സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല: മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല: മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന്റെ പേരില് സപ്ലൈകോ ജീവനക്കാർക്കെതിരെ നടപടി. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു. സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് , പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടര്‍ന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. കൈയേറ്റത്തെക്കുറിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ മന്ത്രി ഫോണില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കര്‍ എ എന്‍ ഷംസീറും സ്ഥലത്തുണ്ട്. മന്ത്രിയെ സമരക്കാര്‍ മര്‍ദിച്ചുവെന്ന് എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാര്‍ ആരോഗ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇത് അപലപനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

ചൂരല്‍മല: കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ, രാഹുലും പ്രിങ്കയും പങ്കെടുക്കും

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നടക്കുന്ന കര്‍ഷക യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് പോകും. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1:30 ന് കല്‍പ്പറ്റ എംപി ഓഫീസില്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനായുള്ള (ആര്‍ആര്‍ടി) നൂതന ഉപകരണങ്ങള്‍ കൈമാറും.

വെള്ളിയാഴ്ച രാവിലെ കാളികാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് കൈതപ്പൊയില്‍ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടും. ചിപ്പിലിത്തോടിലെ നിര്‍ദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും.

തുടര്‍ന്ന് ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദര്‍ശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ കൂമന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാത്. വര്‍ക്കല എംഎല്‍എ കൂടിയായ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ വരും.

വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി രാജുവാണ് വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തവണ കോവളത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസ നാടാര്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

‘സുധയ്ക്ക് ആത്മഹത്യാ പ്രവണത, കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി’

‘സുധയ്ക്ക് ആത്മഹത്യാ പ്രവണത, കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി’

കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെവി ഷാജി പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളിലാണ് പിടിയിലായത്.

സംഭവത്തില്‍ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മര്‍ദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്നും തന്റെ കുടുംബം തകര്‍ക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കി.

സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റെയില്‍വേപാലത്തിനടുത്തേക്ക് നടന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞു. ഇതില്‍ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലില്‍ തലയിടിച്ച് ചോരവാര്‍ന്നു തുടങ്ങിയതോടെ സുധ കരയാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ഷാജി സുധയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് സുധയുടെ ശരീരം റെയില്‍വേ പാളത്തില്‍ കൊണ്ടുപോയി ഇട്ടത്.

എന്നാല്‍ ട്രെയിന്‍ ഓടാത്ത പാളമായിരുന്നു ഇതെന്നതിനാല്‍ കൊലപാതകമാണെന്നു പൊലീസിന് വ്യക്തമായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുന്‍ ജീവനക്കാരിയായ അശ്വതി വഴിയാണു മകള്‍ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഷാജി നടന്നുവരുന്നതും ഷര്‍ട്ടില്‍ രക്തംപറ്റിയതും സിസിടിവിയില്‍ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്.