ഇരിങ്ങാലക്കുടയില്‍ ആനക്കലിയില്‍ പൊലിഞ്ഞത് ആറ്റിങ്ങല്‍ക്കാരന്‍

ഇരിങ്ങാലക്കുടയില്‍ ആനക്കലിയില്‍ പൊലിഞ്ഞത് ആറ്റിങ്ങല്‍ക്കാരന്‍

ആറ്റിങ്ങല്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാംപാപ്പാന്‍ ആറ്റിങ്ങല്‍ക്കാരനാണ്. ആറ്റിങ്ങല്‍ കിഴുവിലം ചരുവിളപുത്തന്‍വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ശ്രീക്കുട്ടനാണ് (25) കൊല്ലപ്പെട്ടത്.

എഴുന്നള്ളത്തിനായി കൊണ്ടുവന്ന വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇടഞ്ഞ് അപകടമുണ്ടാക്കിയത്. ഇടഞ്ഞ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ച പാപ്പാന്‍മാരെ ആന തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. നിലത്തുവീണ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാംപാപ്പാന്‍ ഇപ്പോഴും ചികിത്സയിലാണ്. ശ്രീക്കുട്ടന്റെ മൃതദേഹം നാലുമണിയോടെ കിഴുവിലത്തെ വീട്ടിലെത്തിക്കും.
അമ്മ: ബിന്ദു. സഹോദരി: പരേതയായ ശ്രീക്കുട്ടി.

കുട്ടപ്പന്‍ ആനപ്പാപ്പാനായിരുന്നു. ശ്രീക്കുട്ടനും ചെറുതിലേ ആനക്കമ്പക്കാരനായി പഠനം ഉപേക്ഷിച്ച് ആനകള്‍ക്കൊപ്പം കൂടുകയായിരുന്നു. 2015 മുതല്‍ ആനപ്പാപ്പാന്‍മാരുടെ സഹായിയായി കൂടിയ ശ്രീക്കുട്ടന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാശിനാഥന്‍ എന്ന ആനയുടെ രണ്ടാംപാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു.

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദര്‍ശന പരീക്ഷ എഴുതാനെത്തിയിരുന്നില്ല. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി പരീക്ഷ കഴിഞ്ഞ് മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുസാറ്റില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു.

കാറിന് പിന്നിൽ ബൈക്കിടിച്ച് ; ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

കാറിന് പിന്നിൽ ബൈക്കിടിച്ച് ; ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

കഴക്കൂട്ടം: ആക്കുളം പാലത്തിന് സമീപം കാറിന് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരൻ മ-രി-ച്ചു. തമിഴ്‌നാട് തൂത്തുക്കുടി നിവിൻ നഗറിൽ 14-1597-ൽ ജോസ് പ്രിൻസിലി (37) ആണ് മരിച്ചത്. ടെക്നോപാർക്ക് ഫേസ് 3-യിലെ ‘വേ ഡോട്ട് കോം’ (Way.com) എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

രാത്രി 9.15-ഓടെയായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ ബൈക്കിൽ വരികയായിരുന്ന ജോസ് നിയന്ത്രണം വിട്ട് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് തുമ്പ പോലീസ് അറിയിച്ചു.

​അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആധാര്‍ കാര്‍ഡ് അടിമുടി മാറുന്നു; പുതിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതലെന്ന് റിപ്പോര്‍ട്ടുകള്‍

ആധാര്‍ കാര്‍ഡ് അടിമുടി മാറുന്നു; പുതിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതലെന്ന് റിപ്പോര്‍ട്ടുകള്‍

ഈ വര്‍ഷം ഡിസംബര്‍ മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പുതിയ ആധാര്‍ കാര്‍ഡ് വലിയ മാറ്റങ്ങളോടെ പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ഡിസൈനും സുരക്ഷാ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും മാറ്റങ്ങള്‍. ആധാര്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന കാരണം പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുക എന്നതാണ്.

പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

പഴയ ആധാര്‍ കാര്‍ഡുകളിലേതുപോലെ പേര്, ആധാര്‍ നമ്പര്‍, വിലാസം, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വ്യക്തികളുടെ വിശദാംശങ്ങള്‍ പുതിയ ആധാര്‍ കാര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കില്ല. നിലവിലുളള ആധാര്‍ കാര്‍ഡിലേത്‌പോലെ ഫോട്ടോകള്‍ ഉണ്ടാകും. ഏറ്റവും പുതിയതായി ഉണ്ടാകുന്ന സവിശേഷിത നിങ്ങളുടെ എല്ലാ സുപ്രധാന വിവരങ്ങളും അടങ്ങുന്ന ഒരു QR കോഡ് ഉണ്ടാകുമെന്നുള്ളതാണ്.

പേര്, ആധാര്‍ നമ്പര്‍, ജനനത്തീയതി, വിലാസം, ലിംഗഭേദം ബയോമെട്രിക് സ്ഥിരീകരണ ഡാറ്റ തുടങ്ങിയ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ഈ QR കോഡില്‍ ഉണ്ടായിരിക്കും. എല്ലാ വിശദാംശങ്ങളും എന്‍ക്രിപ്റ്റ് ചെയ്ത രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക.

നിലവിലുള്ള ആധാര്‍കാര്‍ഡിലേത് പോലെ പ്രിന്റ് ചെയ്‌തെടുക്കാനുള്ള വിവരങ്ങള്‍ ഇതില്‍ ഉണ്ടാവില്ല.

ഹോട്ടലുകള്‍, ഓഫീസുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പി ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ക്യുആര്‍ കോഡ് ഉപയോഗിച്ച് സര്‍ക്കാര്‍ അംഗീകൃത സ്‌കാനറുകള്‍, യുഐഡിഎഐ ഔദ്യോഗിക ആപ്പുകള്‍, വെരിഫിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിങ്ങളുടെ വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. ആധാര്‍ അടിസ്ഥാനം നിലനിര്‍ത്തുന്ന യുഐഡിഎഐ പറയുന്നത് ഏകദേശം 134 കോടി ആധാര്‍ കാര്‍ഡ് ഉടമകളുണ്ടെന്നാണ്. ആധാര്‍ ഡാറ്റയുടെ സുരക്ഷ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ കഴിഞ്ഞ മാസം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

‘അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ’; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

‘അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ’; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് വാചാലനായത്. താനും ഇന്ദ്രന്‍സും ഒരുമിച്ചാണ് ദേശീയ അവാര്‍ഡ് വാങ്ങിയതെന്ന് സൂര്യ ചൂണ്ടിക്കാണിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഹീറോയായുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ചയെക്കുറിച്ചാണ് സൂര്യ സംസാരിക്കുന്നത്.

”അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പറയണമെന്ന് തോന്നുന്നു. ഒരു തുന്നല്‍ക്കാരനായി തുടങ്ങി, കോസ്റ്റിയുമറായി തുടങ്ങി ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന ഹീറോ ആയിരിക്കുകയാണ്. അവര്‍ നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോയി ഏഴാം ക്ലാസ് പരീക്ഷയെഴുതി വന്നിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റില്ല. ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് നടക്കുമെന്ന് അവരെ കണ്ടപ്പോഴാണ് പഠിച്ചത്” സൂര്യ പറയുന്നു.

സൂര്യ നായകനായ കറുപ്പില്‍ ഇന്ദ്രന്‍സുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലേയും തമിഴിലേയും മുന്‍നിര താരങ്ങള്‍ ചിത്രത്തിലുണ്ട്. മെയ് 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.