ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

കോഴിക്കോട്: ഒളിവില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കിക്ക് സാമ്പത്തികമായും ഡിജിറ്റലായും സഹായങ്ങള്‍ നല്‍കിയ കേസില്‍ ഇളയ സഹോദരന്‍ അജയ് ആയങ്കി അറസ്റ്റില്‍. ശനിയാഴ്ച അര്‍ധരാത്രി കോഴിക്കോട് നടക്കാവിലെ സ്വകാര്യ സ്ഥാപനത്തിന് സമീപത്തുവച്ചാണ് നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് അര്‍ജുന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. ഇതോടെ നിയമനടപടികള്‍ക്കും ഒളിവ് ജീവിതത്തിനുമുള്ള പണം കണ്ടെത്താന്‍ അജയ് തന്റെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ ക്രൗഡ് ഫണ്ടിങ് നടത്തി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് അര്‍ജുന്റെ അഭിഭാഷകര്‍ക്കുള്ള ഫീസും മറ്റും നല്‍കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

സാമ്പത്തിക സഹായത്തിന് പുറമെ, അര്‍ജുന്റെ ഡിജിറ്റല്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിലും അജയ് നിര്‍ണായക പങ്ക് വഹിച്ചു. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തില്‍ അര്‍ജുന്‍ പങ്കുവെച്ച പ്രകോപനപരമായ പോസ്റ്റുകള്‍ തയ്യാറാക്കിയതും പ്രചരിപ്പിച്ചതും അജയുടെ സഹായത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി.

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ താന്‍ നടത്തിയ രാജി തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഭുവനേശ്വറിലെ ജി.എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പുതിയ തലമുറയായ ജെന്‍സി നമ്മുടെ കുട്ടികളാണെന്നും എന്നാല്‍ ചിലര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങളോ മന്ത്രിസ്ഥാനത്തോടുള്ള വലിയ താത്പര്യമോ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് രാജി വെക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിദ്യാര്‍ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 25നാണ് ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞത്. രാജ്യത്ത് പ്രതിവര്‍ഷം കോടിക്കണക്കിന് കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും അവര്‍ക്ക് വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും പ്രധാന്‍ പറഞ്ഞു. എന്നാല്‍ പ്രക്ഷോഭങ്ങളുടെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍

സഹസ്രയ്ക്ക് പിന്നാലെ സഹസ്രിക; അമ്മത്തൊട്ടിലില്‍ ആയിരത്തി ഒന്ന് കുഞ്ഞുങ്ങള്‍

കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞു കൂടി എത്തിയതോടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞുങ്ങളുടെ ആയിരത്തി ഒന്നായി. കോഴിക്കോട്ടെ അമ്മ തൊട്ടിലില്‍ ഇതുവരെ പതിനൊന്ന് കുട്ടികളാണ് എത്തിയത്. നേരത്തെ ആയിരമാതായി എത്തിയ കുഞ്ഞിന് സഹസ്ര എന്നായിരുന്നു പേരിട്ടത്. ആയിരത്തി ഒന്നാമത്തെ കുട്ടിക്ക് സഹസ്രിക എന്നാണ് പേരിട്ടിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലില്‍ എത്തിയത്. ഇതോടെ തൊട്ടിലിനോട് ചേര്‍ന്നുള്ള ബീച്ച് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാം മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നഴ്‌സിങ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

ഈ വര്‍ഷം അമ്മത്തൊട്ടിലുകളില്‍ എത്തുന്ന പതിമൂന്നാമത്തെ കുഞ്ഞും ആറാമത്തെ പെണ്‍കുഞ്ഞുമാണ് ‘സഹസ്രിക’. കഴിഞ്ഞ ജൂണ്‍ നാലിന് ‘ഹരിതാംശ്’ എന്നു പിന്നീട് പേരിട്ട ആണ്‍കുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു. പൂര്‍ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ എന്നിവര്‍ ബീച്ച് ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്ന അര്‍ജുന്‍ പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും തിരച്ചില്‍ ശക്തമാക്കിയതും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് അര്‍ജുനെ പിടികൂടിയത്. കോതമംഗലം, ഊന്നുകല്‍ സ്റ്റേഷന്‍ പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം വെല്ലുവിളിച്ചു വരികയായിരുന്നു അര്‍ജുന്‍.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രകോപനം തുടർന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 മണിക്കൂര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ഒഡിഷക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 12 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.