‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

‘ഹൈസ്പീഡ് റെയിൽ: ഇ ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും യാതൊരു പങ്കുമില്ല’

ഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. ശ്രീധരന്റെ അവകാശവാദം കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)നും, ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്ന്, 2026 മാർച്ച് 19-ന് ലോക്സഭയിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്. പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി സംസ്ഥാനത്ത് നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കുന്നു.

കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരൻ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.

2026 മാർച്ച് 19-ന് ലോക്സഭയിൽ ഉന്നയിച്ച അൺസ്റ്റാർഡ് ചോദ്യം നമ്പർ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)ക്കും ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നാണ്.

ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നഗര ഗതാഗത പദ്ധതികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാൻ ഔദ്യോഗിക പ്രോപ്പോസലുകൾ സമർപ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

2019-ൽ തിരുവനന്തപുരം–കാസർഗോഡ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവിൽ യാതൊരു തുടർച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.

കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളുടെ നിർവഹണ ഏജൻസിയായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ആർടിഐ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കൺസൾട്ടൻസി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നതാണ്.

ഇതിനുപുറമെ, റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല.

ഈ സാഹചര്യത്തിൽ, കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ ഇ. ശ്രീധരനോ DMRCയോ നിലവിൽ പങ്കാളികളാണെന്ന അവകാശവാദങ്ങൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യ-ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനം നടത്താൻ അനുവദിച്ചില്ല. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാർത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു നാടകീയ രം​ഗങ്ങൾ. ചെറിയ സാങ്കേതിക പ്രശ്നം സംഭവിച്ചതാണെന്നാണ് കെ‌എഫ്‌എ പ്രസിഡന്റ് കെ‌എഫ്‌എ പ്രസിഡന്റ് നവാസ് മീരാൻ പ്രതികരിച്ചു. മത്സരം മുൻപ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിൻ്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഫെബ്രവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

‘പിഷാരടിയുടെ പിഴവല്ല, സത്യം ജോജു അറിയണം’; അഖില്‍ മാരാര്‍ക്കെതിരെ ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍

നടന്‍ ജോജു ജോര്‍ജിനെ രമേഷ് പിഷാരടി അപമാനിച്ചുവെന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ പരിപാടിയുടെ ഷോ ഡയറക്ടര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ചാനല്‍ പരിപാടിയില്‍ നടന്‍ ജോജു ജോര്‍ജിനെ പിഷാരടി മനപ്പൂര്‍വ്വം അപമാനിച്ചുവെന്നും വേദിയില്‍ കയറ്റാതിരിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ജോജു ഇറങ്ങിപ്പോയെന്നുമാണ് അഖില്‍ മാരാര്‍ ആരോപിച്ചത്.

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്നത്തെ ഷോ ഡയറക്ടറായിരുന്ന എന്‍വി അജിത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് സംഭവിച്ചത് തെറ്റിദ്ധാരണയാണെന്നും സാങ്കേതികമായ ചില തീരുമാനങ്ങളിലുണ്ടായ പിഴവാണ് അതിന് കാരണമെന്നുമാണ് അജിത് പറയുന്നത്.

മമ്മൂട്ടിയെ ആദരിക്കാന്‍ ചാനല്‍ നടത്തിയ പരിപാടിയായിരുന്നു അത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഓരോ പത്ത് വര്‍ഷത്തേയും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടി. ഓരോ പതിറ്റാണ്ടിനേയും പ്രതിനിധീകരിച്ച് മലയാളത്തിലെ നായകന്മാരെ വേദിയിലേക്ക് ക്ഷണിക്കുന്നതായിരുന്നു പരിപാടി. ജയറാം, കുഞ്ചാക്കോ ബോബന്‍, തുടങ്ങി ചന്തു സലിംകുമാര്‍ വരെയുള്ളവരെയായിരുന്നു അത്തരത്തില്‍ വേദിയിലേക്ക് ക്ഷണിക്കേണ്ടത്.

മമ്മൂട്ടി സ്‌റ്റേജിലേക്ക് എത്തിയ ശേഷം അദ്ദേഹം നേരിട്ടായിരുന്നു മമ്മൂട്ടിയെ ക്ഷണിക്കാനിരുന്നത്. ഒപ്പം അലിയാരേയും മമ്മൂട്ടി തന്നെയാണ് ക്ഷണിക്കുക. ജോജുവിന് മമ്മൂട്ടി തന്നെ ആദരവ് നല്‍കുന്നത് ആ നിമിഷത്തിന് കൂടുതല്‍ തിളക്കം നല്‍കുമെന്ന് കരുതിയെന്നാണ് അജിത് പറയുന്നത്. ജോജു വേദിയിലേക്ക് കയറാനായി വേദിയുടെ പിന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഈ സമയം തന്റെ ഭാഗം പൂര്‍ത്തിയാക്കിയ പിഷാരടി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അജിത് പറയുന്നത്.

സമയ ദൈര്‍ഘ്യം കാരണങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും അജിത് തുറന്നു പറയുന്നു. ഇതോടെ തന്നെ പിഷാരടി മനപൂര്‍വ്വം വേദിയിലേക്ക് ജോജു തെറ്റിദ്ധരിച്ചു. എന്നാല്‍ വേദിയിലെത്തിയ മമ്മൂട്ടി തന്നെ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് ജോജുവിന് അറിയില്ലായിരുന്നുവെന്നും അജിത് പറയുന്നു. വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കാതെ ജോജു ക്ഷുഭിതനായി ഷോയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്നും അജിത് പറയുന്നു.

അതേസമയം സംഭവത്തില്‍ രമേഷ് പിഷാരടിയ്ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ഷോയുടെ ഡയറക്ടറുടേയും അണിയറ പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും അജിത് പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പിഷാരടിയെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി അഖില്‍ മാരാര്‍ ഈ പഴയ സംഭവം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

”കാര്യങ്ങള്‍ അറിയാതെയാണ് പലരും പിഷാരടിക്കെതിരെ സംസാരിക്കുന്നത്. ഈ സത്യാവസ്ഥ ജോജു ജോര്‍ജും മറ്റ് സിനിമാ സുഹൃത്തുക്കളും പൊതുജനങ്ങളും തിരിച്ചറിയണം എന്നതാണ് എന്റെ ആഗ്രഹം. ഞാനും ചാനല്‍ പ്രൊഡ്യൂസറും കൂടിയിരുന്നാണ് ഈ ഷോ ഡിസൈന്‍ ചെയ്തത്, അതില്‍ പിഷാരടിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘പ്രിയപ്പെട്ട മായക്കുട്ടിക്ക്, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു’; ആശംസകളുമായി മോഹൻലാൽ

‘പ്രിയപ്പെട്ട മായക്കുട്ടിക്ക്, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു’; ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ ജന്മദിനമാണ് ഇന്ന്. വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മായക്കുട്ടി എന്ന് വിളിക്കുന്ന മകളുടെ പുതിയ സ്വപ്നങ്ങൾക്കും സിനിമയിലേക്കുള്ള ചുവടുവെപ്പുകൾക്കും എല്ലാവിധ പിന്തുണയും ആശംസകളും നേരുകയാണ് മോഹൻലാൽ.

തന്റെ മകൾ ചെയ്യുന്ന ഓരോ കാര്യത്തിലും അവൾ കാണിക്കുന്ന താല്പര്യവും ധൈര്യവും തന്നെ ഏറെ അഭിമാനിപ്പിക്കുന്നുണ്ടെന്നും, അവളുടെ കഴിവുകൾ ലോകം തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇതെന്നും മോഹൻലാൽ കുറിച്ചു. വിസ്മയയുടെ മനോഹരമായ ഒരു ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

“പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കത്തിന്റേതാണ്… നിന്റെ പുതിയ സ്വപ്നങ്ങൾ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകൾക്കും ഈ വർഷം സാക്ഷ്യം വഹിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീ കാണിക്കുന്ന താല്പ്പര്യത്തിലും ധൈര്യത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇത്. സ്നേഹത്തോടെ, അച്ഛ”.- മോഹൻലാൽ കുറിച്ചു.

അച്ഛന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് വിസ്മയ. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ തുടക്കത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിന്റേതായി ഇതുവരെയെത്തിയ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,120 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,265 ആയി.

ഇന്നലെ രാവിലെ പവന് 480 രൂപയും ഉച്ചയ്ക്ക് 1720 രൂപയും ഇടിഞ്ഞിരുന്നു. ഇറാന്‍ -ഇസ്രയേല്‍, യുഎസ് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.