അക്രമിക്കെതിരെ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി

അക്രമിക്കെതിരെ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്ത അക്രമിക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി. മൂന്ന് പ്രധാന കുറ്റങ്ങളാണ് അക്രമിയായ 31 കാരന്‍ കോള്‍ തോമസ് അലനെതിരെ ചുമത്തിയിട്ടുള്ളത്. ട്രംപിനെതിരെ വധശ്രമം, കുറ്റകൃത്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങള്‍ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിര്‍ത്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കോടതിയില്‍ ഹാജരാക്കിയ കോള്‍ തോമസ് അലനെ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ യുഎസ് അറ്റോര്‍ണി ജനറലിന്റെ ചുമതല വഹിക്കുന്ന ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. അക്രമിയെ കീഴ്‌പ്പെടുത്തിയത് ഡിന്നര്‍ വേദിയുടെ മുകളിലത്തെ നിലയില്‍ വെച്ചാണെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുള്ളത്.

സുരക്ഷാ ചെക്‌പോസ്റ്റുകള്‍ ഭേദിച്ചു കടക്കാന്‍ ശ്രമിച്ച കോള്‍ തോമസ് അലനെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു തവണ വെടിവെച്ചു. എന്നാല്‍ പരിക്കുകളൊന്നുമില്ലാതെ ഇയാളെ തന്ത്രപരമായി വീഴ്‌പ്പെടുത്താന്‍ സാധിച്ചു. അക്രമത്തിന് രണ്ടു ദിവസം മുമ്പ് തന്നെ വാഷിങ്ടണിലെ ഹോട്ടലില്‍ മുറിയെടുത്ത് ഇയാള്‍ താമസം തുടങ്ങി. ആക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തി. താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നുവെന്നും അറ്റോര്‍ണി പറയുന്നു.

സര്‍ക്കാര്‍ നയങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഇയാള്‍ തയ്യാറാക്കിയിരുന്നു. ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അയാള്‍ സൂചിപ്പിച്ചു. എന്നാല്‍ കോള്‍ തോമസ് അലനെതിരെ ഇതുവരെ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണം ഇയാള്‍ ഒറ്റയ്ക്ക് ചെയ്ത പ്രവൃത്തിയാണെന്നും, മറ്റാരുടേയും സഹായം ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് യുഎസ് ഏജന്‍സികളുടെ വിലയിരുത്തല്‍.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

തിരുവനന്തപുരം: മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപെട്ടു. കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ വന്ന് ഇടിച്ചത്. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കും. വാഹനങ്ങളുടെ വേഗത കുറവായതിനാൽ വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

ഹർത്താലിൽ കുരുങ്ങി വിദ്യാർത്ഥികൾ., കണിയാപുരത്ത് വൻ ഗതാഗതക്കുരുക്ക്

ഹർത്താലിൽ കുരുങ്ങി വിദ്യാർത്ഥികൾ., കണിയാപുരത്ത് വൻ ഗതാഗതക്കുരുക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ പെട്ടു. രാവിലെ 9 മണിക്ക് എക്സാം സെന്ററിൽ എത്തേണ്ട വിദ്യാർഥികൾ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ്. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.

സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം

സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.

സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

രേഖകളില്ലാതെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ രേഖകള്‍ സ്‌കൂള്‍ തുറന്നു ആറാം ദിവസം നടക്കുന്ന തലയെണ്ണല്‍ ഘട്ടത്തില്‍ നല്‍കിയില്ലെങ്കില്‍ അവരെ എണ്ണത്തില്‍ കൂട്ടില്ല. കഴിഞ്ഞ വര്‍ഷം ആധാര്‍ അപ്‌ലോഡ് ചെയ്യാത്തതിന്റെ പേരില്‍ പല സ്‌കൂളുകളിലും കുട്ടികളുണ്ടായിട്ടും തസ്തിക നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നീട് സമയം നീട്ടി നല്‍കി.

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍ 110 സീറ്റില്‍ ആധിപത്യം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കം സംസ്ഥാനത്തെത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണല്‍.