by Midhun HP News | Aug 10, 2026 | Latest News, കേരളം
ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി. കഴിഞ്ഞ ദിവസം കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ആകാശദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.
തുടർന്ന് ഈ ദൃശ്യങ്ങൾ തമിഴ്‌നാട് പെരിയകുളം എംഎൽഎയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും കർശന നിരോധനമുണ്ട്. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് അതീവ സുരക്ഷാ മേഖലയിൽ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ അധീനതയിലുള്ള കടുവാ സങ്കേതത്തിലും അണക്കെട്ട് പരിസരത്തും അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും സമാനമായ രീതിയിൽ തമിഴ്‌നാട് അധികൃതർ വനമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളോ സർവേകളോ നടത്തുമ്പോൾ കേരള വനംവകുപ്പ് മൗനം പാലിക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. അതീവ പ്രധാന്യമുള്ള വനഭൂമിയിൽ നിയമലംഘനം നടത്തിയ തമിഴ്‌നാട് സംഘത്തിനെതിരെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ജനപ്രതിനിധിക്കെതിരെയും വനസംരക്ഷണ നിയമപ്രകാരം കേരള സർക്കാർ കേസെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.


by Midhun HP News | Aug 10, 2026 | Latest News, ദേശീയ വാർത്ത
പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തത്തനംപുള്ളിയിലെ കപ്പത്തോട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് രവിക്ക് ഷോക്കേറ്റത്.
രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. തുടർന്ന് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.


by Midhun HP News | Aug 10, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ തെക്കുംഭാഗം പാലോട് വീട്ടിൽ മനു (42), വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസ് (30), വക്കം അമ്മൂമ്മ വീട്ടിൽ വിഷ്‌ണു (31) എന്നിവരാണ് അറസ്റ്റിലായത്. അയിരൂർ വില്ലിക്കടവ് ജങ്‌ഷനു സമീപം സംശയാസ്പദ സാഹചര്യത്തിൽ കാറുമായി എത്തിയ സംഘത്തിനെതിരെ അയിരൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കാറിൽ നടത്തിയ പരിശോധനയിൽ കമ്പിപ്പാര, ഗ്ലൗസ്, പഴയ തോർത്തുമുണ്ട് തുടങ്ങിയവ കണ്ടെത്തി. സംഘം മോഷണം ലക്ഷ്യമിട്ടെത്തിയതാകാമെന്നാണ് പെലീസ് സംശയിക്കുന്നത്. വെള്ളി രാത്രി 7.30ഓടെയായിരുന്നു സംഭവം. മനുവിന്റെ മാരുതി 800 കാറിലാണ് സംഘം വില്ലിക്കടവ് ഭാഗത്തെത്തിയത്.
ഇവിടെവച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന്, മനു കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് റിയാസിന്റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് വിഷ്‌ണു കാറുമായി കടയ്ക്കാവൂരിലുള്ള വീട്ടിലേക്കുപോയി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്. റിയാസ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെയും മനു കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും നിലവിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മൂവരും മദ്യപിച്ചാണ് കാറിൽ വില്ലിക്കടവ് ഭാഗത്തെത്തിയതെന്നും കണ്ടെത്തി. ഇവർക്ക് സമീപകാലത്ത് വർക്കല, അയിരൂർ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്ത മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.


by Midhun HP News | Aug 10, 2026 | Latest News, കേരളം
പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ശാരദ ശനിയാഴ്ച അർദ്ധരാത്രി 11.15-ഓടെയും രാമസ്വാമി ഞായറാഴ്ച പുലർച്ചെ രണ്ടിനെയുമാണ് മരിച്ചത്.
ശനിയാഴ്ച പുനലൂർ പൊലീസ് പ്രദേശത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എം.എൽ.എ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. അസുഖബാധിതയായ മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നേദിവസം തന്നെ ഇരുവരും പുനലൂരിലെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളനാശിനി കഴിക്കുകയായിരുന്നു എന്നാണ് അനുമാനം. സംഭവം നടന്ന മുറിയിൽ നിന്നും കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പുനലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
മക്കൾ: സജിനി, മനോജ്, അശ്വതി.
മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.


by Midhun HP News | Aug 10, 2026 | Latest News, കേരളം
കൊല്ലം: ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു.
ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് ഭാരവാഹികൾ സ്ഥലത്തെത്തി കച്ചവടം നിർത്തിവയ്ക്കാൻ ഇവരോട് ആവശ്യപ്പെടുകയും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണു സ്ഥലത്തു നിന്നു പറഞ്ഞയച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ഇതര സംസ്ഥാനക്കാർ പാതയോരങ്ങൾ കയ്യടക്കിത്തുടങ്ങിയിട്ടുണ്ട്.
കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ അൻസാരി, വൈസ് പ്രസിഡന്റ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ്എ , അബ്‌ദുൽ റഷീദ്, അറാഫത്ത് എന്നിവരാണ് തടഞ്ഞത്.


Recent Comments