by Midhun HP News | Apr 26, 2026 | Latest News, കേരളം
രാജ്യത്തെ നീറ്റ് യുജി (NEET UG 2026) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. അഡ്മിറ്റ് കാർഡ് ഏപ്രിൽ 26ന് പുറത്തിറക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളി കൊണ്ട് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എൻടിഎ.
”നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകും. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന്. മോക്ക് ടെസ്റ്റ് നടത്തുകയോ, പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനോ ഇന്നത്തെ ദിവസം ഉപയോഗിക്കുക. സമാധാനമായി ഇരിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ മതിയായ വെള്ളം കുടിക്കുക” നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.
കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. സമ്മർദ്ദമോ മാനസിക ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ടെലി-മാനസ് (24×7 ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ) 14416 അല്ലെങ്കിൽ 1-800-891-4416 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം.
നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:
ഉദ്യോഗാർത്ഥിയുടെ പേര്
റോൾ നമ്പർ
അപേക്ഷ നമ്പർ
ലിംഗം
ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)
ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)
പരീക്ഷയുടെ തീയതി
റിപ്പോർട്ടിംഗ് / പ്രവേശന സമയം
പരീക്ഷയുടെ സമയം
പരീക്ഷാ കേന്ദ്ര നമ്പർ
പരീക്ഷാ കേന്ദ്രത്തിന്റെ പേര്
നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) നേരത്തെ അറിയിച്ചിരുന്നു.
എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം. മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
by Midhun HP News | Apr 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. പിന്നീട് അര്‍ബുദം വയറിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെയാണ് രഘുറായിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.
രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു. ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്. പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് രഘുറായ്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല്‍ താക്കറെ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ്. ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്.

by Midhun HP News | Apr 26, 2026 | Latest News, കേരളം
കൊച്ചി: 2025ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിവാസം കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (NSO) ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമായവരില്‍ 1,000ല്‍ 186 പേര്‍ക്ക് ആശുപത്രിവാസം വേണ്ടി വന്നു. ദേശീയ ശരാശരി 81 മാത്രമാണ്. കേരളത്തില്‍ മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഏറ്റവുമധികം ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
കേന്ദ്രഭരണ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍, ആശുപത്രി വാസം വേണ്ടി വന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1,000ല്‍ 226 പേരുമായി ലക്ഷദ്വീപാണ് ഒന്നാമത്. എല്ലാ പ്രായത്തിലുള്ളവരെയും കണക്കിലെടുത്താല്‍ ആശുപത്രിവാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം തന്നെയാണ് ഒന്നാമത്. 45-59 വയസ്സ് പ്രായപരിധയില്‍ കേരളത്തില്‍ 1,000ല്‍ 103 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. രണ്ടാമതുള്ള ത്രിപുരയില്‍ ഇത് 70 ആണ്. ദേശീയ ശരാശരി 41 മാത്രം. നാലു വയസിന് താഴെയുള്ള കുട്ടികളില്‍ കേരളത്തില്‍ 1,000ല്‍ 128 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. ദേശീയ ശരാശരി 34 ആണ്. 5-14 പ്രായ പരിധിയില്‍ കേരളത്തില്‍ 1,000ല്‍ 53 പേരാണ് 2025ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ദേശീയ ശരാശരി 11 ആയിരിക്കുമ്പോഴാണ് ഈ വര്‍ധന.
ഈ ഉയര്‍ന്ന നിരക്ക് കേരളത്തിലെ ജനങ്ങളുടെ മോശം ആരോഗ്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പുരുഷോത്തമന്‍ കുഴിക്കത്തുകണ്ടിയില്‍ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കേരളത്തിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. മെച്ചപ്പെട്ട പരിചരണവും ചികിത്സയും നല്‍കാന്‍ ഇത് സഹായിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ലഭ്യതയും പ്രവേശനക്ഷമതയും മറ്റൊരു കാരണമാണ്,’- പുരുഷോത്തമന്‍ പറഞ്ഞു. കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലാണ്. ഇതും ഉയര്‍ന്ന ആശുപത്രിവാസ നിരക്കിന് കാരണമായിട്ടുണ്ട്.
‘പ്രായം കൂടുന്നതിനനുസരിച്ച്, ഹൃദ്രോഗം, പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു,’- ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശുപത്രികളിലേക്ക് നമുക്ക് കൂടുതല്‍ പ്രവേശനക്ഷമത ഉള്ളതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മെച്ചപ്പെട്ട അവബോധവും വിദ്യാഭ്യാസവും ഉള്ളതിനാല്‍, ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം വൈദ്യസഹായം തേടുന്നു’- അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും പ്രതിരോധിക്കുന്നതിലൂടെ ഈ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അല്‍ത്താഫ് അലി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ പ്രായക്കാരിലും ആശുപത്രി വാസത്തിന്റെ നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലായത് കൊണ്ടാണ് ആശുപത്രിവാസ നിരക്ക് കൂടാന്‍ കാരണമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്, ഇത് കൂടുതല്‍ ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് കേസുകളിലേക്ക് നയിക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളുടെ ലഭ്യതയും ഈ നിരക്ക് വര്‍ധനയ്ക്ക് കാരണമാകും’- ഡോ. പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Apr 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതി വിഷ്ണു ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ്. കൊലപാതകശേഷം വിഷ്ണു സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷ്ണുവും അല്‍മയുമാണ് താമസിച്ചിരുന്നത്. മക്കളില്ല. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതു വര്‍ഷമായി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

by Midhun HP News | Apr 26, 2026 | Latest News, കേരളം
കണ്ണൂര്‍: പൊയിലൂരില്‍ ബോംബ് ശേഖരം കണ്ടെത്തി. ഐസ്‌ക്രീം കണ്ടെയ്‌നറുകളിലാക്കിയ അഞ്ചു ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. തെങ്ങിന്‍തോപ്പില്‍ ബക്കറ്റില്‍ മണലുകള്‍ നിറച്ച് കുഴിച്ചിട്ട് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊയിലൂരില്‍ തെങ്ങിന്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ബോബുകള്‍ പിടികൂടുന്നത്. കെട്ടു ബോംബ് എന്നറിയപ്പെടുന്ന നാടന്‍ ബോംബും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.തൊട്ടടുത്ത പാനൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകള്‍ അടക്കം പിടികൂടിയിരുന്നു. കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്. വോട്ടെണ്ണല്‍ അടുത്തുവരവെ, പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.

Recent Comments