മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! ‘അതിരടി’ 50 കോടിയിലേക്ക്

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! ‘അതിരടി’ 50 കോടിയിലേക്ക്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ 50 കോടിയിലേക്ക്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് ‘അതിരടി’ ഇതുവരെ നേടിയിരിക്കുന്നത്. മെയ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 26 കോടിയും വിദേശ മാര്‍ക്കറ്റില്‍ 23 കോടിയുമാണ് ചിത്രം നേടിയത് എന്ന് ട്രാക്കർമാരായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടിയെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി നിർവഹിച്ചത്. ബേസിൽ ജോസഫും സഹ താരങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. മെയ് 22 നാണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസിന് എത്തുന്നത്.

ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമാണ് അതിരടി. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് കുതിക്കുന്നത്.

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഡോ അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്.

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സറിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സിഡിഎസ് ഡയറയക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. അധികാരമേറ്റെടുത്തതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള ധവളപത്രം പുറത്തിറക്കുമെന്നത്. ഇക്കാര്യത്തിലാണ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നത്.

നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ ഇന്ന് കിഫ്ബി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ രണ്ടാഴ്ച; 6 മുതൽ 8 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാഠപുസ്തക വിതരണം വൻതോതിൽ വൈകുമെന്ന് റിപ്പോർട്ട്. 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണ്ണ സജ്ജമായി വിദ്യാർത്ഥികളുടെ കൈകളിൽ എത്താൻ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം സമയമെടുക്കുമെന്ന് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (KBPS) സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും മുതിർന്ന ഐഎൻടിയുസി നേതാവുമായ കെ.കെ. ഇബ്രാഹിംകുട്ടി . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആവശ്യമായ പുസ്തകങ്ങളുടെ 80 ശതമാനത്തോളം മാത്രമാണ് ഇതുവരെ അച്ചടിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ എല്ലാ പാഠപുസ്തകങ്ങളും കുട്ടികളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നപ്പോൾ, യഥാർത്ഥത്തിൽ വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നതെന്ന് ഇബ്രാഹിംകുട്ടി ആരോപിച്ചു. പിന്നീട് മാധ്യമങ്ങൾ ഈ വിഷയം വലിയ രീതിയിൽ ചർച്ചയാക്കിയതോടെയാണ് അച്ചടി നടപടികൾക്ക് അല്പമെങ്കിലും വേഗത കൈവന്നത്. നിലവിൽ പത്താം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർണ്ണമായി പൂർത്തിയായിട്ടുള്ളത്. പുതിയ യുഡിഎഫ് സർക്കാർ വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരമേറ്റ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ വകുപ്പിൽ പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന ആദ്യത്തെ വലിയ വെല്ലുവിളിയായി ഈ പുസ്തക പ്രതിസന്ധി മാറും.

അച്ചടി വൈകാൻ കാരണം കോടികളുടെ കുടിശ്ശിക; മാനേജ്മെന്റിനെതിരെ ആക്ഷേപം

പാഠപുസ്തക വിതരണം ഇത്രത്തോളം വൈകാൻ കാരണം കെബിപിഎസ് മാനേജ്മെന്റിന്റെയും അതിന്റെ മാനേജിംഗ് ഡയറക്ടറുടെയും കടുത്ത കാര്യക്ഷമതയില്ലായ്മയും മന്ദഗതിയിലുള്ള പ്രവർത്തനങ്ങളുമാണെന്ന് യൂണിയൻ നേതാവ് ആരോപിച്ചു. തമിഴ്‌നാട്ടിലെ പേപ്പർ മില്ലുകൾക്ക് നൽകാനുണ്ടായിരുന്ന കോടികളുടെ പണമിടപാട് കുടിശ്ശികയെക്കുറിച്ച് മാനേജ്മെന്റ് കൃത്യസമയത്ത് സർക്കാരിനെ അറിയിച്ചില്ല. ഇത് കാരണം മില്ലുകളിൽ നിന്ന് അച്ചടിക്കായുള്ള പേപ്പർ ലഭിക്കുന്നത് തടസ്സപ്പെടുകയും അച്ചടിയും ബൈൻഡിംഗും പൂർണ്ണമായി വൈകുകയുമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത പുറത്തുകൊണ്ടുവന്നതിന് ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ 7 കോടി രൂപ മില്ലുകൾക്കായി അടിയന്തരമായി അനുവദിച്ചത്. നിലവിൽ പുസ്തകങ്ങൾ അച്ചടിച്ച വകയിൽ മാത്രം സർക്കാർ 300 കോടിയോളം രൂപ കെബിപിഎസിന് നൽകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയതായി അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാരിനെ മനഃപൂർവ്വം പ്രതിസന്ധിയിലാക്കാൻ വേണ്ടിയാണ് കെബിപിഎസ് മാനേജ്മെന്റ് ഈ കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് താൻ സംശയിക്കുന്നതായും ഇബ്രാഹിംകുട്ടി പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഏതാണെന്നോ, പൊതുവിദ്യാഭ്യാസ വകുപ്പ് ആരാണ് കൈകാര്യം ചെയ്യുകയെന്നോ ഉള്ള ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫ് ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കണക്കുകൾ ഇങ്ങനെ; ഇനിയും അച്ചടിക്കാനുള്ളത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ

സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ട 3,57,05,475 പാഠപുസ്തകങ്ങളിൽ മെയ് 18 വരെയുള്ള കണക്കനുസരിച്ച് 2,85,51,000 പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. അതായത് ആകെ ആവശ്യമായതിന്റെ 79.96 ശതമാനം മാത്രം. ഇതിൽ തന്നെ ബൈൻഡിംഗ് പൂർത്തിയായത് 2,48,95,000 പുസ്തകങ്ങളുടെ മാത്രമാണ്. നിലവിൽ 71,54,476 പുസ്തകങ്ങൾ ഇനിയും അച്ചടി പൂർത്തിയാക്കാനുണ്ട്. കൂടാതെ ആകെ 1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിംഗ് ജോലികളും ബാക്കിയാണ്.

യന്ത്രങ്ങൾ യാതൊരു തകരാറുമില്ലാതെ തുടർച്ചയായി പ്രവർത്തിച്ചാൽ പോലും ഒരു ദിവസം പരമാവധി 3 ലക്ഷം പുസ്തകങ്ങൾ മാത്രമേ ബൈൻഡിംഗ് പൂർത്തിയാക്കാൻ സാധിക്കൂ. ഈ കണക്കനുസരിച്ച് ബാക്കിയുള്ള ജോലികൾ തീർക്കാൻ മാത്രം ചുരുങ്ങിയത് 45 ദിവസത്തോളം സമയമെടുക്കും. അതിനുശേഷം മാത്രമേ ഇവ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനും കുട്ടികൾക്ക് വിതരണം ചെയ്യാനും സാധിക്കുകയുള്ളൂ. ഇതിനും കുറച്ചു ദിവസങ്ങൾ എടുക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുൻപ്, അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി 2025-26 അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ എല്ലാ സർക്കാർ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സ്ഥാനത്താണ് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾ പുസ്തകമില്ലാതെ വലയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് (Special Investigation Team) കേസ് പുനരന്വേഷിക്കുക. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.

അധികാരത്തിലെത്തിയാൽ അന്ന് തങ്ങളുടെ കുട്ടികളെ വഴിയിലിട്ട് ക്രൂരമായി വേദനിപ്പിച്ച ഒരൊറ്റ ഉദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദവിയിലെത്തിയ ഉടൻ തന്നെ ആ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന്റെ ഈ ദ്രുതഗതിയിലുള്ള നീക്കം. ആദ്യം കേസെടുക്കാൻ മടിക്കുകയും പിന്നീട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത മുൻകാല പോലീസ് നടപടികൾ കൂടിയാണ് പുതിയ അന്വേഷണത്തോടെ തിരുത്തപ്പെടുന്നത്.

പൊതിരെ തല്ലിയ ഗൺമാൻമാരും പിണറായിയുടെ ‘രക്ഷാപ്രവർത്തന’ ന്യായീകരണവും

നവകേരള സദസ്സിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജനറൽ ആശുപത്രി ജങ്ഷനിൽ വെച്ച് വിവിഐപി ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയോ ചെയ്തു. പ്രതിഷേധിച്ച യുവാക്കളെ അവിടെയുണ്ടായിരുന്ന ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ തടയുകയും സുരക്ഷിതമായി പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രിസംഘം സഞ്ചരിച്ച ബസിനു പിന്നാലെ പ്രത്യേക ഔദ്യോഗിക കാറിലെത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും വണ്ടിയിൽ നിന്നിറങ്ങി ലാത്തിയുമായി പ്രതിഷേധക്കാരെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. വൻ ജനരോഷമാണ് അന്ന് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം ഉയർന്നത്.

ഗൺമാൻ അനിൽ കുമാർ ഒന്നാം പ്രതിയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് രണ്ടാം പ്രതിയുമായാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ അക്കാലത്ത് ഈ ക്രൂരതയെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തന്റെ ഗൺമാൻമാർ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് ഉത്തരമായി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്ന് മാത്രമല്ല, വിവിഐപി ബസ്സിന് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരിൽ നിന്ന് തന്നെ രക്ഷിക്കാനുള്ള ഗൺമാൻമാരുടെ ആത്മാർത്ഥമായ ‘രക്ഷാപ്രവർത്തനം’ മാത്രമായിരുന്നു അതെന്ന വിചിത്രമായ ന്യായീകരണവും അദ്ദേഹം അന്ന് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിച്ചിരുന്നു.

എസ്പി ഷൗക്കത്തലിയിലേക്ക് എത്തുമ്പോൾ കേസ് മുറുകും

ഉദ്യോഗസ്ഥ തലത്തിൽ ഏറെ മുൻപരിചയവും ആർജ്ജവവുമുള്ള എസ്പി ഷൗക്കത്തലിയുടെ കൈകളിലേക്ക് അന്വേഷണം എത്തുന്നതോടെ കേസ് കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. മുൻ ഭരണകൂടം ഉപയോഗിച്ച് സംരക്ഷിച്ചു നിർത്തിയ ഉദ്യോഗസ്ഥർക്ക് പുതിയ സർക്കാരിന്റെ ഈ പുനരന്വേഷണ നീക്കം വലിയ തിരിച്ചടിയാകും. സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും മാധ്യമ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടും ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ട് പ്രതികളായ ഗൺമാൻമാർക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് പ്രത്യേക സമിതിയുടെ തീരുമാനം.

2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി

2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി

2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കറിന് ചോദ്യങ്ങൾ നേരത്തേ ലഭിച്ചിരുന്നുവെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം അറിയിച്ചു. ചോദ്യോത്തരങ്ങളുടെ പകർപ്പുകൾ നിരവധി ആളുകൾക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതി പത്ത് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന അവകാശവാദങ്ങൾ നിലനിൽക്കെയായിരുന്നു 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത്. ഇതോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കി.