ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാര്‍ എന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേര്‍ക്കാണ് പരിക്കേറ്റത്.

തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു ആരോപണം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് പുതിയ വിവരം. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് പറയുന്നത്.

‘ഒഡിഷയിലെ ജാര്‍സുഗുഡയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റം തകരാര്‍ സംഭവിച്ചതായി പൈലറ്റ്- ഇന്‍ കമാന്‍ഡ് മനസിലാക്കിയത്. വിമാനത്തിന്റെ നിയന്ത്രണവും പൊതുവായ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് ഈ സിസ്റ്റമാണ്. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ഉടന്‍ തന്നെ സഹ പൈലറ്റിനോട് വിമാനത്തിന്റെ മുന്‍ഭാഗം താഴേക്ക് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഇത് വിമാനത്തെ 300 അടി താഴേക്ക് കൊണ്ടുപോയി. പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നത് യാത്രക്കാര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്നതിന് കാരണമായി. കോക്ക്പിറ്റ് ക്രൂവിന്റെ ഈ വേഗത്തിലുള്ള നടപടിയാണ് വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും രക്ഷിച്ചത്.’- സാം തോമസ് വ്യക്തമാക്കി.

എയര്‍ബസ് എ320 വിമാനത്തിന്റെ അടിഭാഗത്ത് മൂന്ന് ഹൈഡ്രോളിക് റിസര്‍വോയറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അവയില്‍ നിന്ന് പുറപ്പെടുന്ന പൈപ്പുകളും സ്റ്റീല്‍ ട്യൂബുകളും സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മൂന്ന് സിസ്റ്റങ്ങളും പരാജയപ്പെടുന്നത് അപൂര്‍വ്വമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ കോക്ക്പിറ്റ് ക്രൂ വിമാനത്തെ 800 അടി വരെ താഴേക്ക് കൊണ്ടുപോയേക്കാമെന്നും സാം തോമസ് കൂട്ടിച്ചേര്‍ത്തു.

യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു അക്രമ സംഭവം നടന്നത്.രണ്ട് ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാളും വാക്കത്തിയും ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

മയക്കുമരുന്നില്‍ എ4 പേപ്പര്‍ മുക്കി കടത്ത്, മധുരപലഹാരങ്ങള്‍ക്കുള്ളിലും; ലക്ഷ്യം കുട്ടികളും യുവാക്കളും, യുഎഇയില്‍ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. മധുരപലഹാരങ്ങള്‍, എ4 പേപ്പര്‍, ഡെലിവറി ഉത്പന്നങ്ങള്‍ എന്നിവയില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് എ4 പേപ്പറില്‍ മുക്കി വ്യാപകമായി വിപണനം നടത്തുന്നുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പത്തില്‍ ഇവയുടെ വിതരണം നടത്തുന്നതിനാണിത്. മറ്റൊന്ന് മധുരപലഹാരങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ഒളിപ്പിക്കുന്നതാണ്. മൂന്നാമത്തെ രീതി അജ്ഞാതമോ അപരിചിതമോ ആയ നമ്പറുകളില്‍ നിന്ന് ഡെലിവറി കമ്പനികള്‍ വഴി അയയ്ക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിക്കുതാണ്.

മയക്കുമരുന്ന് സംഘങ്ങളുടെ വലയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്. സംശയാസ്പദമായ പാക്കേജുകള്‍ സ്വീകരിക്കുകയോ സമ്മാനങ്ങളോ ഡെലിവറികളോ വാഗ്ദാനം ചെയ്യുന്ന അജ്ഞാത വ്യക്തികളുമായി ഇടപഴകുകയോ ചെയ്യരുതെന്ന് അധികാരികള്‍ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി പറഞ്ഞു. ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്കും 80044 എന്ന നമ്പറില്‍ ഹിസ്ന്‍ സേവനവുമായി ബന്ധപ്പെടാം. വിവരങ്ങള്‍ കൈമാറാല്‍, സഹായം, ചികിത്സ എന്നി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.
2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ സ്വദേശി

ആറ്റിങ്ങൽ: സാമൂഹ്യ പ്രവർത്തകനും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കൊയ്ത്തൂർക്കോണം സുന്ദരൻ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ദശാബ്ദങ്ങൾ പിന്നിടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‍കാരം നൽകിയത്.