ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണെന്നും വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങളില്‍ വീഴരുതെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുഎസ് ആസ്ഥാനമായുള്ള ചാനലായ വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍ അമേരിക്കന്‍ ആര്‍മി കേണല്‍ ഡഗ്ലസ് മക്‌ഗ്രെഗര്‍ അവകാശപ്പെട്ടിരുന്നു. ‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മുടെ തുറമുഖ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും നമ്മള്‍ യഥാര്‍ഥത്തില്‍ പിന്തിരിയേണ്ടതുണ്ട്. അവിടെ നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. നാവികസേന പറയുന്നത് അതാണ്,’- ഡഗ്ലസ് മക്‌ഗ്രെഗര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ തുറമുഖവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ വിദേശകാര്യമന്ത്രാലയം തള്ളിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍ 87 ഇറാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം തുടരുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് സമീപം കടലില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. കപ്പല്‍ ദുരന്ത സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇറാനിയന്‍ കപ്പലില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷാ ദൗത്യം നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് കുറഞ്ഞത് 30 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. രക്ഷാദൗത്യത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. പക്ഷേ സംഭവത്തിന് മറുപടിയായി ശ്രീലങ്ക ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം, അന്തര്‍വാഹിനി ആക്രമണത്തിന് ഉത്തരവാദികള്‍ ആര് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല.

വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചു; ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചു; ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അജ്മലാണ് അറസ്റ്റിലായത്. രണ്ടു യുവതികളുടെ പരാതിയില്‍ നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.

തൃശ്ശൂര്‍ കൂര്ക്ക‍ഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെയാണ് രണ്ടുപേരും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.

കെ മാറ്റ് 2026: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു, സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

കെ മാറ്റ് 2026: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു, സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കെ- കെ മാറ്റ് സെഷൻ I പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു.

2026-27 വർഷത്തെ എം ബി എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഫെബ്രുവരി 22-ന് നടന്ന എം ബി എ പ്രവേശന പരീക്ഷയായ KMAT-2026 സെഷൻ ഒന്ന്, ഫലമാണ് പ്രസിദ്ധീകരിച്ചത്.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം ലഭിക്കുന്നത്. അപേക്ഷകർക്ക് വെബ്‌സൈറ്റിലെ ‘Candidate Portal’ ൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

പ്രവേശന ലിങ്കിൽ കയറി പരീക്ഷാർത്ഥിയുടെ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ്, അകസസ്സ് കോഡ് എന്നിവ നൽകി വേണം സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനായുള്ള ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും.

കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് കെമാറ്റ് (KMAT). നിലവിൽ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ള കേരളത്തിലെ നിരവധി മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ഇതിലെ സ്കോർ മതിയാകും.

പ്രവേശന പരീക്ഷാ കമ്മീഷണർ (സിഇഇ കേരള) ആണ് പരീക്ഷ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആണ് കെ മാറ്റ്. അടുത്ത കെ മാറ്റ് സെഷൻ പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിക്കും.