by Midhun HP News | Aug 13, 2026 | Latest News, സിനിമ
സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ ഷെയർ 83 കോടി രൂപയാണ്.

ഇത് ഞെട്ടിക്കുന്ന കണക്കാണ്. ‘കറുപ്പ്’ ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ് സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്”.- രവി പറഞ്ഞു.
വെങ്കി അറ്റ്ലൂരിയാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ സംവിധാനം ചെയ്യുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


by Midhun HP News | Aug 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. രാജ്യത്ത് ദലിതുകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും മതത്തിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ തുറന്നടിച്ചു.
ഹാല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തത്. ഇതിനുശേഷം തിങ്കളാഴ്ച ശ്രീരാമ സേന ശുദ്ധികലശം നടത്തുകയും ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ വ്യാഴാഴ്ചയാണ് ഖാര്‍ഗെ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.
‘ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അവര്‍ എല്ലാവരെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു ഹോമം നടത്തേണ്ട ആവശ്യമെന്തായിരുന്നു? രാംലീല മൈതാനി എല്ലാ പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ്. എന്നാല്‍ അവര്‍ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ജാതികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനുമായാണ് പ്രവര്‍ത്തിക്കുന്നത്.
രാംലീല മൈതാനിയില്‍ ഞാന്‍ പ്രസംഗിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു സമുദായത്തിന്റെയും മതത്തിന്റെയും പേര് പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ബിജെപി പ്രവര്‍ത്തകര്‍ ആ വേദി ശുദ്ധീകരിക്കാന്‍ അവിടെ ഹോമം നടത്തി. ഇതാണോ ജനാധിപത്യ രീതി? നിങ്ങള്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷണത്തിന്റെ വക്താക്കളാകുന്നത്?’ -ഖാര്‍ഗെ ചോദിച്ചു
ഖാര്‍ഗെയ്ക്ക് മറുപടി നല്‍കിയ കേന്ദ്രമന്ത്രി ജെപി നഡ്ഡ, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി അംഗങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് നഡ്ഡ ഉറപ്പുനല്‍കി. ശ്രീരാമ സേന ബിജെപിയുമായി ബന്ധമുള്ള സംഘടനയാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലിന്റെ ആരോപണം ബിജെപി നിഷേധിച്ചു. ശ്രീരാമ സേനയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ നൈനിറ്റാള്‍ പൊലീസ് സൂപ്രണ്ടിനെയും ഗോഡിയാല്‍ ചോദ്യം ചെയ്തു.
അതേസമയം, ഖാര്‍ഗെയുടെ റാലിക്കിടെ ചില മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്നും, ഇത് സനാതന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി സംസ്ഥാന വക്താവും കാബിനറ്റ് മന്ത്രിയുമായ ഖജന്‍ ദാസ് പറഞ്ഞു. രാംലീല മൈതാനി മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണെന്നും, അവിടെ മറ്റൊരു മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ വിളിച്ചത് ആളുകളെ പ്രകോപിപ്പിച്ചെന്നും ഖജന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Aug 13, 2026 | Latest News, കേരളം
കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്‌ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്.
വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ഉടമകൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അൻവർ, ദിൽവർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കിടപ്പാടം നഷ്ടമായ ദമ്പതികൾ തകർന്ന കെട്ടിടത്തിന് സമീപമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ഇവിടെ കല്ലേറുണ്ടായതായും കുടുംബം ആരോപിച്ചു.


by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന് നയം ഉണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അതില്‍ സര്‍ക്കാരിന് ഒരു നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ഒരു നയമുണ്ട്. അത് ഓഗസ്റ്റ് പതിനഞ്ചിന് മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്തു. അതില്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്റെ പണിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം മുഴുവനായി പാണമെന്ന് കേന്ദ്രം സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്. അത് മുഴുവന്‍ പാടണമെന്നാണ് നിയമം. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒരു നിലപാട് ഉണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് പറഞ്ഞു. എന്നാല്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തോ ഇപ്പോളോ തനിക്ക് സോഷ്യല്‍ മീഡിയ ടീമില്ലെന്നും കോര്‍ഡിനേറ്ററായി ആരെയും എവിടെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Aug 13, 2026 | Latest News, കേരളം
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം എൻജിനു താഴെ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. സംഭവം നടന്ന വാളയാർ സെക്‌ഷനിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.ആർ.എം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളംതെറ്റാതെ വൻ ദുരന്തം ഒഴിവായി. നിലവിൽ ഈ മേഖലയിൽ ആനകൾ ഇറങ്ങുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. മാസങ്ങൾക്കു മുൻപും വാളയാർ മാൻ പാർക്കിനു പിൻവശത്തു വെച്ച് ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു.


Recent Comments