തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്. വെല്‍ഡിങ്ങ് തൊഴിലാളിയാണ്. കഴിഞ്ഞ 18നാണ് സംഭവം. ഷൈന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ 94.37ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിന്റെ പാതയിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 450ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,150 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. എഫ്എംസിജി, റിയല്‍റ്റി ഓഹരികള്‍ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

നിഫ്റ്റി സ്‌മോള്‍കാപ്100 0.89 ശതമാനമാണ് മുന്നേറിയത്. നിഫ്റ്റി മിഡ്കാപ്100 0.38 ശതമാനമാണ് കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഒരു കൈയബദ്ധം! പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു; ഞായറാഴ്ച മുഴുവൻ തുറന്നു കിടന്നു

ഒരു കൈയബദ്ധം! പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു; ഞായറാഴ്ച മുഴുവൻ തുറന്നു കിടന്നു

കൊച്ചി: മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു! ഞായറാഴ്ച മുഴുവൻ ഓഫീസ് തുറന്നു കിടന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് അബദ്ധം മനസിലായത്. ശനിയാഴ്ച വൈകീട്ട് ഓഫീസ് പൂട്ടാൻ മറന്നു പോയതാണ്. ​ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ ഓഫീസിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു വ്യക്തമായി.

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂടുമോ? വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് ഉന്നതതല യോ​ഗം

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂടുമോ? വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് ഉന്നതതല യോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോ​ഗം ചേരും. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ഉൾപ്പെടെ യോ​ഗത്തിൽ പങ്കെടുക്കും. ഇന്നലെ ബോർ‍ഡിന്റെ കോർ കമ്മിറ്റി യോ​ഗം ചേർന്നു പ്രതിസന്ധി സംബന്ധിച്ച സ്ഥിതി​ഗതികൾ വിലയിരുത്തിയിരുന്നു.

പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്നു ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ലെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. ആറ് മണി മുതൽ വൈദ്യുതി ഉപയോ​ഗം ക്രമാതീതമായി കൂടുന്ന സമയമാണ് പീക്ക് അവർ. ഈ സമയത്ത് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങാം.

ഓരോ പ്രദേശത്തും അതാത് ട്രാൻസ്ഫോർമറുകളുടെ അമിത ലോഡ് നിയന്ത്രിക്കാനാണ് വൈദ്യുതി ക്രമീകരണം. അല്ലെങ്കിൽ ലോഡ് തങ്ങാനാകാതെ വൈദ്യുതി വിതരണ ശൃംഖല തകരാറിലാകുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. സാധ്യമായ സന്ദർഭങ്ങളിൽ ഇക്കാര്യം കെഎസ്ഇബി ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും.

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്.

1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.

വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.