by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ മെനഞ്ഞ യുവതിക്കെതിരെ എളമക്കര പൊലിസ് കേസെടുത്തു. കൊച്ചിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിനെയും കാമുകനെയും ഒരുപോലെ വട്ടംകറക്കിയത്. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി തന്നെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണു പൊലീസിനു യുവതി വ്യാജമൊഴി നല്‍കിയത്. മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കള്ളി വെളിച്ചത്തായത്. ജോലി കഴിഞ്ഞു കാമുകനെ കാണാന്‍ പോയ യുവതിയെ മറ്റൊരു കാമുകന്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ താന്‍ എവിടെയാണുള്ളതെന്ന വിവരം വെളിപ്പെടുത്തിയാല്‍ ആ ബന്ധം തകരുമെന്ന് മനസിലാക്കിയ യുവതി തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. സുഹൃത്തിനെകൊണ്ട് പൊലീസ് കണ്‍ട്രോള്‍ നമ്പറായ 112ല്‍ വിളിച്ചാണു യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി അറിയിച്ചത്.
വീട്ടിലേക്കു പോകുമ്പോള്‍ റെയില്‍വേ ക്രോസ് കഴിഞ്ഞിട്ടുള്ള ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കു തന്നെ പിടിച്ചുകയറ്റി ഓടിച്ചുപോയെന്നാണു യുവതി പൊലീസിനു മൊഴി നല്‍കിയത്. കാറില്‍ വച്ച് ഉപദ്രവിച്ചുവെന്നും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഒന്നു വിരട്ടിയതോടെ കാമുകന്മാരെ കബളിപ്പിക്കാനാണ് കഥ മെനഞ്ഞതെന്നു സമ്മതിച്ചു. വ്യാജ വിവരം നല്‍കിയെന്ന വകുപ്പിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജ്യാമത്തില്‍ വിട്ടു.


by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കലക്ടര്‍മാരുടെ യോഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക.


by Midhun HP News | Mar 14, 2026 | Latest News
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. മൈക്രോ പ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. അര ലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്.
കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള കോപ്പിയടി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇത്ര വ്യാപകമായിരുന്നില്ല. വാട്സ്ആപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞ വർഷം ചെയ്തിരുന്നത്. ഇത്തവണ ടെലഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ വിഷയവും പാഠ ഭാഗവും ആവശ്യപ്പെട്ടുള്ള രീതിയിലേക്കാണ് മാറിയത്.
ടെലഗ്രാം ചാനലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് സൈബർ പൊലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ. ഐടി നിയമത്തിന്റെ വകുപ്പുകൾ കൂടി ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന പരീക്ഷകൾ ഓരോ ദിവസവും അവസാനിക്കുമ്പോൾ സ്‌കൂൾ പരിസരങ്ങളിൽ മൈക്രോ പ്രിന്റുകൾ ഉപേക്ഷിച്ച നിലയിൽ കാണുന്നതായി അധ്യാപകർ പറയുന്നുണ്ട്. ചില ഫോട്ടോസ്റ്റാറ്റ് കടക്കാർ പ്രിന്റ് എടുത്തു നൽകാറില്ല. എന്നാൽ സ്വാധീനമുപയോഗിച്ച് ചില കടക്കാരെക്കൊണ്ട് കോപ്പി എടുപ്പിക്കുകയാണ് ചെയ്യുന്നത്. ലാമിനേറ്റ് ചെയ്ത മൈക്രോ പ്രിന്റുകളും ഇക്കുറി കണ്ടു തുടങ്ങി. ഇക്കൊല്ലം ഉപയോഗിച്ച ശേഷം അടുത്ത കൊല്ലത്തേക്ക് വിൽപ്പനയ്ക്ക് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് കരുതുന്നത്.
ഒരു പേജ് 10 ശതമാനത്തിലേക്ക് ചുരുക്കുമ്പോൾ അക്ഷരങ്ങൾ തീരെ ചെറുതാകും. പക്ഷേ അത് വായിച്ചെടുക്കാനുള്ള വൈദഗ്ധ്യം പരീക്ഷയ്ക്കു മുമ്പ് നേടിയെടുക്കുന്നതാണ് കണ്ടുവരുന്നത്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിൽ 10 പാഠഭാഗങ്ങളുടെ പ്രിന്റുകൾ വരെ ഒരു കുട്ടി കൊണ്ടുവന്നത് പിടികൂടിയിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ മൈക്രോ പ്രിന്റുകൾ വ്യാപകമല്ല. നഗരങ്ങളിലും നഗര സ്വഭാവമുള്ള ഗ്രാമ പ്രദേശങ്ങളിലും ഇത് വ്യാപകമാണ്.
by Midhun HP News | Mar 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്നലെ ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായിലെത്തിയിരുന്നു. ഇന്നലെ മാത്രം 1,120 രൂപയാണ് പവന് കുറഞ്ഞത്.
ഈ മാസം ഒന്നിനു രേഖപ്പെടുത്തിയ 1,26,920 രൂപയാണ് സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറയാന്‍ തുടങ്ങിയത്.
by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡിഎ, ഡിആര്‍ അനുവദിക്കുന്നത്.
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,574 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉള്‍പ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തല്‍ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്.
Recent Comments