‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം യുഡിഎഫ് സര്‍ക്കാരിനെയും ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി പാടണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈ മാസം 6ന് സര്‍ക്കുലര്‍ പുറത്തിറക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉത്തരവില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

ചരിത്രപരമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രം ആലപിക്കുന്നതാണ് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമെന്ന നിലപാടാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. മുഴുവന്‍ വരികളും നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കലാണെന്നും, രാജ്യത്ത് പൊതുവെ അംഗീകരിക്കപ്പെട്ട കീഴ്വഴക്കങ്ങള്‍ക്ക് എതിരാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പും നിയമസഭാ സമ്മേളനങ്ങളിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലും വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് സംബന്ധിച്ച് സമാന തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ, ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയുടെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ ഈ നീക്കങ്ങളില്‍ യുഡിഎഫ് അനുകൂല സംഘടനകള്‍ തീര്‍ത്തും അസംതൃപ്തരാണ്. സിപിഎം ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍, സംഘപരിവാര്‍ അജണ്ടകളെ ചെറുക്കുന്നതില്‍ മതിയയായ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വഖഫ് ബോര്‍ഡ്, പിഎം ശ്രീ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ ബിജെപി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി വിമര്‍ശനമുണ്ട്.

വന്ദേമാതരം, സവര്‍ക്കര്‍ വിഷയങ്ങളില്‍ വിവിധ സംഘടനകള്‍ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഈ നിരാശ വ്യക്തമാണ്. രാജ്യസ്‌നേഹം തെളിയിക്കാന്‍ ഒരു പൗരന്‍ തന്റെ മതവിശ്വാസം ഉപേക്ഷിക്കേണ്ടതില്ലെന്ന് വിസ്ഡം ഇസ്ലാമിക് മിഷന്‍ പ്രസ്താവിച്ചു. മതേതരത്വത്തിന്മേലുള്ള കടന്നുകയറ്റമായതിനാല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് വിസ്ഡം ജനറല്‍ സെക്രട്ടറി ടികെ അഷറഫ് ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ലീഗ്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്), കേരള നദ്വത്തുല്‍ മുജാഹിദീന്‍-മാര്‍ക്കസുദ്ദഅവ എന്നിവരും സമാന പ്രസ്താവനകളുമായി രംഗത്തെത്തി. യുഡിഎഫിന്റെ ‘സംഘപരിവാര്‍ അനുകൂല നിലപാടിനെ’ വിമര്‍ശിക്കുന്നതില്‍ യുഡിഎഫ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ കടുത്ത ഭാഷയാണ് ഉപയോഗിച്ചത്.

മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍

മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍

മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി എ ആണ് പിടിയിലായത്. മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇന്നലെയാണ് ഹാരിസിനെ എന്‍ഐഎ പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞദിവസം കര്‍ണാടകയില്‍ നിന്നും മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹാരിസ് കൂടി പിടിയിലായതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കഴിഞ്ഞ ഫെബ്രുവരി 7-നാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പൊലീസ് പിടിച്ചെടുത്തത്. 89,600 ഡിറ്റനേറ്റര്‍ സ്റ്റിക്കുകള്‍, 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ലോക്കല്‍ പൊലീസില്‍ നിന്നും പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

കോഴിക്കോട്: ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിക്ക് സാമ്പത്തികമായും ഡിജിറ്റലായും സഹായങ്ങള്‍ നല്‍കിയ കേസില്‍ ഇളയ സഹോദരന്‍ അജയ് ആയങ്കി അറസ്റ്റില്‍. ശനിയാഴ്ച അര്‍ധരാത്രി കോഴിക്കോട് നടക്കാവിലെ സ്വകാര്യ സ്ഥാപനത്തിന് സമീപത്തുവച്ചാണ് നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. ഇതോടെ നിയമനടപടികള്‍ക്കും ഒളിവ് ജീവിതത്തിനുമുള്ള പണം കണ്ടെത്താന്‍ അജയ് തന്റെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ ക്രൗഡ് ഫണ്ടിങ് നടത്തി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് അര്‍ജുന്റെ അഭിഭാഷകര്‍ക്കുള്ള ഫീസും മറ്റും നല്‍കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

സാമ്പത്തിക സഹായത്തിന് പുറമെ, അര്‍ജുന്റെ ഡിജിറ്റല്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിലും അജയ് നിര്‍ണായക പങ്ക് വഹിച്ചു. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തില്‍ അര്‍ജുന്‍ പങ്കുവെച്ച പ്രകോപനപരമായ പോസ്റ്റുകള്‍ തയ്യാറാക്കിയതും പ്രചരിപ്പിച്ചതും അജയുടെ സഹായത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി.

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ താന്‍ നടത്തിയ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പുതിയ തലമുറയായ ജെന്‍സി നമ്മുടെ കുട്ടികളാണെന്നും എന്നാല്‍ ചിലര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളോ മന്ത്രിസ്ഥാനത്തോടുള്ള വലിയ താത്പര്യമോ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് രാജി വെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 25നാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞത്. രാജ്യത്ത് പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും അവര്‍ക്ക് വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും പ്രധാന്‍ പറഞ്ഞു. എന്നാല്‍ പ്രക്ഷോഭങ്ങളുടെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍

കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞു കൂടി എത്തിയതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ ആയിരത്തി ഒന്നായി. കോഴിക്കോട്ടെ അമ്മ തൊട്ടിലില്‍ ഇതുവരെ പതിനൊന്ന് കുട്ടികളാണ് എത്തിയത്. നേരത്തെ ആയിരമാതായി എത്തിയ കുഞ്ഞിന് സഹസ്ര എന്നായിരുന്നു പേരിട്ടത്. ആയിരത്തി ഒന്നാമത്തെ കുട്ടിക്ക് സഹസ്രിക എന്നാണ് പേരിട്ടിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലില്‍ എത്തിയത്. ഇതോടെ തൊട്ടിലിനോട് ചേര്‍ന്നുള്ള ബീച്ച് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാം മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സിങ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

ഈ വര്‍ഷം അമ്മത്തൊട്ടിലുകളില്‍ എത്തുന്ന പതിമൂന്നാമത്തെ കുഞ്ഞും ആറാമത്തെ പെണ്‍കുഞ്ഞുമാണ് ‘സഹസ്രിക’. കഴിഞ്ഞ ജൂണ്‍ നാലിന് ‘ഹരിതാംശ്’ എന്നു പിന്നീട് പേരിട്ട ആണ്‍കുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു. പൂര്‍ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ എന്നിവര്‍ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.