മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം സുരക്ഷിതമാണോ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു ഫോര്‍മാറ്റുകളിലും സമീപകാലത്ത് ടീമിനുണ്ടായ മോശം പ്രകടനങ്ങള്‍ ഗംഭീറിന്റെ പരിശീലക പദവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നേരിട്ട പരാജയങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ഗംഭീര്‍ മുഖ്യ പരിശീലകനായി തുടരാന്‍ ബിസിസിഐ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്.

ടീമിലെ തലമുറ മാറ്റമാണ് ആദ്യത്തേത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന പുതിയൊരു സംഘത്തെ വാര്‍ത്തെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ബിസിസിഐ തിരിച്ചറിയുന്നുണ്ട്. ഈ പരിവര്‍ത്തന കാലഘട്ടത്തിലെ സ്വാഭാവികമായ തിരിച്ചടികള്‍ മാത്രമാണിതെന്ന് ബോര്‍ഡ് വിലയിരുത്തുന്നു.

പ്രധാന താരങ്ങള്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകളാണ് മറ്റൊരു കാരണം. ഇത് ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ ടീമിലില്ലാത്തത് പരിക്കുമൂലമാണെന്നത് ബിസിസിഐ ഗൗരവമായി കാണുന്നു.

ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ തന്റെ റോളില്‍ സംതൃപ്തനാണെന്നും, അതിനാല്‍ തല്‍ക്കാലം ഒരു താല്‍ക്കാലിക പരിശീലകനെ നിയമിക്കേണ്ടതില്ലെന്നുമാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ ലക്ഷ്മണിനെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ തന്നെ മുഖ്യ പരിശീലകനായി തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സെറ്റിലെ പലക പാളി തകർന്നുവീണു; സംവിധായകൻ എം എ നിഷാദിന് പരിക്ക്

സെറ്റിലെ പലക പാളി തകർന്നുവീണു; സംവിധായകൻ എം എ നിഷാദിന് പരിക്ക്

ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എംഎ നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകരണത്തിനിടയിലാണ് നിഷാദിന് പരിക്കേറ്റത്. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. നിഷാദിന്റെ കയ്യിലും കാലുകളിലും ക്ഷതമേറ്റു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ കുണൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. എം എ നിഷാദ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.

ജി. ഗോപാലകൃഷ്ണ പിള്ള (73) അന്തരിച്ചു

ജി. ഗോപാലകൃഷ്ണ പിള്ള (73) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് തേമ്പ്ര വീട്ടിൽ ജി. ഗോപാലകൃഷ്ണ പിള്ള (73) (കെ.എസ്.എസ് .പി ബ്ലോക്ക് സെക്രട്ടറി) അന്തരിച്ചു.

ഭാര്യ: ജയ (മുൻ മാനേജർ, കേരളാ ബാങ്ക്).
മക്കൾ: ജെ അനു, ജെ മിനു.
മരുമക്കൾ: രഞ്ജിത്, രതീഷ്.
സംസ്കാരം: (13/08/2026, വ്യാഴാഴ്ച) വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്.

തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം നിര്‍ണായകമാകും.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും മത സംഘടനയുടെയും പിന്തുണയുണ്ടായിരുന്നിട്ടും കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാര്‍ മത്സരരംഗത്തുനിന്ന് പുറത്തായി. ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്കാ ഗാന്ധിയുടെയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് ശിവഗിരി മഠത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ സണ്ണി ജോസഫിനോടാണ് ആന്റോ ആന്റണി പരാജയപ്പെട്ടത്.

എല്ലാ സ്ഥാനാര്‍ഥികളും ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി പുതിയ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. കെപിസിസി അധ്യക്ഷനായുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിഡി സതീശനുമായി ആലോചിച്ച് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിസഭയില്‍ അംഗമായതിനെത്തുടര്‍ന്ന് നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനായുള്ള അന്വേഷണം ആരംഭിച്ചത്. പരിഗണനയിലുള്ള നേതാക്കളില്‍, യുഡിഎഫ് മുന്‍ കണ്‍വീനര്‍ എന്ന നിലയിലും മുന്നണി ഏകോപനം ഭംഗിയായി നിര്‍വഹിച്ചതിലും ബെന്നി ബെഹനാന് വലിയ സംഘടനാ പരിചയമുണ്ട്. എല്ലാ വിഭാഗം നേതാക്കളുടെയും വിശ്വാസ്യത ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മിക്ക മന്ത്രിമാരും ആദ്യമായി മന്ത്രിമാരായവരാണെന്നിരിക്കെ, സര്‍ക്കാരുമായി കാര്യക്ഷമമായി ഏകോപനം നടത്താന്‍ പരിചയസമ്പന്നനായ ഒരാളായിരിക്കും നല്ലതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.

പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ജനപ്രീതിയുള്ള ഷാഫി പറമ്പിലും ശക്തനായ ഒരു സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള മാത്യു കുഴല്‍നാടന്റെ അടുപ്പവും അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഇരുവരുടെയും താരതമ്യേനയുള്ള ചെറുപ്രായം അവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ മാറാം. അതേസമയം, കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ശക്തമായ സ്വാധീനമുള്ള കത്തോലിക്കാ സഭയും നിരീക്ഷിച്ചുവരികയാണ്. സഭ ശക്തമായ നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് സണ്ണി ജോസഫിനെ മുന്‍പ് കെപിസിസി അധ്യക്ഷനായി നിയമിച്ചത്.

പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ്; പ്രിയദര്‍ശിനി കണ്ടക്ടര്‍ പിടിയില്‍

പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ്; പ്രിയദര്‍ശിനി കണ്ടക്ടര്‍ പിടിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ പിടികൂടി. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.

വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോള്‍ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് നല്‍കിയതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബസിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പുരുഷയാത്രക്കാര്‍ക്ക് കൂടി സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടര്‍ക്ക് പണം നല്‍കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.