സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്

സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്

ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.

ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് പോസ്റ്ററുകളില്‍ ഉള്ളത്. പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായേക്കുമെന്നും അധികൃതര്‍ കരുതുന്നു. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മുമ്പ് സ്വീകരിക്കുന്ന പതിവ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് രാജ്യത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഓഗസ്റ്റ് 15ന് നടക്കുന്ന ചടങ്ങിനായി ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 15,000 മുതല്‍ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള ക്യാമറകള്‍ ഉള്‍പ്പെടെ ഏകദേശം 1,000 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളില്‍ ഹൈടെക് സിസിടിവി കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും 24 മണിക്കൂറും പ്രദേശം നിരീക്ഷിക്കും.

ഡല്‍ഹിയിലുടനീളമുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, മറ്റ് താമസ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശക രജിസ്റ്ററുകള്‍, കമ്പ്യൂട്ടറൈസ്ഡ് ഗസ്റ്റ് വെരിഫിക്കേഷന്‍ സിസ്റ്റങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുന്നു, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവടങ്ങില്‍ നിരീക്ഷണം ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസും ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ തവണ പരിശോധന തുടരുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; മാംസ വിതരണത്തിന് വിലക്ക്

തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു.എന്നാൽ പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്നും അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിച്ച് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും , 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായുംപ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും, പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിമാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനങ്ങൾക്കും അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കുപ്രസിദ്ധ ഗുണ്ട വാള ബിജു കല്ലമ്പലം പോലീസിന്റെ പിടിയിൽ

കുപ്രസിദ്ധ ഗുണ്ട വാള ബിജു കല്ലമ്പലം പോലീസിന്റെ പിടിയിൽ

കുപ്രസിദ്ധ ഗുണ്ട വാള ബിജു കല്ലമ്പലം പോലീസിന്റെ പിടിയിലായി. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് നട്ടെല്ല് തകർന്ന കല്ലമ്പലം ചിറ്റായിക്കോട് സ്വദേശിയായ അനിൽകുമാർ( 50 ) നെ വീട്ടിൽ കയറി അതിക്രൂരമായി മർദ്ദിച്ചതിനാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അനിൽകുമാറുമായി കഴിഞ്ഞദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം ആണ് വീട്ടിൽ അതിക്രമിച്ച് കയറിയാണ് മർദ്ധിച്ചത്. വധശ്രമം, ബോംബെറ്, പിടിച്ചുപറി എന്നീ കേസുകളിൽ പ്രതിയാണ് ബിജു. കേസിന്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

വർക്കല നഗരസഭയിലെ ജീവനക്കാരനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല നഗരസഭയിലെ ജീവനക്കാരനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല നഗരസഭയിലെ ഭിന്നശേഷി ജീവനക്കാരനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ദളവാപുരം സുന്ദരവിലാസത്തിൽ വീട്ടിൽ ഷിബു (51) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ഒറ്റക്കായിരുന്നു. ഒരു മാസത്തോളം ജോലിയിൽ നിന്ന് ലീവ് എടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ക്ലർക്ക് ആയിട്ട് ആണ് പ്രവർത്തിച്ചു വന്നത്.
ദിവസങ്ങൾക്ക് മുൻപ് (ജൂലായ് 29ന്) കടക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചു ഷിബുവിന് മർദ്ദനം ഏറ്റതായി നാട്ടുകാർ പറയുന്നുണ്ട്.

സംഭവത്തിൽ കടയ്ക്കാവൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. മർദ്ദനത്തിൽ തോളിനും കഴുത്തിനും കൈ കാലുകൾക്കും പരിക്കേറ്റ ഷിബു വീട്ടിൽനിന്ന് പുറത്ത് പോയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തിൽ കേസ് എടുത്തിട്ടുണ്ട് എന്ന് പൊലീസ് പറയുമ്പോഴും മറ്റ് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട് എന്ന് പറയുമ്പോഴും കേസിന്റെ കൃത്യമായ വിവരങ്ങൾ പൊലീസിൽ നിന്നും ലഭിക്കുന്നില്ല.

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം

കൊച്ചി: വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോളാണ് ചികിത്സയിലിരിക്കെ മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തുള്ള സ്ഥാപനത്തില്‍ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാത്തതോടെ അന്വേഷിച്ചെത്തിയ മകനാണ് മെഷീനില്‍ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന നിലയില്‍ റെജിയെ കണ്ടെത്തിയത്. തൊട്ടടുത്തെ സ്ഥാപനത്തില്‍ നിന്ന് ആളെ കൂട്ടി ഉടന്‍ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈകള്‍ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. പരേതനായ ജെസ്റ്റിനാണ് ഭര്‍ത്താവ്.