സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ സാധിക്കും. ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലം വരുന്ന ദിവസം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അക്കൗണ്ട് സെറ്റ് ചെയ്യാനാണ് നിര്‍ദേശം. APAAR ID ഇല്ലാത്ത വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കറിലെ ‘Issued Documents’ എന്ന വിഭാഗത്തില്‍ ലഭ്യമാകും.

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണം പോയി. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. നാണയത്തിന്റെ വലിപ്പമുള്ള കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

ബുധനാഴ്ച രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി പുലർച്ചെ മുതൽ വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.

ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. മോഷണം പോയ കാണിപ്പൊന്ന് നിമിഷങ്ങൾ‌ക്കകം പൊലീസ് കണ്ടെത്തി. തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ‌ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് ചെയ്യുന്നത്.

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: കൊളച്ചേരിയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. കൊളച്ചേരി പറമ്പയിലെ പി പി ഗോപിനാഥനാണ്(61) മരിച്ചത്.

ഇന്നലെ രാത്രി 8.30 ന് കൊളച്ചേരിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ കെ.എല്‍.59.എ.സി. 4054 നമ്പര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മയ്യില്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ:ഇന്ദിര . മക്കള്‍ : അപര്‍ണ, ഉകേഷ് (ഡ്രൈവര്‍) മരുമകന്‍: വിജേഷ്. സഹോദരങ്ങള്‍ : വല്ലി, ഗീത, ദേവകി.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്‌സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിനെ പ്രധാന ശുപാര്‍ശ. ബില്ലിന്മേല്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷമായ ഇന്ത്യ മുന്നണി പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം. മണ്ഡല പുനര്‍ നിര്‍ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വനിതാ ബില്ലിനു പുറമെ, അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും യോഗത്തില്‍ ചര്‍ച്ചയാകും.സ്ത്രീ സംവരണം, ദേശീയ അതിര്‍ത്തി നിര്‍ണ്ണയം, ലോക്സഭയിലെ സീറ്റുകളുടെ വര്‍ദ്ധനവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഷയങ്ങളെ, ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം കൂട്ടിക്കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയെ ‘ഭരണഘടനയ്‌ക്കെതിരായ ആക്രമണം’ എന്നാണ് സോണിയാഗാന്ധി വിശേഷിപ്പിച്ചത്.

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.