by Midhun HP News | Mar 27, 2026 | Latest News, കേരളം
ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുസ്‌ലിം ലീഗ് മുൻ നേതാവ് ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഭ അടക്കമുള്ളവർ നൽകിയ പരാതിയിലാണ് കായംകുളം പൊലീസ് ഇർഷാദിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇർഷാദിനെതിരെ കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ല കലക്ടര്‍ പൊലീസിന് നിർദേശം നൽകിയിരുന്നു.
ഒരു സ്ത്രീയ്ക്ക് നേരേയും അധിക്ഷേപ പരാമര്‍ശം നടത്തുന്നത് ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കണമെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും പ്രതിഭ പ്രതികരിച്ചു. വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും പ്രതിഭ നൽകിയ പരാതിയിൽ പറയുന്നു.
കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായില്ല. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഇർഷാദിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി. മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സില്‍ കുറിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് പുരി പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.
ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്കു കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് വിതരണം തടപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വും ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് അതു ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോവാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാച്ചേക്കുമെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട് സ്വദേശിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലയ്ക്കുളള ക്യാൻവാസാക്കി മാറിയതോടെ ഫ്ലയിങ് ക്യാൻവാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.
ഇത്തരത്തിൽ വിമാനം പേയിന്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വിമാന കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസ് ആണ്. മറ്റ് വിമാനകമ്പനികളിൽ നിന്ന് വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തിൽ നിന്നോ നെയ്ത്ത് രീതിയിൽ നിന്നോ പ്രചോദനമുൾക്കൊള്ളുന്നതാണ്.
ടെയിൽസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റെയും വാലറ്റം. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ ദേശീയ പൈതൃക സ്മാരകങ്ങൾ, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങൾ എന്നിവയും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ ടെയിൽ ആർട്ടായുണ്ട്. മുൻവർഷത്തെ കൊച്ചി ബിനാലെയിൽ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവൻ വിമാനവും ആർട്ട് വർക്കിനാൽ നിറയുന്നത്.


by Midhun HP News | Mar 27, 2026 | Latest News, കേരളം
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Mar 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ് അഡ്വ. പ്രകാശ് ആർ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതിനൽകിയത്.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ശിവൻകുട്ടിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പരാതിയിൽ പറഞ്ഞതുപോലെ, സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി വരണാധികാരിക്കു വിശദീകരണം നൽകി. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച് 15നാണെന്നും വി. ശിവൻകുട്ടി അറിയിച്ചു.


Recent Comments