’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദയഭാനു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ പരസ്യമായി മാപ്പ് എഴുതി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉദയഭാനുവിനെതിരെ വിവാദ കുറിപ്പിട്ടത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനുവിന്റെ പരാതിയില്‍ നേരത്തെ അടൂര്‍ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. പൊതുപ്രവര്‍ത്തന ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 നവംബറിലാണ് ശ്രീനാദേവി സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’  പ്രകാശനം ചെയ്തു

അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’ പ്രകാശനം ചെയ്തു

വര്‍ക്കല: അധ്യാപികയും എഴുത്തുകാരിയുമായ രതിമോള്‍ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’ സാഹിത്യകാരന്‍ ഉണ്ണി ആറ്റിങ്ങല്‍ പ്രകാശനം ചെയ്തു. കവിയും നാടകപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി. രതിമോള്‍ ജിനിയുടെ കഥകള്‍ ലളിതവും ജീവിതഗന്ധിയുമാണെന്ന് ഉണ്ണി ആറ്റിങ്ങല്‍ പറഞ്ഞു.

എഴുത്തുകാരന്‍ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പ്രേം മധുസൂദനന്‍ പുസ്തക പരിചയം നടത്തി. ആറ്റിങ്ങല്‍ വീരളം ദ്വാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരായ രശ്മി മൂത്തേടത്ത്, ദിലിപ്രസാദ് സുരേന്ദ്രന്‍, ദിനശ്രീ സുചിത്തന്‍, രതിമോള്‍ ജിനി, റിട്ട. അധ്യാപകന്‍ ലോഹിദാസ് എസ്, ശാന്തകുമാരി അമ്മ, അധ്യാപകരായ മണികണ്ഠന്‍ ജി.എസ്, കൃഷ്ണ ടി.എസ്, എം.ജി. മനോജ്, അക്ഷര രാജ് തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണു പ്രസാധകര്‍. വര്‍ക്കല ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപികയാണു രതിമോള്‍ ജിനി.

മന്ത്രിയുടെ ഓഫീസുമായുള്ള ഭിന്നത? ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി

മന്ത്രിയുടെ ഓഫീസുമായുള്ള ഭിന്നത? ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റം. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷന്‍, മെട്രോ, റെയില്‍വേ) മുഴുവന്‍ സമയ അധിക ചുമതലയും വഹിക്കും. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്.

അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംവിഡി ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി. ഭക്ഷ്യ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനവും ബാലമുരളിക്കാണ്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പദവിയും നല്‍കി.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ശര്‍മ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകളില്‍ നിന്ന് ഒഴിവാക്കി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവായത്.

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു…? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു…? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍

കൊച്ചി: ഹോളിവുഡ് സിനിമകളുടെ ആസ്ഥാനമായ കൊച്ചി മേനകയിലെ ശ്രീധര്‍ തിയേറ്റര്‍ അടച്ചുപൂട്ടി എന്ന പ്രചാരണം തള്ളി തിയേറ്റര്‍ ഉടമ സുരേഷ് ഷേണായി രംഗത്തെത്തി. തിങ്കളാഴ്ച മുതല്‍ ശ്രീധര്‍ അടച്ചു എന്നത് ശരിയാണ്. അതുപക്ഷേ, നവീകരണത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും പാര്‍ക്കിങ് സൗകര്യങ്ങളുമായി ശ്രീധര്‍ പുതിയ സ്റ്റൈലില്‍ തിരിച്ചുവരും. നവീകരണത്തിന്റെ അന്തിമരൂപമായിട്ടില്ല. കൂടുതല്‍ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് സംവിധാനത്തിലായിരിക്കും ശ്രീധര്‍ തിരിച്ചെത്തുക.

1964ല്‍ പ്രവര്‍ത്തനമാരംഭിച്ച ശ്രീധര്‍, കേരളത്തിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് തിയേറ്റര്‍ ആണ്. ഡോള്‍ബി സൗണ്ട് സിസ്റ്റവും 3D ഡിജിറ്റല്‍ പ്രൊജക്ടറും കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും ശ്രീധറിലായിരുന്നു. ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ കൊളംബിയ പിക്‌ചേഴുമായുള്ള ദീര്‍ഘകാല കരാര്‍ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകള്‍ ഹോളിവുഡിനൊപ്പംതന്നെ ശ്രീധറിലും റിലീസ് ചെയ്തിരുന്നു. ടൈറ്റാനിക്, ജുറാസിക് പാര്‍ക്ക്, ദ ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ റെക്കോര്‍ഡ് കലക്ഷനാണ് നേടിയത്.

മള്‍ട്ടിപ്ലക്‌സുകള്‍ സജീവമായതോടെ ശ്രീധറിന്റെ പൊലിമ മങ്ങി. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും തിയേറ്ററില്‍ ആളുകുറഞ്ഞതും തിരിച്ചടിയായി. എന്നിട്ടും ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ചിത്രങ്ങളായി തിയേറ്റര്‍ നിലനിര്‍ത്തിയെങ്കിലും നവീകരണം എന്ന തീരുമാനത്തിലേക്ക് ഉടമകള്‍ എത്തുകയായിരുന്നു. എംജി റോഡിലെ പത്മ, ഷേണായീസ് തിയേറ്ററുകളുടെ ഉടമകളായ ഷേണായി കുടുംബത്തിന്റെതാണ് ശ്രീധര്‍. ലക്ഷ്മണന്‍ ഷേണായിയുടെ മകന്‍ ശ്രീധര്‍ ഷേണായിയുടെ ഓര്‍മ്മയ്ക്കായാണ് ശ്രീധര്‍ എന്ന പേര് നല്‍കിയത്.

ബൈക്ക് കനാലിൽ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം

ബൈക്ക് കനാലിൽ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം

ബൈക്ക് കനാലിൽ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം.കൊല്ലം പത്തനാപുരം ചാച്ചിപുന്ന സ്വദേശി അജിൻ (24) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തചെയ്യവെ റോഡിലെ ചപ്പാത്തിൽ തട്ടി കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

|