

രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാർത്ഥനകളുമെല്ലാം മൺകലങ്ങളിൽ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. ആറ്റുകാൽ ദേവീക്ഷേത്രത്തിലും പരിസരത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസിയും റെയിൽവെയും പ്രത്യേക സർവീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.