തെങ്ങോളം വളരുന്നു ‘കയറ്റക്കൂലി’, തെങ്ങു കയറ്റക്കാരുടെ വരുമാനത്തില്‍ 83 ശതമാനം വര്‍ധന

തെങ്ങോളം വളരുന്നു ‘കയറ്റക്കൂലി’, തെങ്ങു കയറ്റക്കാരുടെ വരുമാനത്തില്‍ 83 ശതമാനം വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനത്തില്‍ 83 ശതമാനം വര്‍ധന. 2015ല്‍ ശരാശരി 755 രൂപയായിരുന്നു കൂലി. പത്തുവര്‍ഷം കൊണ്ട് കൂലിയില്‍ 83 ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ കൂലി ശരാശരി 1,380 രൂപയായാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി മറ്റു വിദഗ്ധ തൊഴിലാളി വിഭാഗങ്ങളേക്കാളും വേഗത്തിലാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം വര്‍ധിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ 28,000 സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഒരു തെങ്ങുകയറ്റ തൊഴിലാളി ഒരു മാസത്തിലെ ശരാശരി 21 പ്രവൃത്തിദിവസം കൊണ്ട് സമ്പാദിക്കുന്നത്. ഒരു തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിദിന വരുമാനം 1,400 രൂപയായിരിക്കുമ്പോള്‍ സംസ്ഥാനത്തെ 5.23 ലക്ഷം ജീവനക്കാരില്‍ 5.5 ശതമാനം പേരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയില്‍ താഴെയാണ്. അതായത് പ്രതിദിനം 1,000 രൂപയില്‍ താഴെ മാത്രം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, ജോലി സുരക്ഷ, മറ്റ് അലവന്‍സുകള്‍ എന്നിവയൊന്നും തെങ്ങുകയറ്റ തൊഴിലാളിക്ക് ലഭിക്കില്ല എന്നതും ശ്രദ്ധേയമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2015ലെയും 2024ലെയും വിലസൂചിക വിശകലന റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തപ്പോഴാണ് തെങ്ങുകയറ്റ തൊഴിലാളിയുടെ കൂലിയില്‍ ഉണ്ടായ വര്‍ധന വ്യക്തമായത്. താരതമ്യ പഠനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന രേഖപ്പെടുത്തിയത് തെങ്ങുകയറ്റ തൊഴിലാളികളാണ് (83 ശതമാനം). കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാലാണ് താന്‍ കേരളത്തിലേക്ക് വന്നതെന്ന് ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ ശിവനാരായണ്‍ മറാവി (36) പറയുന്നു.

നാട്ടില്‍ സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയില്‍ റാഗിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തിരുന്ന ഇദ്ദേഹം, ഒരു മലയാളി കരാറുകാരന്റെ ക്ഷണം വഴിയാണ് കേരളത്തിലെത്തിയത്. ‘ആദ്യ ദിവസം മരത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ കാലുകള്‍ വിറച്ചു. എന്നാല്‍ യന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസത്തെ പരിശീലനം ലഭിച്ചതോടെ ആ പേടി മാറി. ഇന്ന് എത്ര ഉയരമുള്ള തെങ്ങിലും ഞാന്‍ കയറും,’- അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മഴക്കാലത്ത് ഒഴികെ ബാക്കി എല്ലാ ദിവസവും പണി ലഭിക്കുമെന്നും പ്രതിദിനം 1,500 മുതല്‍ 2,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദഗ്ധ്യവും തൊഴിലിന്റെ അന്തസ്സും തമ്മിലുള്ള ബന്ധമാണ് സംസ്ഥാനത്തെ തെങ്ങുകയറ്റ രംഗത്തെ അതിഥി തൊഴിലാളികളുടെ വര്‍ധിച്ച് വരുന്ന സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന്് ലേബര്‍ സ്റ്റഡീസ് വിദഗ്ധനും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ രവി രാമന്‍ പറയുന്നു. ‘പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജോലികള്‍ക്കായി നാട്ടില്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഒരു പ്രത്യേക തൊഴില്‍ പഠിച്ചെടുത്ത് ഇന്ന് വലിയ വരുമാനം നേടുന്നു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് നൈപുണ്യം വികസിപ്പിക്കാനും തൊഴിലിന്റെ അന്തസ്സ് തിരിച്ചറിയാനും മലയാളികള്‍ ഇനിയും പഠിക്കേണ്ടതുണ്ട്,’- അദ്ദേഹം അഭിപ്രായപ്പെട്ടു.

2026-27 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച്, 28,648 സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2,240 രൂപ മുതല്‍ 30,000 രൂപ വരെയുള്ള പരിധിയിലാണ്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 25,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 35% ക്ഷാമബത്തയും (DA) 10% വീട്ടുവാടക അലവന്‍സും (HRA) ഉള്‍പ്പെടെ ഏകദേശം 36,250 രൂപയാണ് ലഭിക്കുക. അതേസമയം, 27 ദിവസം ജോലി ചെയ്യുന്ന ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് 37,800 രൂപ വരെ ലഭിക്കാം. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ജോലി സുരക്ഷയോ പെന്‍ഷനോ മെഡിക്കല്‍ ആനുകൂല്യങ്ങളോ ലഭ്യമല്ല. ശാരീരിക അധ്വാനവും അപകടസാധ്യതയുമുള്ള ജോലികള്‍ക്ക് ഇന്ന് കേരളത്തിലെ തൊഴില്‍ വിപണിയില്‍ വലിയ മൂല്യമുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

‘മകനെ കൊന്നവരെ കാണണ്ട’; നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍, പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

‘മകനെ കൊന്നവരെ കാണണ്ട’; നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍, പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

കണ്ണൂര്‍: മരിച്ച നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് എത്തിയത്. എന്നാല്‍, കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.

മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛന്‍ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

‘ആയിരത്തിലധികം പാട്ടുകൾ ഞാനിപ്പോൾ ചെയ്ത് വച്ചിട്ടുണ്ട്; 60 വയസ് കഴിയുമ്പോൾ ഉപയോ​ഗിക്കും’

‘ആയിരത്തിലധികം പാട്ടുകൾ ഞാനിപ്പോൾ ചെയ്ത് വച്ചിട്ടുണ്ട്; 60 വയസ് കഴിയുമ്പോൾ ഉപയോ​ഗിക്കും’

തെന്നിന്ത്യയിലെ നമ്പർ വൺ യുവ സം​ഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. ആറാം ക്ലാസ് മുതൽ താൻ 1,000 ത്തിലധികം പാട്ടുകൾ കമ്പോസ് ചെയ്ത് വച്ചിട്ടുണ്ടെന്നും 60 വയസ് കഴിയുമ്പോൾ താൻ അതൊക്കെ ഉപയോ​ഗിക്കുമെന്നും പറയുകയാണ് സായ് ഇപ്പോൾ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കാർ.

“എന്റെ കയ്യിലിപ്പോൾ 1000ത്തിലധികം പാട്ടുകളുണ്ട്. ആറാം ക്ലാസ് മുതൽ ഞാൻ കമ്പോസ് ചെയ്തതാണ് അതെല്ലാം. 60 വയസ്സിനു ശേഷം ഞാൻ അത് ഉപയോഗിക്കും. 60 വയസ്സിനു ശേഷം എന്റെ ആരോ​ഗ്യം അല്ലെങ്കിൽ മാനസികാരോ​ഗ്യം മോശമാണെങ്കിൽ ഞാൻ ആ പാട്ടുകൾ ഉപയോ​ഗിക്കും.

ആയിരവും ഉപയോ​ഗിക്കുമെന്ന് ഞാൻ പറയുന്നില്ല. അതിൽ നിന്ന് ഏറ്റവും മികച്ചത് ഏതാണോ അത് ഞാനുപയോ​ഗിക്കും. അതിൽ ഏതൊക്കെയാണ് നല്ലതെന്ന് എനിക്കോർമയുണ്ട്. ഇനി അഥവാ മറന്നുപോയാൽ ഞാൻ ഒന്നു കൂടി പോയി കേട്ട് നോക്കും. അപ്പോൾ എനിക്ക് ഓർമ വരും”.- സായ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനായി നോക്കിയയുടെ ഒരു സാധാരണ സെറ്റാണ് താൻ ഉപയോ​ഗിക്കുന്നതെന്നും സായ് കൂട്ടിച്ചേർത്തു. “ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമെല്ലാം സോഷ്യൽ മീഡിയയിലുണ്ട്.അതിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയയുടെ ഒരു സാധാരണ സെറ്റ് ഞാൻ വാങ്ങി. ആ ലെജൻഡ് ഫോൺ- അതാണ് ഞാൻ ഉപയോ​ഗിക്കുന്നത്. സംവിധായകരും നിർമാതാക്കളുമൊക്കെ ഇടയ്ക്ക് എന്നെ ആ ഫോണിലേക്കാണ് വിളിക്കാറ്.

കൂടുതൽ സമയവും ആ ഫോണിൽ തന്നെ ലഭ്യമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. സ്മാർട്ട് ഫോണിൽ നിന്ന് പരമാവധി ഞാൻ അകന്നു നിൽക്കാറുണ്ട്”.- സായ് പറഞ്ഞു. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സായ്‌യുടേതായി റിലീസിനൊരുങ്ങുന്ന പ്രൊജക്ട്. അല്ലു അർജുൻ ചിത്രം രാക്കയിലും സായ് ആണ് സം​ഗീതമൊരുക്കുന്നത്.

കെ. മോഹനൻ നായർ (66) അന്തരിച്ചു

കെ. മോഹനൻ നായർ (66) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പുത്തൻ വിളവീട്ടിൽ കെ. മോഹനൻ നായർ (66) അന്തരിച്ചു.

ഭാര്യ: വി ദീപ.
മക്കൾ: എം കാർത്തിക്, ഡി കൃഷ്ണ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

അനോഷ് കണ്ണു തുറന്നു, മരുന്നുകളോട് പ്രതികരിക്കുന്നു; വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റിയേക്കും, പ്രതീക്ഷയോടെ നാട്

അനോഷ് കണ്ണു തുറന്നു, മരുന്നുകളോട് പ്രതികരിക്കുന്നു; വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റിയേക്കും, പ്രതീക്ഷയോടെ നാട്

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ പത്തുവയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി മരുന്നുകളോടും ചികിത്സയോടും അനുകൂലമായി പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അനോഷിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ സഹോദരന്‍ ആണ് അനോഷ്.

ആല്‍ജോ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ ആശ്വാസകരമായിരിക്കുകയാണ്. ഇന്നലെയാണ് അനോഷ് കണ്ണ് തുറന്നത്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുട്ടി പ്രതികരിക്കുന്നതായാണ് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടി പോസിറ്റീവ് റെസ്‌പോണ്‍സ് കാണിക്കുകയാണെങ്കില്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ഉണ്ടായ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബവും നാട്ടുകാരും. ഇന്നലെയായിരുന്നു ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

അതിനിടെ ആല്‍ജോയുടെ വീടിന്റെ പരിസരങ്ങളില്‍ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തി. ഇന്നലെയും ആല്‍ജോയുടെ വീട്ടില്‍ നിന്ന് ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് ആല്‍ജോ മരിച്ചത്. കിടന്ന് ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയില്‍ കിടന്നിരുന്ന വിഷപ്പാമ്പാണ് ആല്‍ജോയെയും സഹോദരന്‍ അനോഷിനെയും കടിച്ചത്.