ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി, അത്ഭുത രക്ഷപ്പെടല്‍

ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി, അത്ഭുത രക്ഷപ്പെടല്‍

പത്തനംതിട്ട: ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി. രമേശന്‍ എന്നയാളുടെ കാലിലാണ് പാമ്പു ചുറ്റിയത്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തണുപ്പ് അനുഭവപ്പെട്ടതോടെ കാല്‍ പെട്ടെന്ന് കുടഞ്ഞതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തെറിച്ചു മുറിക്കുള്ളില്‍ വീണ പാമ്പ് ജനലിലൂടെ ടിവിക്കുള്ളില്‍ കയറി. വീട്ടിലെ ടിവിക്കുള്ളില്‍ കടന്നുകൂടിയ പാമ്പിനെ സാഹസികമായാണ് പിടികൂടിയത്.

പാമ്പുപിടിത്തുക്കാരന്‍ മാത്തുക്കുട്ടി എത്തിയാണ് ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്. ശംഖുവരയന്‍ എന്ന വിഷപ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തപ്പോഴാണ് കാലില്‍ അനുഭവപ്പെട്ട തണുപ്പ് പാമ്പായിരുന്നു എന്ന് രമേശന്‍ തിരിച്ചറിയുന്നത്.

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പ്പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വര്‍ധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ എന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീളുന്ന ലൈംഗികാതിക്രമമാണ് നടന്നത്. ഒടുവില്‍ നിവൃത്തിയില്ലാതെ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

ഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തുവരുന്നത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്ന 189 സീറ്റുകളുള്ള ബോയിങ് 737 എൻ.ജിവിമാനമാണ് ടേക്ക് ഓഫിനിടെ റൺവേയുടെ മധ്യഭാഗത്തുനിന്നും മാറി വലതുവശത്തേക്ക് നീങ്ങി അപകടത്തിൽപ്പെട്ടത്. റൺവേയുടെ വശങ്ങളിൽ ഘടിപ്പിച്ചിരുന്ന നിരവധി വിളക്കുകളിൽ വിമാനം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ടേക്ക് ഓഫ് അടിയന്തിരമായി ഉപേക്ഷിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും തന്നെ അപകടത്തിൽ പരിക്കേറ്റിട്ടില്ല. റൺവേയിലെ ലൈറ്റുകളിലിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ‘സിസ്റ്റം എ’യിൽ നിന്നും പൂർണ്ണമായ രീതിയിൽ ഹൈഡ്രോളിക് ദ്രാവകം ചോരുകയും ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. കോക്പിറ്റിൽ മാസ്റ്റർ കോഷൻ ഇലക്ട്രിക് ലൈറ്റ് തെളിഞ്ഞതോടെയാണ് പൈലറ്റുമാർ വിമാനം അടിയന്തിരമായി നിർത്തിയത്. തുടർന്ന് റൺവേയിൽ വെച്ച് തന്നെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വലിയ തോതിൽ കേടുപാടുകൾ സംഭവിച്ച വിമാനം ഇപ്പോഴും മസ്‌കറ്റ് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അപകടത്തെ തുടർന്ന് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. നിശ്ചയിച്ച സമയത്തിലും 12 മണിക്കൂറിലധികം വൈകിയാണ് ഇവർ നാട്ടിലെത്തിയത്.

ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ സംഭവം നടന്ന ഉടൻ തന്നെ എയർലൈൻ അധികൃതർ വിവരമറിയിച്ചിരുന്നു. നിലവിൽ ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയാണ് ഈ റൺവേ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റൺവേയ്ക്ക് നടുവിലായി കൃത്യമായി ക്രമീകരിക്കുന്നതിൽ പൈലറ്റുമാർക്ക് സംഭവിച്ച പാളിച്ചയാണോ അപകടകാരണമെന്ന് ഏജൻസി പരിശോധിക്കുന്നുണ്ട്. ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുമായി സഹകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിനുണ്ടായ കേടുപാടുകളുടെ കൃത്യമായ വ്യാപ്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്താൻ എയർലൈൻ അധികൃതർ തയ്യാറായിട്ടില്ല.

വനിതാ ഡോക്ടർമാർക്ക് അവസരം

വനിതാ ഡോക്ടർമാർക്ക് അവസരം

ആൻഡമാൻ & നിക്കോബാർ ഐലൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വനിതാ ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 86,000 രൂപ ശമ്പളം ലഭിക്കും. എൻ എം സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

അഭിമുഖത്തിനായി വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതണം.

ഔദ്യോഗിക വെബ്സൈറ്റ് ആയ https://aniims.andamannicobar.gov.in എന്നതിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഇന്റർവ്യൂ സമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ എത്തേണ്ടതാണ്.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത (TA/DA) ലഭിക്കില്ല.

ഇന്റർവ്യൂ തീയതിയിലോ സമയത്തോ മാറ്റമുണ്ടെങ്കിൽ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്. അതിനാൽ ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് പതിവായി പരിശോധിക്കുക.

ഇന്റർവ്യൂ വിവരങ്ങൾ:

തീയതി: 2026 മെയ് 30

സമയം: രാവിലെ 10:00 മണി മുതൽ

സ്ഥലം: Dean Office, ANIIMS New Campus, Corbyn’s Cove.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://aniims.andamannicobar.gov.in/notice/25-05-2026.pdf

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ കുടുംബവുമൊത്ത് വേറൊരു വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിച്ചയച്ച മകള്‍ ഭര്‍തൃവീട്ടുലും താമസിക്കുന്നു. തങ്കമ്മയെ കാണാതായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

തുടര്‍ന്ന് മകള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, ഇന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കായലിന് നടുവില്‍ നിന്നും മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കയ്യും കാലും കെട്ടിയിട്ട്, മറ്റൊരു കല്ലു കൊണ്ട് കെട്ടി കായലില്‍ താഴ്ത്തിയതാണെന്ന് വ്യക്തമായത്. മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകത്തിന്റെ കാരണവും, ആരാണ് കൃത്യം നടത്തിയത് എന്നതും വ്യക്തമല്ല.